കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 223 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത 20-ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. ഫിലിപ് സാൾട്ടും ശ്രേയസ് അയ്യരും കൊൽക്കത്തയ്ക്കായി തിളങ്ങി. 36 പന്തിൽ 50 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണു കൊൽക്കത്തയുടെ ടോപ് സ്‌കോറർ.

പതിവുപോലെ വെടിക്കെട്ടോടെയാണ് കൊൽക്കത്ത മത്സരം തുടങ്ങിയത്. സാധാരണ സുനിൽ നരെയ്നാണ് തകർത്തടിച്ച് തുടങ്ങാറുള്ളതെങ്കിൽ ഇക്കുറി ഫിലിപ് സാൾട്ടാണ് ആ റോൾ ഏറ്റെടുത്തത്. മികച്ച തുടക്കം ലഭിച്ച കൊൽക്കത്ത പവർ പ്ലേയിൽ (ആറ് ഓവറുകൾ) 75 റൺസാണ് അടിച്ചെടുത്തത്. 14 പന്തുകളിൽ മൂന്ന് സിക്‌സറുകൾ അടക്കം ബൗണ്ടറി കടത്തി 48 റൺസെടുത്ത ഫിൽ സോൾട്ടാണ് തുടക്കത്തിൽ കൊൽക്കത്തയ്ക്ക് മേധാവിത്തം നൽകിയത്.

പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പേസർ മുഹമ്മദ് സിറാജിനെ ഇന്നിങ്സിലെ ആദ്യ ഓവറിൽ സിക്സിനും ഫോറിനും പറത്തിയാണ് കെകെആർ ഓപ്പണർ ഫിൽപ് സാൾട്ട് തുടങ്ങിയത്. നാലാം ഓവറിൽ ലോക്കീ ഫെർഗ്യൂസനിനെ രണ്ട് സിക്സറും നാല് ഫോറിനും പറത്തി 28 റൺസുമായി സാൾട്ട് ടോപ് ഗിയറിലായി.

ആദ്യ നാലോവറിൽ തന്നെ കൊൽക്കത്ത സ്‌കോർ അമ്പത് കടന്നു. എന്നാൽ അഞ്ചാം ഓവറിൽ ഫിലിപ് സാൾട്ടിനെ പുറത്താക്കി സിറാജ് തിരിച്ചടിച്ചു. 14-പന്തിൽ നിന്ന് ഏഴ് ഫോറുകളും മൂന്ന് സിക്സുകളും ഉൾപ്പെടെ 48 റൺസെടുത്താണ് സാൾട്ട് മടങ്ങിയത്.

യഷ് ദയാൽ എറിഞ്ഞ ആറാം ഓവറിൽ നരെയ്നും മൂന്നാമനായി ഇറങ്ങിയ രഘുവൻഷിയും പുറത്തായതോടെ കൊൽക്കത്ത പ്രതിരോധത്തിലായി. 15 പന്തിൽ നിന്ന് 10 റൺസ് മാത്രമാണ് നരെയ്നെടുക്കാനായത്. രഘുവൻഷി മൂന്ന് റൺസെടുത്തു. പിന്നീടിറങ്ങിയ വെങ്കടേഷ് അയ്യരും ശ്രേയസ് അയ്യരും ചേർന്ന് സ്‌കോറുയർത്തി. എട്ട് പന്തിൽ നിന്ന് 16-റൺസെടുത്ത വെങ്കടേഷ് അയ്യരുടെ വിക്കറ്റാണ് പിന്നീട് കൊൽക്കത്തയ്ക്ക് നഷ്ടമായത്.

16-പന്തിൽ നിന്ന് 24-റൺസെടുത്ത റിങ്കു സിങ്ങും ടീം സ്‌കോറുയർത്തി. മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ശ്രദ്ധയോടെ ബാറ്റേന്തിയ നായകൻ ശ്രേയസ് അയ്യരേയാണ് ഈഡനിൽ കാണാനായത്. അവസാന ഓവറുകളിൽ തകർത്തടിച്ച കൊൽക്കത്ത നായകൻ അർധസെഞ്ചുറി തികച്ചു.

കൂടുതൽ അപകടം വിതയ്ക്കും മുമ്പേ ശ്രേയസ് അയ്യരെ ഗ്രീൻ കൂടാരം കയറ്റി. 36-പന്തിൽ നിന്ന് 50-റൺസാണ് കൊൽക്കത്ത നായകന്റെ സമ്പാദ്യം. അയ്യരുടെ പുറത്താകലിനു ശേഷം ആന്ദ്രെ റസ്സൽ രമൺദീപ് സഖ്യം കൈകോർത്തതോടെ കൊൽക്കത്ത 200 കടന്നു. ഒൻപതു പന്തുകളിൽ 24 റൺസുമായി രമൺദീപും, 20 പന്തിൽ 27 റൺസെടുത്ത് റസ്സലും പുറത്താകാതെനിന്നു.

നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ കെ.കെ.ആർ 222 റൺസെടുത്തു. ബെംഗളൂരുവിനായി കാമറൂൺ ഗ്രീനും യഷ് ദയാലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. മുഹമ്മദ് സിറാജ്, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.