- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് നിർദ്ദേശം; മുംബൈയ്ക്ക് എതിരെ പരാതി
മുല്ലൻപൂർ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഡിആർഎസ് വിളിക്കുന്നതിൽ ഡ്രസിങ് റൂമിൽ നിന്നുള്ള സഹായം തേടിയത് വിവാദത്തിൽ. മുംബൈ താരങ്ങൾ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. മത്സരത്തിനിടെ ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്ന മുംബൈ താരം ടിം ഡേവിഡ് ഗ്രൗണ്ടിൽ ഉള്ള താരങ്ങൾക്ക് ഡിആർഎസ് എടുക്കാൻ നിർദ്ദേശം നൽകിയതാണു വിവാദത്തിലായത്. ടിം ഡേവിഡിന്റെ നീക്കം കൃത്യമായി ദൃശ്യങ്ങളിൽ പതിയുകയും ചെയ്തു. മുംബൈ പുറത്തുനിന്നുള്ള സഹായം സ്വീകരിക്കുന്നുണ്ടെന്ന് പഞ്ചാബ് ക്യാപ്റ്റൻ സാം കറൻ ചൂണ്ടിക്കാണിച്ചെങ്കിലും അംപയർ യാതൊരു നടപടിയുമെടുത്തില്ല.
ഡിആർഎസ് ദുരുപയോഗം നടത്തിയെന്നാണ് പുതിയ ആരോപണം. ഇന്നലെ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിലാണ് സംഭവം. മുംബൈ താരം സൂര്യകുമാർ യാദവ് ബാറ്റ് ചെയ്യുമ്പോൾ 15-ാം ഓവറിൽ അർഷ്ദീപ് സിംഗിന്റെ പന്ത് വൈഡ് ലൈനിലൂടെ കടന്നുപോയി. അംപയറാവട്ടെ വൈഡ് വിളിച്ചതുമില്ല. സൂര്യകുമാർ റിവ്യൂ ചെയ്യാൻ ആവശ്യപ്പെട്ടതുമില്ല. എന്നാൽ മുംബൈ ഡഗ് ഔട്ടിൽ നിന്നും റിവ്യൂവിന് പോകാൻ നിർദ്ദേശം വന്നു.
മാർക് ബൗച്ചർ വൈഡാണെന്ന സൂചന നൽകി. മധ്യനിര താരം ടിം ഡേവിഡാവട്ടെ റിവ്യൂ ആവശ്യപ്പെടാനുള്ള സിഗ്നലും കാണിച്ചു. തുടർന്നാണ് സൂര്യകുമാർ റിവ്യൂ ആവശ്യപ്പെട്ടത്. മുംബൈയ്ക്ക് അനുകൂലമായി മൂന്നാം അമ്പയർ വൈഡും വിളിച്ചു. ഡ്രസിങ് റൂമിൽ നിന്ന് നിർദ്ദേശം വന്നതിനാൽ റിവ്യൂ അനുവദിക്കരുതെന്ന് പഞ്ചാബ് നായകൻ സാം കറൻ അംപയറോട് ആവശ്യപ്പെട്ടു. എന്നാൽ അംപയർ കറന്റെ ആവശ്യം തള്ളി.
മത്സരത്തിന്റെ 15ാം ഓവറിലായിരുന്നു സംഭവം. ഈ സമയത്ത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യൻസ്. ഡിആർഎസ് എടുക്കുന്നതിനായി രണ്ടു വട്ടമാണ് ടിം ഡേവിഡ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു നിർദ്ദേശം നൽകിയത്. ടിവിയിൽ റീപ്ലേ കണ്ട ശേഷമാണ് മുംബൈ ഡഗ് ഔട്ടിൽനിന്ന് ടിം ഡേവിഡ് ഗ്രൗണ്ടിലുള്ള താരങ്ങളെ സഹായിച്ചതെന്നാണു വിവരം. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പഞ്ചാബ് ബോളർ എറിഞ്ഞത് വൈഡാണെന്ന് അംപയർ വിധിച്ചു.
പഞ്ചാബ് ക്യാപ്റ്റൻ പരാതിപ്പെട്ടിട്ടുപോലും അംപയർ തീരുമാനത്തിൽനിന്നു പിന്മാറിയില്ലെന്ന് ആരാധകർ സമൂഹമാധ്യമത്തിൽ വിമർശിച്ചു. മുംബൈയെ സഹായിക്കാനുള്ള ബോധപൂർവമായ നീക്കമാണിതെന്നും ആരോപണമുയർന്നു. വൈഡിന്റെ സാങ്കേതികതയെച്ചൊല്ലിയും വിവാദം പുകയുകയാണ്. ഐപിഎല്ലിലെ അംപയറിങ് നിലവാരത്തെ ചോദ്യം ചെയ്ത് ഓസ്ട്രേലിയ മുൻ ക്രിക്കറ്റ് താരം ടോം മൂഡിയും രംഗത്തെത്തി. മത്സരം നിയന്ത്രിക്കുന്ന തേർഡ് അംപയർക്ക് ഇക്കാര്യത്തിൽ അനുഭവപരിചയം ഉണ്ടായിരിക്കണമെന്ന് ടോം മൂഡി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ മുംബൈ ജയിച്ചിരുന്നു. ത്രില്ലറിൽ ഒമ്പത് റൺസിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് അടിച്ചെടുത്തത്. 53 പന്തിൽ 78 റൺസ് നേടിയ സൂര്യകുമാർ യാദവാണ് ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗിൽ പഞ്ചാബ് 19.1 ഓവറിൽ 183ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ജസ്പ്രിത് ബുമ്ര, ജെറാൾഡ് കോട്സ്വീ എന്നിവരാണ് പഞ്ചാബിനെ ഒതുക്കിയത്.
ഐപിഎൽ സീസണിലുടനീളം മുംബൈ ഇന്ത്യൻസിനെ സംബന്ധിച്ചിടത്തോളം സുഖകരമായ കാര്യങ്ങളല്ല നടക്കുന്നത്. രോഹിത് ശർമയെ നായക സ്ഥാനത്ത് നിന്ന് മാറ്റി ഹാർദിക് പാണ്ഡ്യയെ കൊണ്ടുവന്നപ്പോൾ മുതൽ തുടങ്ങിയാണ് പ്രശ്നങ്ങൾ. ടൂർണമെന്റ് തുടങ്ങിയത് മുതൽ ഹാർദിക്കിന് കൂവലും പരിഹാസവുമുണ്ട്.