- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈക്കെതിരെ രാജസ്ഥാന് 180 റൺസ് വിജയലക്ഷ്യം
ജയ്പൂർ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് 180 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. 45 പന്തിൽ 65 റൺസെടുത്ത തിലക് വർമയാണ് മുംബൈയുടെ ടോപ് സ്‌കോറർ. നെഹാൽ വധേര 24 പന്തിൽ 49 റൺസെടുത്തു. മുൻനിര തകർന്നിട്ടും ഇരുവരും ചേർന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 99 റൺസ് ചേർത്തതോടെയാണ് മുംബൈ തകർച്ചയിൽ നിന്നും കരകയറിയത്.
രാജസ്ഥാനു വേണ്ടി സന്ദീപ് ശർമ അവസാന ഓവറിലെ മൂന്ന് വിക്കറ്റ് അടക്കം നാലോവറിൽ 18 റൺസിന് അഞ്ച് വിക്കറ്റെടുത്തപ്പോൾ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് എടുത്തു. ഒരു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹൽ ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് തികക്കുന്ന ആദ്യ ബൗളറായി.
ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ മുംബൈക്ക് ആഗ്രഹിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിലെ അവസാന പന്തിൽ മിന്നും ഫോമിലുള്ള രോഹിത് ശർമയെ(6) ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ പിടിച്ചു. രണ്ടാം ഓവറിൽ ഇഷാൻ കിഷനെ(0) സന്ദീപ് ശർമ വിക്കറ്റിന് പിന്നിൽ സഞ്ജുവിന്റെ കൈകളിലെത്തിച്ചതോടെ മുംബൈ ഞെട്ടി. സൂര്യകുമാർ യാദവ്(10) ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും സന്ദീപ് ശർമയെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിൽ റൊവ്മാൻ പവൽ പിടികൂടിയതോടെ മുംബൈ 20-3ലേക്ക് കൂപ്പുകുത്തി.
പിന്നീട് എത്തിയത് മുഹമ്മദ് നബിയായിരുന്നു. ആവേശ് ഖാൻ എറിഞ്ഞ പവർ പ്ലേയിലെ അവസാന ഓവറിൽ നബി 17 റൺസടിച്ച് മുംബൈക്ക് ആശ്വസിക്കാൻ വക നൽകി.പവർ പ്ലേ പിന്നിടുമ്പോൾ മുംബൈ 45 റൺസിലെത്തി. മുംബൈ സ്‌കോർ50 കടന്നതിന് പിന്നാലെ മുഹമ്മദ് നബിയെ(23) സ്വന്തം ബൗളിംഗിൽ പിടികൂടി യുസ്വേന്ദ്ര ചാഹൽ 200 വിക്കറ്റ് തികച്ചതോടെ മുംബൈ കൂട്ടത്തകർച്ചയിലായി. എന്നാൽ അഞ്ചാം വിക്കറ്റിൽ നെഹാൽ വധേരയും-തിലക് വർമയും ചേർന്ന് 99 റൺസ് കൂട്ടുകെട്ടിലൂടെ മുംബൈയെ കരകയറ്റി. തകർത്തടിച്ച വധേര 24 പന്തിൽ മൂന്ന് ഫോറും നാലു സിക്‌സും പറത്തി 49 റൺസടിച്ചു. പതിനാറാം ഓവറിൽ മുംബൈ സ്‌കോർ 150 കടന്നതിന് പിന്നാലെ വധേരയെ വീഴ്‌ത്തി ട്രെന്റ് ബോൾട്ട് ആണ് ബ്രേക്ക് ത്രൂ നൽകിയത്.
ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ(10) നിരാശപ്പെടുത്തിയപ്പോൾ അവസാന ഓവറിലെ ആദ്യ പന്തിൽ തിലക് വർമയെ(44 പന്തിൽ 65)യും അടുത്ത പന്തിൽ ജെറാൾഡ് കോയെ്റ്റ്‌സെയെയും(0), ടിം ഡേവിഡിനെയും(3) പുറത്താക്കി സന്ദീപ് ശർമ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതോടെ 200 കടക്കുമെന്ന് കരുതിയ മുംബൈ 179ൽ ഒതുങ്ങി. അവസാന രണ്ടോവറിൽ 9 റൺസ് മാത്രമാണ് മുംബൈ നേടിയത്. രാജസ്ഥാനുവേണ്ടി സന്ദീപ് ശർമ 18 റൺസിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ട്രെന്റ് ബോൾട്ട് 32 റൺസിന് രണ്ട് വിക്കറ്റെടുത്തു.