ജയ്പുർ: ഐപിഎൽ പതിനേഴാം സീസണിൽ എട്ട് മത്സരങ്ങളിൽ ഏഴിലും ജയം നേടി പ്ലേ ഓഫിന് അരികെയാണ് രാജസ്ഥാൻ റോയൽസ്. ടീമിനെ വിജയപാതയിൽ നയിക്കുന്നതിനൊപ്പം വ്യക്തിഗത മികവിലും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പ്രകടനം നിർണായകമായിക്കഴിഞ്ഞു.

മികച്ച ഫോമിൽ തുടരുന്ന ക്യാപ്റ്റൻ സഞ്ജു സാംസൺ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാമതെത്തി. മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയെ പിന്നിലാക്കിയാണ് സഞ്ജുവിന്റെ കുതിപ്പ്. എട്ട് മത്സരങ്ങളിൽനിന്ന് 62.8 ശരാശരിയിൽ 314 റൺസാണ് താരത്തിന്റെ സമ്പാദ്യം. 152.43 സ്ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. ഇത്രയും മത്സരങ്ങളിൽനിന്ന് 379 റൺസ് നേടിയ റോയൽ ചാലഞ്ചേഴ്‌സ് താരം വിരാട് കോലിയാണ് പട്ടികയിൽ ഒന്നാമതുള്ളത്. 63.17 ശരാശരിയിലും 150.40 സ്‌ട്രൈക്ക് റേറ്റുമുണ്ട്.

സീസണിൽ റോയൽസിനായി മൂന്ന് അർധ സെഞ്ചറികളാണ് സഞ്ജുവിന്റെ ബാറ്റിൽനിന്ന് പിറന്നത്. 82* ആണ് ഇതുവരെയുള്ള ഉയർന്ന സ്‌കോർ. സൺറൈസേഴ്‌സിന്റെ ട്രാവിസ് ഹെഡ് (324), റോയൽസിന്റെ തന്നെ റിയാൻ പരാഗ് (318) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. എട്ട് മത്സരങ്ങളിൽ 303 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. 43.29 ശരാശരിയുണ്ട് രോഹിത്തിന്. 162.90 സ്ട്രക്ക് റേറ്റും. മുംബൈക്കെതിരായ മത്സരത്തിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്നു സഞ്ജു.

ഏഴ് ഇന്നിങ്സിൽ നിന്ന് 318 റൺസ് പരാഗ് നേടിയിട്ടുണ്ട്. 63.60 ശരാശരിയിലും 161.42 സ്ട്രൈക്ക് റേറ്റിലുമാണ് പരാഗ് ഇത്രയും റൺസ് അടിച്ചെടുത്തത്. മുംബൈക്കെതിരായ മത്സരത്തിൽ താരത്തിന് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല.

ആറ് ഇന്നിങ്സുകൾ മാത്രം കളിച്ച ഹെഡിന് ഇപ്പോൾ 324 റൺസുണ്ട്. 54.00 ശരാശരിയിലാണ് നേട്ടം. 216.00 സ്ട്രൈക്ക് റേറ്റും ഓസ്ട്രേലിയൻ താരത്തിനുണ്ട്. സഞ്ജു നാലാം സ്ഥാനത്തേക്ക് കയറിയതോടെ മുംബൈ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമയ്ക്ക് അഞ്ചാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടി വന്നു. ഇന്നലെ രാജസ്ഥാനെതിരെ ആറ് റൺസെടുത്ത് രോഹിത് പുറത്തായിരുന്നു.

ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ആറാമതുണ്ട്. എട്ട് മത്സരങ്ങളിൽ 298 റൺസാണ് ഗിൽ അടിച്ചെടുത്തത്. 42.57 ശരാശരിയിലും 146.80 സ്‌ട്രൈക്ക് റേറ്റിലുമാണ് ഗില്ലിന്റെ റൺവേട്ട.
ലഖ്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ എൽ രാഹുൽ ഏഴാം സ്ഥാനത്ത്. രാഹുലിന്റെ അക്കൗണ്ടിൽ 286 റൺസുണ്ട്. ഏഴ് മത്സരങ്ങളിൽ ഇത്രയും തന്നെ റൺസുള്ള സുനിൽ നരെയ്ൻ തൊട്ടു പിന്നിൽ.

ഇതിനിടെ ജോസ് ബട്ലർ ആദ്യ പത്തിൽ തിരിച്ചെത്തി. ഏഴ് ഇന്നിങ്സിൽ 285 റൺസ് നേടിയ ബട്ലർ ഒമ്പതാമതുണ്ട്. 57.00 ശരാശരിയുണ്ട് ബട്ലർക്ക്. 146.91 സ്ട്രൈക്ക് റേറ്റും. മുംബൈയുടെ യുവതാരം തിലക് വർമ പത്താം സ്ഥാനത്ത്. എട്ട് ഇന്നിങ്സിൽ 273 റൺസാണ് തിലക് നേടിയത്.

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരെ നടന്ന മത്സരത്തിൽ റോയൽസിനായി പുതിയ നാഴികക്കല്ലു പിന്നിടാനും സഞ്ജുവിനായി. രാജസ്ഥാൻ ടീമിനായി ഐപിഎലിൽ 3500 റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് സഞ്ജു സ്വന്തമാക്കിയത്. കഴിഞ്ഞ മത്സരത്തിൽ 28 പന്തിൽ നിന്ന് 38 റൺസുമായി താരം പുറത്താകാതെ നിന്നു.

128-ാം ഇന്നിങ്സിലാണ് സഞ്ജു രാജസ്ഥാനായി 3500 റൺസ് തികച്ചത്. 79 ഇന്നിങ്സുകളിൽനിന്ന് 2981 റൺസ് നേടിയ ജോസ് ബട്ട്ലറാണ് പിന്നിൽ. അജിങ്ക്യ രഹാനെ (2810 റൺസ്), ഷെയ്ൻ വാട്‌സൻ (2371 റൺസ്) എന്നിവരാണ് ആദ്യ നാലിലുള്ള മറ്റു താരങ്ങൾ.