- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ത്രില്ലർ പോരാട്ടത്തിൽ ഹാർദിക് പാണ്ഡ്യയെ കാഴ്ചക്കാരനാക്കി രോഹിത്
മുല്ലൻപുർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ജയപരാജയങ്ങൾ മാറിമറിഞ്ഞ ത്രില്ലർ പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനെ അവസാന ഓവറിലാണ് ഒൻപത് റൺസിന് കീഴടക്കി നിർണായകമായ രണ്ട് പോയിന്റുകൾ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഏഴു വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തപ്പോൾ, മുൻനിര തകർന്നടിഞ്ഞിട്ടും ശശാങ്ക് സിങ്ങിന്റേയും അശുതോഷ് ശർമയുടെയും തകർപ്പൻ ബാറ്റിങ്ങിൽ പഞ്ചാബ് വിജയത്തിന്റെ അടുത്തുവരെ എത്തിയതാണ്. എന്നാൽ അവസാന ഓവറിലെ ആദ്യ പന്തിൽ കഗിസോ റബാദ റൺഔട്ടായതോടെ പഞ്ചാബിന്റെ പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.
തോൽവി മുന്നിൽക്കണ്ടതോടെ പതറി എന്തുചെയ്യണമെന്നറിയാതെ നിന്ന നായകൻ ഹാർദിക് പാണ്ഡ്യയെ കാഴ്ചക്കാരനാക്കി മുംബൈ ഇന്ത്യൻസിനു വേണ്ടി അവസാന ഓവറുകളിൽ തന്ത്രങ്ങൾ ആവിഷ്‌കരിച്ചത് മുൻ ക്യാപ്റ്റൻ രോഹിത് ശർമയായിരുന്നു. അവസാന ഓവർ എറിയാൻ ഇന്ത്യൻ പേസർ ആകാശ് മഡ്‌വാളിന് രോഹിത് നിർദേശങ്ങൾ നൽകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ കാഴ്ചക്കാരനാക്കിയാണ് രോഹിത് ശർമയുടെ ഇടപെടൽ.
രോഹിത് ആകാശ് മഡ്വാളിന് നിർദേശങ്ങൾ നൽകുമ്പോൾ നോക്കിനിൽക്കുക മാത്രമാണ് ഹാർദിക് പാണ്ഡ്യ ചെയ്യുന്നത്. അവസാന ഓവറിൽ 12 റൺസായിരുന്നു പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഒൻപതു വിക്കറ്റുകൾ നഷ്ടമായ പഞ്ചാബിന്റെ പ്രതീക്ഷ ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാദയിലായിരുന്നു. എന്നാൽ ആദ്യ പന്തിൽ തന്നെ ഡബിൾ ഓടാനുള്ള റബാദയുടെ ശ്രമം പിഴച്ചു. റബാദ റൺഔട്ടായതോടെ മുംബൈ ഇന്ത്യൻസിന് 9 റൺസ് വിജയം. 19.1 ഓവറിൽ 183 റൺസ് എടുക്കാൻ മാത്രമാണു പഞ്ചാബിനു സാധിച്ചത്.
2024 സീസണിനു തൊട്ടുമുൻപാണ് രോഹിത് ശർമയെ മുംബൈ മാനേജ്‌മെന്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കിയത്. ഗുജറാത്ത് ടൈറ്റൻസ് നായകനായിരുന്ന പാണ്ഡ്യയെ കോടികൾ ചെലവാക്കി മുംബൈ ടീമിലെത്തിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ക്യാപ്റ്റൻ സ്ഥാനവും നൽകി. സീസണിന്റെ തുടക്കത്തിൽ മുംബൈ ഇന്ത്യൻസ് പരാജയങ്ങൾ ഏറ്റുവാങ്ങിയപ്പോൾ ഹാർദിക് പാണ്ഡ്യയ്‌ക്കെതിരെ വൻ വിമർശനം ഉയർന്നിരുന്നു.
ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് ആരാധകർ പാണ്ഡ്യയെ കൂകിവിളിച്ചത് നാണക്കേടായി. ആർസിബി താരം വിരാട് കോലി അടക്കം പാണ്ഡ്യയ്‌ക്കെതിരായി പ്രതിഷേധിക്കുന്ന ആരാധകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. സീസണിലെ മൂന്നാം വിജയം സ്വന്തമാക്കിയെങ്കിലും മുംബൈ ഇന്ത്യൻസിന് ഇതുവരെ പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ സാധിച്ചില്ല. ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈ ആറു പോയിന്റുമായി ഏഴാമതാണ്. നാലു കളികൾ ടീം തോറ്റു. ഗുജറാത്ത് ടൈറ്റൻസ്, പഞ്ചാബ് കിങ്‌സ്, റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമുകളാണ് മുംബൈ ഇന്ത്യൻസിനു താഴെയുള്ളത്. 22 ന് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ സവായ് മാൻ സിങ് സ്റ്റേഡിയത്തിൽവച്ചാണു മത്സരം.
തോൽവിയോടെ പഞ്ചാബ് ഒമ്പതാം സ്ഥാനത്തേക്ക് വീണു. ഏഴ് മത്സരങ്ങളിൽ നാല് പോയിന്റാണ് പഞ്ചാബിനുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മാത്രമാണ് പഞ്ചാബിന് പിന്നിലുള്ളത്. ഏഴിൽ ആറും ജയിച്ച് 12 പോയിന്റ് സ്വന്തമാക്കിയ രാജസ്ഥാൻ റോയൽസ് ഒന്നാമത് തുടരുന്നു. അവസാന മത്സരത്തിൽ രാജസ്ഥാനോട് തോറ്റ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് പോയിന്റ് പട്ടികയിൽ രണ്ടാമത്. ആറ് മത്സരങ്ങളിൽ എട്ട് പോയിന്റാണ് അവർക്കുള്ളത്. രണ്ട് മത്സരങ്ങൾ കൊൽക്കത്ത പരാജയപ്പെട്ടു.
യഥാക്രമം മൂന്നും നാലും സ്ഥാനത്തുള്ള ചെന്നൈ സൂപ്പർ കിങ്‌സ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവർക്കും എട്ട് പോയിന്റ് വീതമുണ്ട്. എന്നാൽ നെറ്റ് റൺറേറ്റ് പരിഗണിക്കുമ്പോൾ കൊൽക്കത്ത ഇരു ടീമുകളേക്കാളും ഒരു പടി മുന്നിലാണ്. മൂന്ന് ടീമുകളും ആറ് വീതം മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആറ് മത്സരങ്ങളിൽ ഇത്രയും തന്നെ പോയിന്റുള്ള ലഖ്ൗ സൂപ്പർ ജയന്റ് അഞ്ചാം സ്ഥാനത്താണ്. മൂന്ന് വീതം മത്സരങ്ങളിൽ തോൽവിയും ജയവുമാണ് ലഖ്നൗവിനുള്ളത്.
പിന്നാലെ ഡൽഹി കാപിറ്റൽസും മുംബൈയും. ഡൽഹിക്ക് ഏഴ് മത്സങ്ങളിൽ ആറ് പോയിന്റുണ്ട്. നെറ്റ് റൺറേറ്റാണ് ഡൽഹിയെ മുംബൈയുടെ മുകളിലാക്കിയത്. ഇന്നലെ മുംബൈയുടെ വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് എട്ടാം സ്ഥാനത്തേക്ക് വീണു. ഗുജറാത്തിനും ആറ് പോയിന്റുണ്ട്. അവർക്ക് പിന്നിൽ പഞ്ചാബും ആർസിബിയും.