ജയ്പൂർ: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ സഹതാരങ്ങളായ വിക്കറ്റ് കീപ്പർ ബാറ്റർമാരുമായി മത്സരിക്കുന്നില്ലെന്നും വ്യക്തിഗതമായ തന്റെ പ്രകടനത്തിലാണ് ശ്രദ്ധ കൊടുക്കുന്നതെന്നും തുറന്നുപറഞ്ഞ് മലയാളി താരവും രാജസ്ഥാൻ റോയൽസ് നായകനുമായി സഞ്ജു സാംസൺ.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിൽ ഇന്ന് ഏറ്റുമുട്ടാനിരിക്കെയാണ് മുംബൈ ഇന്ത്യൻസ് വിക്കറ്റ് കീപ്പർ ഇഷാൻ കിഷനുമായി യാതൊരു മത്സരവുമില്ലെന്ന് സഞ്ജു തുറന്നു പറഞ്ഞത്. ഇഷാൻ കിഷനോട് തനിക്ക് ബഹുമാനം മാത്രമെയുള്ളൂവെന്നും സഞ്ജു സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

ഇഷാൻ കിഷനോട് എനിക്ക് ബഹുമാനം മാത്രമെയുള്ളു. ഇഷാൻ മികച്ച കീപ്പറും ബാറ്ററും ഫീൽഡറുമാണ്. എനിക്ക് എന്റേതായ കരുത്തും ദൗർബല്യങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ആരോടും മത്സരിക്കാറില്ല. രാജ്യത്തിനായി കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും എന്നോട് തന്നെയാണ് എന്റെ മത്സരം. ഒരു ടീമിലെ രണ്ട് കളിക്കാർ പരസ്പരം മത്സരിക്കുന്നത് ആരോഗ്യപരമായ സമീപനമല്ലെന്നും സഞ്ജു പറഞ്ഞു.

ഐപിഎല്ലിന് പിന്നാലെ ട്വന്റി 20 ലോകകപ്പ് നടക്കുന്നതിനാൽ ഐപിഎൽ ലോകകപ്പ് ടീം സെലക്ഷനുള്ള ഓഡീഷനാകുമെന്നാണ് കരുതുന്നത്. ഐപിഎല്ലിലെ മിന്നുന്ന പ്രകടനങ്ങൾ യുവതാരങ്ങളിൽ പലർക്കും ലോകകപ്പ് ടീമിലേക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കപ്പടുന്നത്. ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് സഞ്ജുവും റിഷഭ് പന്തും കെ എൽ രാഹുലും ജിതേഷ് ശർമയുമെല്ലാം മത്സരരംഗത്തുണ്ട്.

റൺവേട്ടയിൽ മുന്നിലുള്ള സഞ്ജുവിനെ ലോകകപ്പ് ടീമിലെടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും പരിചയസമ്പത്തും ഇടം കൈയൻ ബാറ്ററാണെന്നതും കണക്കിലെടുത്ത് റിഷഭ് പന്തിനെ ടീമുലെടക്കുണമെന്നും ആവശ്യമുയരുന്നുണ്ട്. അതിനിടെ സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തി ലോകകപ്പ് ടീമിലെത്താനുള്ള മത്സരത്തിൽ കെ എൽ രാഹുലും രംഗത്തുണ്ട്. രഞ്ജി ട്രോഫി കളിക്കാത്തതിന്റെ പേരിൽ ബിസിസിഐ കരാറ് നഷ്ടമായ ഇഷാൻ കിഷനാകട്ടെ ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളിലൂടെ വീണ്ടും സെലക്ടർമാരുടെ ഗുഡ് ബുക്കിൽ ഇടം നേടാനുള്ള ശ്രമത്തിലുമാണ്.