- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യശസ്വിക്ക് സെഞ്ചുറി; മുംബൈയെ കീഴടക്കി രാജസ്ഥാൻ
ജയ്പൂർ: ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനെതിരെ വീണ്ടും തകർപ്പൻ ജയം സ്വന്തമാക്കി രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിന് അരികെ. ആദ്യം ബാറ്റ് ചെയ്ത് മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ മറികടന്നു. തകർപ്പൻ സെഞ്ചുറിയോടെ യശ്വസി ജയ്സ്വാളാണ് രാജസ്ഥാന് മിന്നും ജയം സമ്മാനിച്ചത്. 18.4 ഓവറിൽ രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നു. ഇടയ്ക്ക് മഴ രസംകൊല്ലിയായെങ്കിലും റോയൽസിന്റെ ബാറ്റിൽനിന്ന് റണ്ണൊഴുക്കിന് കുറവുണ്ടായില്ല. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ജോസ് ബട്ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്.
ക്യാപ്റ്റൻ സഞ്ജു സാംസൺ ജയ്സ്വാളിന് മികച്ച പിന്തുണയാണ് നൽകിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ അപരാജിത സെഞ്ചറി കൂട്ടുകെട്ടും തീർത്തു. 59 പന്തിലാണ് ജയ്സ്വാൾ സെഞ്ചറി പൂർത്തിയാക്കിയത്. ആകെ 60 പന്തിൽ 9 ഫോറും 7 സിക്സും സഹിതം 104 റൺസാണ് താരം അടിച്ചു കൂട്ടിയത്. സഞ്ജു 28 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു.
35 റൺസെടുത്ത ജോസ് ബട്ലറുടെ വിക്കറ്റ് മാത്രമാണ് രാജസ്ഥാന് നഷ്ടമായത്. ജയത്തോടെ എട്ട് കളികളിൽ 14 പോയന്റുമായി രാജസ്ഥാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ തോൽവിയോടെ മുംബൈ ഇന്ത്യൻസ് എട്ട് കളികളിൽ ആറ് പോയന്റുമായി ഏഴാം സ്ഥാനത്ത് തുടരുന്നു. സ്കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 179-9, രാജസ്ഥാൻ റോയൽസ് 18.4 ഓവറിൽ 183-1.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസിനു വേണ്ടി ഓപ്പണർമാർ തകർത്തടിച്ചാണ് തുടങ്ങിയത്. ആദ്യ വിക്കറ്റിൽ 74 റൺസ് നേടി നിൽക്കേ ബട്ലറെ ക്ലീൻ ബോൾഡാക്കി പിയുഷ് ചൗളയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 25 പന്തിൽ 35 റൺസാണ് താരത്തിന്റെ സമ്പാദ്യം.
പവർ പ്ലേയിൽ ജോസ് ബട്ലറും യശസ്വി ജയ്സ്വാളും തകർത്തടിച്ചതോടെ രാജസ്ഥാൻ 61 റൺസിലെത്തി. പവർ പ്ലേക്ക് പിന്നാലെ മഴമൂലം കുറച്ചു നേരം കളി തടസപ്പെട്ടു.മത്സരം പുനരാരംഭിച്ചശേഷം ജോസ് ബട്ലറെ പുറത്താക്കിയ പിയൂഷ് ചൗള മുംബൈക്ക് പ്രതീക്ഷ നൽകിയെങ്കിലും പിന്നീട് ജയ്പൂരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ കണ്ടത് യശസ്വിയുടെയും സഞ്ജുവിന്റെയും മിന്നൽ ബാറ്റിംഗായിരുന്നു. 31 പന്തിൽ സീസണിലെ ആദ്യ അർധസെഞ്ചുറിയിലെത്തിയ യശസ്വി സ്പിന്നർമാരെയും പേസർമാരെയും ഒരുപോലെ അടിച്ചു പറത്തി. രണ്ട് തവണ തലനാരിഴക്ക് രക്ഷപ്പെട്ട സഞ്ജു മുഹമ്മദ് നബിയെയും ഹാർദ്ദിക് പാണ്ഡ്യയെയും സിക്സിന് തൂക്കി.
പതിനഞ്ചാം ഓവറിൽ ജസ്പ്രീത് ബുമ്രയെ പന്തേൽപ്പിച്ച ഹാർദ്ദിക് പാണ്ഡ്യ വിക്കറ്റ് പ്രതീക്ഷിച്ചെങ്കിലും നോ ബോളിന് പകരം കിട്ടിയ ഫ്രീ ഹിറ്റ് ബോളിൽ സിക്സ് അടിച്ച യശസ്വി അടുത്ത പന്ത് ബൗണ്ടറി കടത്തി ആ പ്രതീക്ഷയും തകർത്തു. ഒടുവിൽ 59 പന്തിൽ സെഞ്ചുറിയിലെത്തിയ യശസ്വിയും(104*) സഞ്ജുവും(28 പന്തിൽ 38*) എട്ട് പന്തും ഒമ്പത് വിക്കറ്റും ബാക്കി നിർത്തി രാജസ്ഥാനെ ലക്ഷ്യത്തിലത്തിച്ചു. 60 പന്തിൽ 104 റൺസെടുത്ത യശസ്വി ഒമ്പത് ഫോറും ഏഴ് സിക്സും പറത്തിയപ്പോൾ സഞ്ജു രണ്ട് ഫോറും രണ്ട് സിക്സും പറത്തി.ഐപിഎല്ലിൽ യശസ്വി ജയ്സ്വാളിന്റെ രണ്ടാം സെഞ്ചുറിയാണിത്. മുംബൈ ഇന്ത്യൻസിനെതിരെ രണ്ട് ഐപിഎൽ സെഞ്ചുറി നേടുന്ന ആദ്യ താരവും യശസ്വിയാണ്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബൈ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 179 റൺസെടുത്തത്. 45 പന്തിൽ 65 റൺസെടുത്ത തിലക് വർമയായിരുന്നു മുംബൈയുടെ ടോപ് സ്കോറർ. നെഹാൽ വധേര 24 പന്തിൽ 49 റൺസെടുത്തു.
ടീം സ്കോർ രണ്ടക്കം കടക്കും മുൻപ് ഓപ്പണർമാരെ നഷ്ടപ്പെട്ട മുംബൈയെ, അർധ സെഞ്ചറി നേടിയ തിലക് വർമയും തകർത്തടിച്ച നേഹൽ വധേരയുമാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 45 പന്തിൽ 65 റൺസ് നേടിയ തിലക് വർമയാണ് അവരുടെ ടോപ് സ്കോറർ. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 179 റൺസ് നേടിയത്. രാജസ്ഥാനു വേണ്ടി സന്ദീപ് ശർമ 5 വിക്കറ്റു പിഴുതു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ആദ്യ ഓവറിൽ രോഹിത് ശർമയെയും (6), രണ്ടാം ഓവറിൽ ഇഷൻ കിഷനെയും (0) നഷ്ടമായി. രോഹിത്തിനെ ട്രെൻഡ് ബോൾട്ടും ഇഷനെ സന്ദീപ് ശർമയുമാണ് മടക്കിയത്. ഇരുവരും സഞ്ജു സാംസണ് ക്യാച്ച് നൽകിയാണ് പുറത്തായത്. 8 പന്തിൽ 10 റൺസ് മാത്രം നേടി സൂര്യകുമാർ യാദവ് കൂടി പുറത്തായതോടെ മുംബൈ 3ന് 20 എന്ന നിലയിലേക്ക് വീണു. പിന്നാലെയിറങ്ങിയ മുഹമ്മദ് നബി വ്യക്തിഗത സ്കോർ 23ൽ നിൽക്കേ യുസ്വേന്ദ്ര ചഹലിന് ക്യാച്ച് നൽകി മടങ്ങി.
അഞ്ചാം വിക്കറ്റിലൊന്നിച്ച തിലക് വർമയും നേഹൽ വധേരയും ചേർന്ന് ടീമിനെ രക്ഷിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 99 റൺസ് കൂട്ടിച്ചേർത്തു. 17ാം ഓവറിൽ വധേരയെ പുറത്താക്കി ബോൾട്ട് ഈ സഖ്യത്തെ പിരിച്ചു. 24 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 49 റൺസാണ് താരം അടിച്ചെടുത്തത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് 10 റൺസ് മാത്രമാണ് നേടാനായത്. സന്ദീപ് ശർമ എറിഞ്ഞ 20ാം ഓവറിൽ തിലക് വർമ ഉൾപ്പെടെ മൂന്നു മുംബൈ ബാറ്റർമാരാണ് പുറത്തായത്. ടിം ഡേവിഡ് (3), ജെറാൾഡ് കോട്സീ (0) എന്നിവർ നിരാശപ്പെടുത്തി. പിയുഷ് ചൗള (1*), ജസ്പ്രീത് ബുമ്ര (2*) എന്നിവർ പുറത്താകാതെ നിന്നു.
രാജസ്ഥാനു വേണ്ടി സന്ദീപ് ശർമ അവസാന ഓവറിലെ മൂന്ന് വിക്കറ്റ് അടക്കം നാലോവറിൽ 18 റൺസിന് അഞ്ച് വിക്കറ്റെടുത്തപ്പോൾ ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റ് എടുത്തു. ഒരു വിക്കറ്റെടുത്ത യുസ്വേന്ദ്ര ചാഹൽ ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് തികക്കുന്ന ആദ്യ ബൗളറായി.