ന്യൂഡൽഹി: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഡൽഹി കാപിറ്റൽസിന് 267 റൺസിന്റെ കൂറ്റൻ വിജയക്ഷ്യം. ഡൽഹി, അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് ട്രാവിസ് ഹെഡിന്റെ (32 പന്തിൽ 89) തകർപ്പൻ അർധ സെഞ്ചുറിയുടെ കരുത്തിലാണ് കൂറ്റൻ സ്‌കോർ പടുത്തുയർത്തിയത്. ഷഹ്ബാസ് അഹ്‌മ്മദ് (29 പന്തിൽ 59), അഭിഷേക് ശർമ (12 പന്തിൽ 46) നിർണായ പ്രകടനം പുറത്തെടുത്തു. ഡൽഹിക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റെടുത്തു.

നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 266 റൺസ് നേടിയത്. 32 പന്തിൽ 89 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ ട്രാവിസ് ഹെഡാണ് അവരുടെ ടോപ് സ്‌കോറർ. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത ഡൽഹി ക്യാപ്റ്റൻ ഋഷഭ് പന്തിനെ തീർത്തും നിരാശനാക്കിക്കൊണ്ടാണ് സൺറൈസേഴ്‌സ് ഓപ്പണർമാർ ബാറ്റിങ് ആരംഭിച്ചത്. ആദ്യ 5 ഓവറുകളിൽ 103 റൺസ് അടിച്ചുകൂട്ടിയ ഹൈദരാബാദ് താരങ്ങൾ പവർപ്ലേയിൽ 125 റൺസാണ് സ്വന്തമാക്കിയത്!

രണ്ടും ഐപിഎലിലെ റെക്കോർഡ് സ്‌കോറാണ്. ഇതിനിടെ കേവലം 16 പന്തിൽനിന്ന് ട്രാവിസ് ഹെഡ് അർധ സെഞ്ചറി കണ്ടെത്തിയിരുന്നു. ടോസ് നഷ്ടമായിട്ടും മിന്നുന്ന തുടക്കമാണ് ഹെഡ് - അഭിഷേക് സഖ്യം ഹൈദരാബാദിന് നൽകിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 131 റൺസ് കൂട്ടിചേർത്തു. അതും 6.1 ഓവറിൽ.

ബാറ്റിങ് വിസ്‌ഫോടനം തീർത്ത അഭിഷേക് ശർമയെ പുറത്താക്കി കുൽദിപ് യാദവാണ് ആദ്യ വിക്കറ്റ് പാർട്‌നർഷിപ് 131 റൺസിൽ അവസാനിപ്പിച്ചത്. 383 സ്‌ട്രൈക്ക് റേറ്റിൽ, കേവലം 12 പന്തിൽനിന്ന് 46 റൺസ് നേടിയാണ് അഭിഷേക് പുറത്തായത്. 2 ഫോറും 6 സിക്‌സുമാണ് താരം അടിച്ചുകൂട്ടിയത്. അതേ ഓവറിന്റെ അവസാന പന്തിൽ എയ്ഡൻ മാർക്രത്തെ (1) പുറത്താക്കി കുൽദീപ് രണ്ടാം പ്രഹരമേൽപ്പിച്ചു.

തന്റെ തൊട്ടടുത്ത ഓവറിൽ കുൽദീപ് തന്നെ അപകടകാരിയായ ഹെഡിനേയും മടക്കി. 32 പന്തിൽ 11 ഫോറും 6 സിക്‌സും സഹിതം 89 റൺസാണ് താരം അടിച്ചെടുത്തത്. ഹെന്റിച് ക്ലാസന് (8 പന്തിൽ 15) വലിയ പ്രകടനം പുറത്തെടുക്കാനാവാഞ്ഞതോടെ സൺറൈസേഴ്‌സിന്റെ റൺറേറ്റ് ഇടിഞ്ഞു. 8ാം ഓവറിൽ 150 പിന്നിട്ട ടീം സ്‌കോർ 15ാം ഓവറിലാണ് 200 കടന്നത്.

27 പന്തിൽ 37 റൺസ് നേടിയ നിതീഷ് കുമാർ റെഡ്ഡിയെ കുൽദീപ് വാർണറുടെ കൈകളിലെത്തിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച ഷഹബാസ് അഹമ്മദ് (29 പന്തിൽ 59*) ടീം സ്‌കോർ 250 കടത്തി. നായകൻ പാറ്റ് കമിൻസ് 1 റൺസുമായി പുറത്തായി. ഡൽഹിക്കു വേണ്ടി കുൽദീപ് നാലും മുകേഷ് കുമാർ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.