മുംബൈ: ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച മുംബൈ ഇന്ത്യൻസ് ബാറ്റർ ടിം ഡേവിഡിനും ബാറ്റിങ് പരിശീലകൻ കിറോൺ പൊള്ളാർഡിനും പിഴ ചുമത്തി. മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ ചുമത്തിയത്. വ്യാഴാഴ്ച നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയുള്ള നടപടിയാണ് ഇരുവർക്കുമെതിരെ പിഴ ചുമത്തുന്നതിലേക്കെത്തിച്ചത്.

പഞ്ചാബിനെതിരായ മത്സരത്തിൽ മുംബൈ ബാറ്റ് ചെയ്യുന്നതിനിടെയാണ് നടപടിക്കാധാരമായ സംഭവം നടന്നത്. 15-ാം ഓവർ എറിഞ്ഞ അർഷ്ദീപിന്റെ അവസാന പന്ത് ഒരു വൈഡ് യോർക്കറായിരുന്നു. സൂര്യകുമാർ യാദവായിരുന്നു ബാറ്റ് ചെയ്തിരുന്നത്. അമ്പയർ വൈഡ് നൽകിയില്ല. എന്നാൽ ടി.വി.ക്യാമറകൾ ഇത് വൈഡ് ആണെന്ന് കാണിച്ചിരുന്നു.

ഇതിനിടെ ടിം ഡേവിഡും കിറോൺ പൊള്ളാർഡും റിവ്യൂ നൽകുന്നതിന് സൂര്യകുമാർ യാദവിന് ആക്ഷൻ കാണിച്ചു. തുടർന്നാണ് സൂര്യകുമാർ റിവ്യൂ ആവശ്യപ്പെട്ടത്. തേർഡ് അമ്പയർ പരിശോധിച്ച ശേഷം ഇത് വൈഡാണെന്ന് വ്യക്തമാക്കുകയും ചെയ്തു

കളിക്കാർക്കും ടീം ഒഫീഷ്യൽസിനും വേണ്ടിയുള്ള ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ആർട്ടിക്കിൾ 2.15 (ബി) പ്രകാരം റിവ്യൂ നൽകുന്നതിന് പുറത്ത് നിന്ന് സഹായം തേടുന്നത് തെറ്റാണ്. ഇതാണ് ടിം ഡേവിഡിനും പൊള്ളാർഡിനുമെതിരെ നടപടിയെടുക്കാൻ കാരണമായതെന്നാണ് വ്യക്തമാകുന്നത്.

മത്സരത്തിനിടെ ഡഗ് ഔട്ടിൽ ഇരിക്കുകയായിരുന്ന മുംബൈ താരം ടിം ഡേവിഡ് ഗ്രൗണ്ടിൽ ഉള്ള താരങ്ങൾക്ക് ഡിആർഎസ് എടുക്കാൻ നിർദ്ദേശം നൽകിയതാണു വിവാദത്തിലായത്. ടിം ഡേവിഡിന്റെ നീക്കം കൃത്യമായി ദൃശ്യങ്ങളിൽ പതിയുകയും ചെയ്തു. മുംബൈ പുറത്തുനിന്നുള്ള സഹായം സ്വീകരിക്കുന്നുണ്ടെന്ന് പഞ്ചാബ് ക്യാപ്റ്റൻ സാം കറൻ ചൂണ്ടിക്കാണിച്ചെങ്കിലും അംപയർ ഇടപെട്ടിരുന്നില്ല.

ടിം ഡേവിഡ് ആംഗ്യം കാണിച്ചതിനു പിന്നാലെ മുംബൈ വൈഡിനു വേണ്ടി ഡിആർഎസ് എടുക്കുകയും ചെയ്തു. ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പഞ്ചാബ് ബോളർ എറിഞ്ഞത് വൈഡാണെന്ന് അംപയർ വിധിച്ചു. മത്സരത്തിന്റെ 15ാം ഓവറിലായിരുന്നു സംഭവം. ഈ സമയത്ത് രണ്ടു വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലായിരുന്നു മുംബൈ ഇന്ത്യൻസ്. ഡിആർഎസ് എടുക്കുന്നതിനായി രണ്ടു വട്ടമാണ് ടിം ഡേവിഡ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു നിർദ്ദേശം നൽകിയത്. ടിവിയിൽ റീപ്ലേ കണ്ട ശേഷമാണ് മുംബൈ ഡഗ് ഔട്ടിൽനിന്ന് ടിം ഡേവിഡ് ഗ്രൗണ്ടിലുള്ള താരങ്ങളെ സഹായിച്ചതെന്നാണു വിവരം.

പഞ്ചാബ് ക്യാപ്റ്റൻ പരാതിപ്പെട്ടിട്ടുപോലും അംപയർ തീരുമാനത്തിൽനിന്നു പിന്മാറിയില്ലെന്ന് ആരാധകർ സമൂഹമാധ്യമത്തിൽ വിമർശിച്ചു. മുംബൈയെ സഹായിക്കാനുള്ള ബോധപൂർവമായ നീക്കമാണിതെന്നും ആരോപണമുയർന്നു. വൈഡിന്റെ സാങ്കേതികതയെച്ചൊല്ലിയും വിവാദം പുകയുകയാണ്. ഐപിഎല്ലിലെ അംപയറിങ് നിലവാരത്തെ ചോദ്യം ചെയ്ത് ഓസ്‌ട്രേലിയ മുൻ ക്രിക്കറ്റ് താരം ടോം മൂഡിയും രംഗത്തെത്തി. മത്സരം നിയന്ത്രിക്കുന്ന തേർഡ് അംപയർക്ക് ഇക്കാര്യത്തിൽ അനുഭവപരിചയം ഉണ്ടായിരിക്കണമെന്ന് ടോം മൂഡി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

പഞ്ചാബ് കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ മുല്ലൻപൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഒൻപതു റൺസ് വിജയമാണു സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത് 192 റൺസ് നേടിയ മുംബൈ, ബോളിങ്ങിൽ വെറും 14 റൺസിനിടെ പഞ്ചാബിന്റെ ആദ്യ 4 വിക്കറ്റുകൾ പിഴുതു. ശശാങ്ക് സിങ്ങിന്റെയും അശുതോഷ് ശർമയുടെയും തകർപ്പൻ ബാറ്റിങ്ങിൽ പഞ്ചാബ് കളി പിടിക്കുമെന്നു തോന്നിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അഞ്ചു പന്തുകൾ ശേഷിക്കെ പഞ്ചാബ് ഓൾ ഔട്ടാകുകയായിരുന്നു.