മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ ഒത്തുകളി നടക്കുന്നുവെന്നു സംശയമുയർന്നതോടെ നടപടിയുമായി ബിസിസിഐ അഴിമതി വിരുദ്ധ വിഭാഗം. രാജസ്ഥാൻ റോയൽസിന്റെ കോർപറേറ്റ് ബോക്‌സിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട വാതുവയ്പുകാരെ സ്റ്റേഡിയത്തിൽനിന്നു പുറത്താക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു. ജയ്പൂരിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലുമാണു സംശയമുയർന്നത്. സംഭവത്തിൽ രാജസ്ഥാൻ റോയൽസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

താരങ്ങളുടെ ഡ്രസിങ് റൂമിന് അടുത്തായാണ് സ്റ്റേഡിയത്തിലെ കോർപറേറ്റ് ബോക്‌സ് ഉള്ളത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. രണ്ടു സ്റ്റേഡിയങ്ങളിൽനിന്നും പിടികൂടിയ ആളുകളെ ബിസിസിഐ പൊലീസിനു കൈമാറിയിരുന്നു. മത്സരം ടിവിയിൽ കാണിക്കുമ്പോൾ കുറച്ചു സമയം വൈകുന്നതിനാൽ, വാതുവയ്പുകാരുടെ പ്രതിനിധികൾ സ്റ്റേഡിയത്തിൽ നേരിട്ട് കളി കാണാൻ എത്താറുണ്ട്. ഇന്ത്യയിൽ ബെറ്റിങ് നിയമവിരുദ്ധമാണെങ്കിലും, ഐപിഎൽ സീസണുകളിൽ കോടികൾ മറിയുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ.

ഡൽഹി കാപിറ്റൽസിനെതിരെ മാർച്ച് 28ന് ജയ്പൂരിൽ നടന്ന മത്സരത്തിലും ഏപ്രിൽ ഒന്നിന് മുംബൈ ഇന്ത്യൻസിനെതിരെ വാംഖഡേയിൽ നടന്ന മത്സരത്തിലുമാണ് സംഭവം നടന്നതെന്ന് ബിസിസിഐ വ്യക്തമാക്കി. പിടിയിലായ നാല് വാതുവയ്പുകാരെയും മുംബൈ പൊലീസിന് കൈമാറി. ഡ്രസിങ് റൂമിനടുത്താണ് കോർപ്പറേറ്റ് ബോക്സ്. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

ഈ രണ്ട് മത്സരത്തിലും രാജസ്ഥാൻ റോയൽസ് ജയിച്ചിരുന്നു. മുംബൈക്കെതിരെ ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 126 റൺസ് വിജയലക്ഷ്യം 54 റൺസുമായി പുറത്താകാതെ നിന്ന റിയാൻ പരാഗിന്റെ ബാറ്റിങ് മികവിലാണ് രാജസ്ഥാൻ അനായാസം മറികടന്നത്. ക്യാപ്റ്റൻ സഞ്ജു സാംസണും ജോഷ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ബാറ്റിംഗിൽ നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ മികവ് ഒരിക്കൽ കൂടി രാജസ്ഥാന് വിജയം സമ്മാനിച്ചു. മുംബൈക്കായി ആകാശ് മധ്വാൾ മൂന്ന് വിക്കറ്റെടുത്തു. സ്‌കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 125-9, രാജസ്ഥാൻ റോയൽസ് ഓവറിൽ 15.3 ഓവറിൽ 127-4.

ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ 12 റൺസിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ജയ്പൂർ, സവായ് മൻസിങ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 185 റൺസാണ് നേടിയത്. 45 പന്തിൽ 84 റൺസ് നേടിയ റിയാൻ പരാഗാണ് ടോപ് സ്‌കോറർ. മറുപടി ബാറ്റിംഗിൽ ഡൽഹി കാപിറ്റൽസിന് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുക്കാനാണ് സാധിച്ചത്.

2013 ൽ ഒത്തുകളി വിവാദത്തിൽപെട്ട് നാണക്കേടിലായതിനു ശേഷം ശക്തമായ മുൻകരുതലാണ് ഇക്കാര്യത്തിൽ ബിസിസിഐ എടുക്കുന്നത്. 2013ലെ കേസിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ എസ്. ശ്രീശാന്ത്, അജിത് ചാണ്ടില, അങ്കിത് ചവാൻ എന്നിവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിനൊടുവിൽ രാജസ്ഥാൻ റോയൽസിനെയും ചെന്നൈ സൂപ്പർ കിങ്‌സിനെയും ഐപിഎല്ലിൽനിന്ന് രണ്ടു വർഷത്തേക്ക് വിലക്കിയിരുന്നു. ശ്രീശാന്ത് പിന്നീട് ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയെങ്കിലും ഐപിഎല്ലിൽ അവസരം ലഭിച്ചിരുന്നില്ല.