- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിരാട് കോലിയുടെ രോഷപ്രകടനം അതിരുവിട്ടതോടെ പിഴ ശിക്ഷ വിധിച്ച് മാച്ച് റഫറി
കൊൽക്കത്ത: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ വിവാദ പുറത്താകലിനു പിന്നാലെ അമ്പയറോട് തട്ടിക്കയറുകയും ഡഗ് ഔട്ടിലേക്ക് മടങ്ങും വഴി രോഷപ്രകടനം നടത്തുകയും ചെയ്ത ബെംഗളൂരു റോയൽ ചലഞ്ചേഴ്സ് താരം വിരാട് കോലിക്ക് പിഴ. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴയൊടുക്കേണ്ടത്. ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ തന്റെ പുറത്താവലിലുള്ള അമ്പയറുടെ തീരുമാനത്തിനെതിരെയായിരുന്നു കോലിയുടെ പ്രതിഷേധം. അരക്ക് മുകളിൽ വന്ന ഹർഷിത് റാണയുടെ ഫുൾടോസിലാണ് കോലി പുറത്തായത്.
നോ ബോളാണോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും അമ്പയർ അത് ഔട്ട് വിധിച്ചിരുന്നു. തേർഡ് അമ്പർ മൈക്കൽ ഗഫിന്റെ പരിശോധനയിലും അത് നോ ബോളല്ലെന്നാണ് വിധിച്ചത്. ഇതോടെ അമ്പയറുമായി തർക്കിച്ച് ഡ്രസിങ് റൂമിലേക്ക് മടങ്ങിയ കോലി, പോയ വഴി ചവറ്റുകൊട്ട തട്ടിത്തെറിപ്പിച്ച് അരിശം പ്രകടിപ്പിക്കുന്നതും തൽസമയം ആരാധകർ കണ്ടു. ഇതിന് പിന്നാലെയാണ് ലെവൽ 1 കുറ്റം ചെയ്ത കോലി ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് വ്യക്തമാക്കി മാച്ച് റഫറി പിഴ ശിക്ഷ വിധിച്ചത്. മാച്ച് റഫറിയുടെ തീരുമാനം കോലി അംഗീകരിച്ചതിനാൽ ഔദ്യോഗിക വാദം കേൾക്കൽ ഇല്ലാതെയാണ് ശിക്ഷ വിധിച്ചത്. ലെവൽ-1 കുറ്റങ്ങൾക്ക് മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്.
ഐ.പി.എൽ. പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്ക്ൾ 2.8-നു കീഴിൽ വരുന്ന കുറ്റകൃത്യം നടത്തിയതിനാണ് കോലിക്ക് പിഴയിട്ടത്. സംഭവത്തിൽ കോലി കുറ്റം സമ്മതിച്ചതായി ഐ.പി.എൽ. പ്രസ്താവനയിൽ വ്യക്തമാക്കുന്നു. കുറഞ്ഞ ഓവർ നിരക്കിന് ആർ.സി.ബി. ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസിന് 12 ലക്ഷം രൂപ പിഴശിക്ഷ ലഭിച്ചതിനു പിന്നാലെയാണ് അമ്പയറോട് അപമര്യാദയായി പെരുമാറിയതിന് കോലിയുടെ പേരിലും പിഴശിക്ഷ ലഭിക്കുന്നത്.
കൊൽക്കത്ത-ബെംഗളൂരു മത്സരത്തിനിടെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ കോലി പുറത്തായതാണ് വിവാദത്തിനാധാരം. ഹർഷിത് റാണയുടെ ഹൈ ഫുൾടോസ് കോലിയുടെ ബാറ്റിൽത്തട്ടി ഉയർന്നത് റാണ തന്നെ ക്യാച്ചെടുത്തു. ഫീൽഡ് അമ്പയർ ഔട്ട് വിധിച്ചതോടെ പന്ത് അരയ്ക്ക് മുകളിലാണ് വന്നതെന്നും നോബോളാണെന്നും വാദിച്ച് കോലി റിവ്യൂ നൽകി. എന്നാൽ തേഡ് അമ്പയറും കോലി ഔട്ടാണെന്ന് വിധിച്ചു.
പന്ത് ബാറ്റിൽ കൊള്ളുമ്പോൾ കോലി ക്രീസിന് പുറത്താണെന്നും സ്ലോ ബോളായതിനാൽ പന്ത് ഡിപ് ചെയ്യുന്നുണ്ട് എന്നും ബോൾ ട്രാക്കിംഗിലൂടെ മൂന്നാം അംപയർ ഉറപ്പിച്ചു. എന്നാൽ പന്ത് നോബോളാണ് എന്നുപറഞ്ഞ് കോലി ഫീൽഡ് അംപയറുമായി തർക്കിക്കുകയായിരുന്നു. ഡ്രസിങ് റൂമിലേക്ക് മടങ്ങിത്തുടങ്ങിയ കോലി തിരിച്ചെത്തിയായിരുന്നു തർക്കിച്ചത്. ശേഷം തലകുലുക്കി വിക്കറ്റിലുള്ള അതൃപ്തി അറിയിച്ചായിരുന്നു ഡഗൗട്ടിലേക്ക് കോലിയുടെ മടക്കം. പോയവഴി ബൗണ്ടറിലൈനിന് പുറത്ത് വച്ചിട്ടുള്ള ചവറ്റുകൊട്ട തട്ടിത്തെറിപ്പിക്കുന്നതും ആരാധകർ ടെലിവിഷനിൽ കണ്ടിരുന്നു. മത്സരത്തിൽ 223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി ഒരു റൺസിന്റെ നാടകീയ തോൽവി വഴങ്ങിയിരുന്നു.
ഇന്നലെ കൊൽക്കത്ത പേസർമാരായ ഹർഷിത് റാണയെയും മിച്ചൽ സ്റ്റാർക്കിനെയും സിക്സിന് പറത്തിയായിരുന്നു വിരാട് കോലി ചേസിങ് തുടങ്ങിയത്. എന്നാൽ ആർസിബി ഇന്നിങ്സിൽ മൂന്നാം ഓവറിലെ ആദ്യ പന്തിൽ കോലി നാടകീയമായി പുറത്തായി. അരയ്ക്കൊപ്പം ഉയർന്നുവന്ന റാണയുടെ ഹൈ-ഫുൾടോസ് സ്ലോ ബോളിൽ ബാറ്റ് വെച്ച കോലി റിട്ടേൺ ക്യാച്ച് നൽകി പുറത്താകുകയായിരുന്നു.