മൊഹാലി: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിങ്സിന് 193 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട മുംബൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തു. മുല്ലാൻപൂർ, ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈക്ക് സൂര്യകുമാർ യാദവിന്റെ (53 പന്തിൽ 78) ഇന്നിങ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.

53 പന്തിൽ നിന്ന് മൂന്ന് സിക്സും ഏഴ് ഫോറുമടക്കം 78 റൺസെടുത്ത സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്‌കോറർ. പഞ്ചാബിന് വേണ്ടി ഹർഷൽ പട്ടേൽ മൂന്നും ക്യാപ്റ്റൻ സാം കറൻ രണ്ടും വിക്കറ്റ് വീഴ്‌ത്തി. മാറ്റമൊന്നുമില്ലാതെയാണ് മുംബൈ ഇറങ്ങിയത്. പഞ്ചാബ് നിരയിൽ ജോണി ബെയർ‌സ്റ്റോ കളിക്കുന്നില്ല. പകരം റിലീ റൂസ്സോ ടീമിലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് മൂന്നാം ഓവറിൽ തന്നെ ഇഷാൻ കിഷനെ (8) നഷ്ടമായി. മൂന്നാം ഓവറിൽ കഗിസോ റബാദയുടെ പന്തിൽ ഹർപ്രീത് ബ്രാറിന് ക്യാച്ച്. അപ്പോൾ സ്‌കോർബോർഡിൽ 18 റൺസ് മാത്രമാണ് ഉണ്ടായിരുന്നത്.

എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച രോഹിത് ശർമ - സൂര്യകുമാർ യാദവ് സഖ്യം സ്‌കോർ മുന്നോട്ടുനയിച്ചു. നിലയുറപ്പിച്ച ശേഷം ഇരുവരും തകർത്തടിച്ചു. 81 റൺസ് കൂട്ടിച്ചേർത്ത ഈ കൂട്ടുകെട്ട് ഒടുവിൽ 12-ാം ഓവറിൽ രോഹിത്തിനെ മടക്കി സാം കറനാണ് പൊളിച്ചത്. 25 പന്തിൽ നിന്ന് മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 36 റൺസെടുത്തായിരുന്നു ഹിറ്റ്മാന്റെ മടക്കം. പിന്നീട് തിലക വർമ - സൂര്യ സഖ്യം 49 റൺസ് ചേർത്തു.

17-ാം ഓവറിൽ സൂര്യയും കറന്റെ മുന്നിൽ കീഴടങ്ങി. മൂന്ന് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു സൂര്യയുടെ ഇന്നിങ്സ്. ഹാർദിക് പാണ്ഡ്യ (6 പന്തിൽ 10) ഒരിക്കൽ കൂടി നിരാശപ്പെടുത്തി. ടിം ഡേവിഡ് ഏഴ് പന്തിൽ 14 റൺസുമായി മടങ്ങി. റൊമാരിയോ ഷെഫേർഡിന് ഒരു റൺസെടുക്കാനാണ സാധിച്ചത്. അവസാന പന്തിൽ മുഹമ്മദ് നബി (0) റണ്ണൗട്ടായി. തിലക വർമ 18 പന്തിൽ 34 റൺസുമായി പുറത്താവാതെ നിന്നു.