മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം സീസണിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് അവസാനം കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ജയിച്ച് തിരിച്ചുവരവിന്റെ പാതയിലാണ്. ചെന്നൈ സൂപ്പർ കിങ്‌സിനോട് ഇരുപത് റൺസിന് പരാജയപ്പെട്ടെങ്കിലും പഞ്ചാബ് കിങ്‌സിനെതിരെ നേടിയ ജയം ടീമിന് ആത്മവിശ്വാസം നൽകുന്നുണ്ട്. എന്നാൽ ടീമിലെ പടലപ്പിണക്കങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയാണ് മുംബൈ ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്.

രോഹിത് ശർമയെ മാറ്റിയ ഹാർദിക് പാണ്ഡ്യയെ നായകനാക്കിയപ്പോൾ മുതൽ മുംബൈ ടീമിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രോഹിത് ആരാധകരെല്ലാം മുംബൈ ടീമിന് എതിരായപ്പോൾ പല ആരാധകരും ടീമിനെ അൺഫോളോ ചെയ്യുകയും ചെയ്തു. മുംബൈ ടീമിനുള്ളിൽ ഹാർദിക്കിന് വലിയ പിന്തുണയും ലഭിച്ചില്ല.

ഇതോടെ ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ മുംബൈ തോൽക്കുകയും ചെയ്തു. എന്നാൽ ടീം മാനേജ്മെന്റിന്റേയും സീനിയർ താരങ്ങളുടേയും ഇടപെടൽ മൂലം മുംബൈ ടീമിലെ പ്രശ്നങ്ങൾ പരിഹരിച്ച് വരികയായിരുന്നു. ടീം പതിയെ വിജയ വഴിയിൽ തിരിച്ചെത്തിയതോടെ മുംബൈ ടീമിലെ പ്രശ്നങ്ങൾക്ക് ഏറെക്കുറെ പരിഹാരമായെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ മുംബൈ ടീമിനുള്ളിൽ പുതിയ പ്രശ്നങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.

മുംബൈ ടീമിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന മുഹമ്മദ് നബിയുടേയും ജസ്പ്രീത് ബുമ്രയുടേയും തുറന്ന് പറച്ചിലുകളാണ് പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുന്നത്. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന് ശേഷമാണ് ബുമ്ര ഹാർദിക്കിനെതിരേ പരോക്ഷമായി വിമർശനം ഉന്നയിച്ചിരിക്കുന്നത്. പവർപ്ലേയിൽ പന്തെറിയാനാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്നാണ് ഹാർദിക് പറയുന്നത്. നേരത്തെ രോഹിത് ക്യാപ്റ്റനായിരിക്കെ മുംബൈയുടെ ഓപ്പണിങ് ബൗളറായിരുന്നു ബുമ്ര. തുടക്കത്തിൽ തന്നെ എതിരാളികളുടെ വിക്കറ്റുകൾ വീഴ്‌ത്തി സമ്മർദ്ദത്തിലാക്കാൻ മികവുണ്ടായിട്ടും ബുമ്രയെ പവർപ്ലേയിൽ നിന്നും മാറ്റി നിർത്തുന്നത് ടീമിന് തിരിച്ചടിയായിരുന്നു.

ഹാർദിക് നായകനായതോടെ പവർപ്ലേയിൽ ഒരോവർ മാത്രമായി ബുമ്രയെ ഒതുക്കി. നാലാം ഓവറിലേക്ക് ബുംറ ഹാർദിക്കിനെ തഴയുന്ന സാഹചര്യവും ഉണ്ടായി. എന്നാൽ അവസാന മത്സരങ്ങളിലെല്ലാം രണ്ടാം ഓവറിൽ ബുമ്രക്ക് ബൗളിങ് നൽകിയിട്ടുണ്ട്. പക്ഷെ പവർപ്ലേയിൽ ഒരോവർ മാത്രമാണ് ഹാർദിക് ബുമ്രക്ക് നൽകുന്നത്. ഇതിൽ സ്റ്റാർ ബൗളർക്ക് അതൃപ്തിയുണ്ട്. ബുമ്രയെ മധ്യ ഓവറിലേക്കും ഡെത്തോവറിലേക്കും ഉപയോഗിക്കാനാണ് ഹാർദിക്കിന് താൽപര്യം.

മികച്ച ബൗളിങ് പ്രകടനത്തോടെ ബുമ്ര കൈയടി വാങ്ങുന്നുമുണ്ട്. നിലവിൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് ബുമ്ര. എന്നാൽ മുംബൈ ടീമിനുള്ളിൽ ബുമ്ര സന്തോഷവാനല്ലെന്നതാണ് പ്രതികരണത്തിൽ നിന്ന് വ്യക്തമാവുന്നത്. രോഹിത് - ഹാർദിക് ബന്ധം മെച്ചപ്പെട്ട് വരികെയാണ് ബുമ്ര ഹാർദിക്കിനെതിരേ എത്തിയിരിക്കുന്നത്. ഇത് മുംബൈ ടീമിനുള്ളിൽ പുതിയ പൊട്ടിത്തെറിക്ക് കാരണമാവുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

മുഹമ്മദ് നബിയും പഞ്ചാബിനെതിരായ മത്സരത്തിന് ശേഷമാണ് ഹാർദിക്കിന്റെ കീഴിൽ കളിക്കുന്നതിലുള്ള അതൃപ്തി പരസ്യമാക്കിയത്. പഞ്ചാബിനെതിരേ നബി പ്ലേയിങ് 11ൽ ഉണ്ടായിരുന്നെങ്കിലും ഒരോവർ പോലും പന്തെറിഞ്ഞിരുന്നില്ല. ഇതിനെ ചോദ്യം ചെയ്ത് ഒരു ആരാധകൻ പങ്കുവെച്ച പോസ്റ്റ് ഉൾപ്പെടുത്തിയാണ് നബി ഹാർദിക്കിനോടുള്ള അതൃപ്തി വ്യക്തമാക്കിയത്.

'ചില നായകന്മാരുടെ തീരുമാനങ്ങൾ വിചിത്രമായതും അത്ഭുതപ്പെടുത്തുന്നതുമാണ്. എന്തുകൊണ്ടാണ് മുഹമ്മദ് നബിയെക്കൊണ്ട് പന്തെറിയിപ്പിക്കാത്തത്?' എന്നായിരുന്നു ആരാധകന്റെ പോസ്റ്റ്. ഇതാണ് നബി തന്റെ പോസ്റ്റിൽ ഉൾപ്പെടുത്തി ആരാധകരുമായി പങ്കുവെച്ചത്. ഓൾറൗണ്ടറായ നബിയെ മുംബൈ വേണ്ടവിധം ഉപയോഗിക്കുന്നില്ല. കഴിഞ്ഞ മത്സരങ്ങളിൽ ഓപ്പണിങ് ബൗളറായി നബിയെ ഉപയോഗിച്ചിരുന്നു. എന്നാൽ ഒരോവറിന് ശേഷം പിന്നീട് അദ്ദേഹത്തിന് ഓവർ നൽകിയിട്ടില്ല.

ഇതിൽ നബിക്ക് അതൃപ്തിയുണ്ട്. പഞ്ചാബിനെതിരായ മത്സരശേഷം നബി പങ്കുവെച്ച പോസ്റ്റ് വലിയ ചർച്ചയായി. അബദ്ധം മനസ്സിലായതോടെ നിമിഷങ്ങൾക്കകം ഇതു നീക്കം ചെയ്തു. അപ്പോഴേക്കും സ്‌ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചു കഴിഞ്ഞിരുന്നു. വിവാദം കത്തിയതോടെ നബി ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാൽ മുംബൈ ടീമിനുള്ളിൽ പ്രശ്നങ്ങൾ ഇപ്പോഴുമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് നബിയുടേയും ബുമ്രയുടേയും പ്രതികരണങ്ങൾ.

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ സ്പിന്നറായ മുഹമ്മദ് നബിക്ക് പന്തെറിയാൻ അവസരം ലഭിച്ചിരുന്നില്ല. ഇതാണ് ഇജാസ് അസീസി എന്ന ആരാധകനെ പ്രകോപിപ്പിച്ചത്. പഞ്ചാബിനെതിരെ ബാറ്റിങ്ങിൽ തിളങ്ങാൻ താരത്തിനു സാധിച്ചിരുന്നില്ല. ബാറ്റിങ്ങിന് ഇറങ്ങിയതിനു തൊട്ടുപിന്നാലെ നബി റൺഔട്ടാകുകയായിരുന്നു. പഞ്ചാബിന്റെ മറുപടി ബാറ്റിങ്ങിൽ കഗിസോ റബാദ റൺഔട്ടായത് നബിയുടെ ത്രോയിലായിരുന്നു. റബാദ പുറത്തായതോടെ മുംബൈ മത്സരം ഒൻപതു റൺസിനു വിജയിക്കുകയും ചെയ്തു.

ഇജാസ് അസീസി07 എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വിമർശന പോസ്റ്റാണ് നബി അറിയാതെ പങ്കുവെച്ചത്. ഇയാളുടെ അക്കൗണ്ടിൽ ഈ പോസ്റ്റ് ഇപ്പോഴുമുണ്ട്. ഇന്നലെ പഞ്ചാബിനെതിരായ മത്സരത്തിൽ നബിക്ക് ഒരോവർ പോലും ബൗൾ ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. ടീമിലെ മറ്റൊരു സ്പിന്നറായ ശ്രേയസ് ഗോപാൽ രണ്ടോവർ പന്തെറിഞ്ഞ് 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോൾ പേസർമാരായ ആകാശ് മധ്വാൾ 3.1 ഓവറിൽ 46 റൺസും റൊമാരിയോ ഷെപ്പേർഡ് രണ്ടോവറിൽ 20 റൺസും വഴങ്ങിയിട്ടും നബിക്ക് ഒരോവർ പോലും നൽകാതിരുന്ന ഹാർദ്ദിക്കിന്റെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ പതിവിൽ നിന്ന് വ്യത്യസ്തമായി നാലോവർ ഹാർദ്ദിക് തന്നെ എറിഞ്ഞതിനാൽ മുംബൈക്ക് നബിയെ ഉപയോഗിക്കേണ്ടിവന്നിരുന്നില്ല.

മത്സരത്തിൽ അവസാന ഓവറിൽ പഞ്ചാബിന് ജയിക്കാൻ 12 റൺസ് വേണ്ടപ്പോൾ കാഗിസോ റബാഡയെ റണ്ണൗട്ടാക്കിയത് നബിയുടെ ത്രോ ആയിരുന്നു. അവസാനം തകർത്തടിച്ച് മുംബൈയെ ആശങ്കയിലാഴ്‌ത്തിയ അശുതോഷ് ശർമയുടെയും ഹർപ്രീത് ബ്രാറിന്റെയും നിർണായക ക്യാച്ചുകളെടുത്തും നബി ഫീൽഡിംഗിൽ തിളങ്ങയിരുന്നു. മുംബൈ ഇന്നിങ്‌സിൽ ബാറ്റിംഗിനിറങ്ങിയെങ്കിലും റണ്ണെടുക്കും മുമ്പ് നബി റണ്ണൗട്ടായി.

ഏഴ് മത്സരത്തിൽ നിന്ന് 3 ജയം മാത്രം നേടിയ മുംബൈക്ക് വരുന്ന മത്സരങ്ങളെല്ലാം വളരെ നിർണ്ണായകമാണ്. അല്ലാത്ത പക്ഷം മുംബൈക്ക് പ്ലേ ഓഫിലേക്കെത്താനാവില്ല. ഈ സാഹചര്യത്തിൽ ടീമിനുള്ളിലെ പുതിയ പ്രശ്നങ്ങൾ മുംബൈയെ പിന്നോട്ടടിക്കുമോയെന്ന ആശങ്കയാണ് ആരാധകർ ഉയർത്തുന്നത്. എന്തായാലും മുംബൈ ടീമിൽ കാര്യങ്ങൾ അത്ര സുഖകരമല്ലെന്ന് വ്യക്തം.