ഡഗൗട്ടിൽ ഫോർത്ത് അമ്പയറോടു കയർത്ത് ഗംഭീർ
- Share
- Tweet
- Telegram
- LinkedIniiiii
കൊൽക്കത്ത: റോയൽ ചലഞ്ചേഴ്സ് ബംഗളുരുവിനെതിരായ മത്സരത്തിനിടെ ഡഗൗട്ടിൽ ഫോർത്ത് അമ്പയറോടു ചൂടായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മെന്ററായ ഗൗതം ഗംഭീർ. അവസാന രണ്ട് ഓവറുകൾ ശേഷിക്കെ അമ്പയറുടെ ഇടപെടലാണ് ഗംഭീറിനെ പ്രകോപിപ്പിച്ചത്.
ഗ്രൗണ്ടിൽ വച്ച് ദേഷ്യം പിടിച്ച് എതിർ താരങ്ങളോടും മറ്റും ചൂടാവുന്ന ഗൗതം ഗംഭീറിർ ഇത്തവണ കലിപ്പ് തീർത്തത് അമ്പയറോടായിരുന്നു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ പോരാട്ടത്തിനിടെ ഫോർത്ത് അമ്പയറോടു വലിയ തോതിൽ തർക്കിക്കുന്ന ഗൗതം ഗംഭീറിന്റെ വീഡിയോ പുറത്തു വന്നു.
ബംഗളൂരുവിനെതിരെ അവസാന രണ്ട് ഓവറിൽ സുനിൽ നരെയ്നെ മാറ്റി ഫീൽഡിങിനു റഹ്മാനുല്ല ഗുർബാസിനെ ഇറക്കാൻ കൊൽക്കത്ത തീരുമാനിച്ചു. എന്നാൽ അമ്പയർ ഇതനുവദിച്ചില്ല. ഇതോടെയാണ് ഗംഭീർ ഫോർത്ത് അമ്പയറുമായി തർക്കിച്ചത്. പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റും ഗംഭീറിനൊപ്പം അമ്പയറോടു തർക്കിക്കുന്നതും വീഡിയോയിൽ കാണാം.
ഗ്രൗണ്ടിൽ നിന്നു കൊൽക്കത്ത നായകൻ ശ്രേയസ് അയ്യർ ഡഗൗട്ടിലേക്ക് നോക്കി അമ്പയർ അനുവദിക്കുന്നില്ലെന്നു കൈകൊണ്ടു കാണിക്കുന്നതു വീഡിയോയിൽ കാണാം. ഇതിനു പിന്നാലെയാണ് ഡഗൗട്ടിൽ ഫോർത്ത് അമ്പയറോടു ഗംഭീർ ചൂടാവുന്നത്.
12 പന്തിൽ 31 റൺസായിരുന്നു താരങ്ങളെ മാറ്റാൻ കൊൽക്കത്ത തീരുമാനിക്കുമ്പോൾ ആർസിബിക്ക് വേണ്ടിയിരുന്നത്. എന്നാൽ അമ്പയർ അനുവാദം നൽകാത്തതാണ് കൊൽക്കത്ത പരിശീക സംഘത്തെ ചൊടിപ്പിച്ചത്.
ഐപിഎല്ലിൽ രണ്ട് തവണ കൊൽക്കത്ത കിരീടം നേടുമ്പോൾ ഗംഭീറായിരുന്നു നായകൻ. പുതിയ സീസണിൽ ടീമിന്റെ മെന്ററായാണ് ഗംഭീർ കൊൽക്കത്ത ടീമിൽ തിരിച്ചെത്തിയത്. ഇത്തവണ അതിന്റെ മാറ്റം ടീമിൽ കാര്യമായി പ്രതിഫലിക്കുകയും ചെയ്തു.