മുംബൈ: ഐപിഎൽ സീസണിൽ കഴിച്ച ആറ് മത്സരങ്ങളിൽ നാലിലും മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടതോടെ ആരാധകർ കലിപ്പിലാണ്. പുതിയ നായകൻ ഹാർദ്ദിക് പാണ്ഡ്യയുടെ പലതീരുമാനങ്ങളും ഇതിനകം ചോദ്യംചെയ്യപ്പെട്ടു കഴിഞ്ഞു. ബാറ്റിംഗിലും ബൗളിംഗിലും മികവ് പുലർത്താൻ കഴിയാതെ വന്നതോടെ വ്യക്തിഗത മികവിലും പാണ്ഡ്യ ടീമിന് ഭാരമായി മാറിയെന്നാണ് ആരാധകർ ആരോപിക്കുന്നതിന് ഇതിനിടെ പാണ്ഡ്യയുടെ ലോകകപ്പ് മോഹങ്ങൾ തുലസിലായെന്ന റിപ്പോർട്ടും പുറത്തുവന്നുകഴിഞ്ഞു.

വെസ്റ്റ് ഇൻഡീസും അമേരിക്കയും വേദിയാവുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം സ്‌ക്വാഡിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഇടം തുലാസിലായിരിക്കുകയാണ്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായ പാണ്ഡ്യയുടെ ലോകകപ്പ് സെലക്ഷൻ ഐപിഎല്ലിൽ തുടർന്നുള്ള മത്സരങ്ങളിലെ ബൗളിങ് പ്രകടനത്തെ ആശ്രയിച്ചിരിക്കും എന്നാണ് റിപ്പോർട്ട്. ഐപിഎൽ 2024 സീസണിൽ ഇതുവരെ ബൗളിംഗിൽ തിളങ്ങാൻ ഹാർദിക് പാണ്ഡ്യക്കായിട്ടില്ല.

ലോകകപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ത്യൻ മുഖ്യ സെലക്ടർ അജിത് അഗാർക്കറും പ്രധാന കോച്ച് രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമ്മയും കഴിഞ്ഞ ആഴ്ച മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു. ഐപിഎല്ലിൽ സ്ഥിരതയോടെ പന്തെറിഞ്ഞാൽ മാത്രം ഹാർദിക് പാണ്ഡ്യയെ ലോകകപ്പ് ടീമിലെടുത്താൽ മതി എന്നാണ് മൂവരും ധാരണയിലെത്തിയിരിക്കുന്നത്. 12.00 ഇക്കോണിയിലാണ് താരം പന്തെറിയുന്നത് എന്നതാണ് സെലക്ടർമാർക്ക് വലിയ ആശങ്ക സമ്മാനിക്കുന്നത്.

ഐപിഎൽ 2024 സീസണിൽ മുംബൈ ഇന്ത്യൻസ് ഇറങ്ങിയ ആറിൽ നാല് മത്സരങ്ങളിൽ മാത്രമേ പാണ്ഡ്യ പന്തെറിഞ്ഞുള്ളൂ. ആദ്യ രണ്ട് കളികളിൽ ഗുജറാത്ത് ടൈറ്റൻസിനും സൺറൈസേഴ്സ് ഹൈദരാബാദിനും എതിരെ മുംബൈ ഇന്ത്യൻസിന്റെ ബൗളിങ് ഓപ്പൺ ചെയ്തത് പാണ്ഡ്യയായിരുന്നു. ഈ മത്സരങ്ങളിൽ മൂന്നും നാലും ഓവറുകൾ വീതം എറിഞ്ഞു. എന്നാൽ പിന്നീടുള്ള രണ്ട് കളികളിൽ പന്തെറിയാൻ തയ്യാറായില്ല. ഇതിന് ശേഷം ആർസിബിക്കെതിരെ ഒന്നും ചെന്നൈ സൂപ്പർ കിങ്സിനെതിരെ മൂന്നും ഓവറുകളാണ് ബൗളിംഗിലേക്കുള്ള മടങ്ങിവരവിൽ എറിഞ്ഞത്.

ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈയുടെ കഴിഞ്ഞ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ രണ്ട് വിക്കറ്റ് നേടിയെങ്കിലും മൂന്ന് ഓവറിൽ 43 റൺസ് വഴങ്ങി. തന്റെ അവസാന ഓവറിൽ സിഎസ്‌കെ ഫിനിഷർ എം എസ് ധോണിക്കെതിരെ ഹാട്രിക് സിക്സുകൾ വിട്ടുകൊടുത്തത് പാണ്ഡ്യക്ക് നാണക്കേടായി. ഈ ഡെത്ത് ഓവറിൽ മാത്രം 26 റൺസാണ് ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ പാണ്ഡ്യക്കെതിരെ അടിച്ചുകൂട്ടിയത്.

പാണ്ഡ്യ ബൗളിംഗിന് എത്തുമ്പോൾ എതിരാളികൾ റൺസ് ഉയർത്താനുള്ള അവസരമായാണ് കാണുന്നത്. പവർപ്ലേയിലും ഡെത്ത് ഓവറിനും പുറമെ മധ്യ ഓവറുകളിലും ഹാർദിക് പാണ്ഡ്യയെ അടിച്ച് പായിക്കുകയാണ് ബാറ്റർമാർ. ഐപിഎൽ 2024ൽ പവർപ്ലേയിലെ നാലോവറിൽ 11 ഇക്കോണമിയിൽ 44 റൺസും ആറ് മധ്യ ഓവറുകളിൽ 10.33 ഇക്കോണമിയിൽ 62 റൺസും ഒരു ഡെത്ത് ഓവറിൽ 26 ഇക്കോണമിയിൽ 26 റൺസും പാണ്ഡ്യ വിട്ടുകൊടുത്തു. ബൗളിംഗിന്റെ ഈ മൂന്ന് ഘട്ടങ്ങളിലും ഓരോ വിക്കറ്റ് വീതമേ താരത്തിന് വീഴ്‌ത്താനായുള്ളൂ.

ഐപിഎൽ 2024ൽ ആറ് കളികളിൽ 131 റൺസും മൂന്ന് വിക്കറ്റും മാത്രമേ ഹാർദിക് പാണ്ഡ്യക്കുള്ളൂ. നിർണായകമായ മത്സരത്തിൽ സിഎസ്‌കെയ്ക്കെതിരെ ബാറ്റിംഗിലാവട്ടെ ആറ് പന്തിൽ രണ്ട് റൺസേ നേടിയുള്ളൂ. രോഹിത് ക്രീസിൽ നിൽക്കെ റൺസ് ഉയർത്തേണ്ട ഘട്ടത്തിലും തുഴച്ചിൽ പതിവാക്കിയതാണ് ഹാർദിക്കിന് തിരിച്ചടിയാകുന്നത്. ആദ്യ മത്സരങ്ങളിലും താരത്തിന്റെ മെല്ലപ്പോക്ക് ടീമിന് തിരിച്ചിടിയായിരുന്നു. ഇതോടെ ഹാർദിക് പാണ്ഡ്യ ട്വന്റി 20 ലോകകപ്പ് കളിക്കുന്ന കാര്യം അവതാളത്തിലായിരിക്കുകയാണ്.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സന്തുലിതാവസ്ഥ നിലനിർത്തിയിരുന്ന പേസ് ഓൾറൗണ്ടറായ പാണ്ഡ്യ നാല് ഓവർ ക്വാട്ട എറിയാത്തത് ഇതിനകം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചുകഴിഞ്ഞു. ഹാർദിക് പാണ്ഡ്യ ഇപ്പോഴും പരിക്കിന്റെ പിടിയിലാണോ എന്ന സംശയം പല മുൻ താരങ്ങൾക്കുമുണ്ട്. രണ്ട് മത്സരങ്ങളിൽ ബൗളിങ് ഓപ്പൺ ചെയ്തിട്ടും ന്യൂബോളിൽ പാണ്ഡ്യക്ക് സ്വിങ്ങോ ഇംപാക്ടോ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. പതിവ് ശൈലിയിൽ ഹാർദിക് പാണ്ഡ്യയുടെ ബൗൺസറുകളും കട്ടറുകളും ഈ സീസണിൽ വിലപ്പോവുന്നില്ല എന്നത് വസ്തുതയാണ്. മിന്നുന്ന ഫോമിലുള്ള ശിവം ദുബെയാണ് സ്‌ക്വാഡിലെത്താനുള്ള പോരാട്ടത്തിൽ ഹാർദിക് പാണ്ഡ്യക്ക് വെല്ലുവിളിയുയർത്തുന്ന താരം. പേസ് ഓൾറൗണ്ടർ എന്ന നിലയിൽ ദുബെ ഹാർദിക്കിനേക്കാൾ ഒരുപടി മുന്നിലാണ്.