മുംബൈ: ഐപിഎല്ലിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ സ്വന്തമാക്കിയ ടീമുകളാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്‌സും. ഇരു ടീമുകളും അഞ്ച് തവണ വീതം ഐപിഎൽ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇരു ടീമുകളിലും കളിക്കുവാനും കിരീടനേട്ടത്തിൽ പങ്കാളികളാകാനും ഭാഗ്യം ലഭിച്ച അപൂർവം താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു.

ഇരു ടീമുകളിലും കളിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ തുറന്നു പറയുകയാണ് അംബാട്ടി റായുഡു. മുംബൈ ഇന്ത്യൻസ് പൂർണമായും മത്സരഫലത്തിന് പ്രാധാന്യം കൊടുക്കുമ്പോൾ ചെന്നൈ സൂപ്പർ കിങ്‌സ് വിജയത്തിനായുള്ള പരിശ്രമങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്ന് റായുഡു സ്റ്റാർ സ്‌പോർട്‌സിലെ ചർച്ചയിൽ പറഞ്ഞു.

ചെന്നൈ സൂപ്പർ കിങ്‌സ് വിജയത്തിനായുള്ള പരിശ്രമങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ടീമാണ്. അതുകൊണ്ടു തന്നെ മത്സരഫലത്തെ അവർ കീറിമുറിച്ച് വിശകലനം ചെയ്യാറില്ല. മത്സരഫലം അനുസരിച്ചല്ല അവരുടെ മൂഡ് മാറുന്നത്. എന്നാൽ മുംബൈ ഇന്ത്യൻസ് കുറച്ച് വ്യത്യസ്തമാണ്. മുംബൈയെ സംബന്ധിച്ചിടത്തോളം എല്ലാം വിജയത്തിൽ അധിഷ്ഠിതമാണ്.

വിജയം അവിടെ ഒരു അനിവാര്യതയാണ്. അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല അവിടെയെന്നും 2010 മുതൽ 2017വരെ മുംബൈ ഇന്ത്യൻസ് താരവും മൂന്ന് തവണ മുംബൈക്കൊപ്പം ഐപിഎൽ കിരീടം നേടുകയും ചെയ്തിട്ടുള്ള റായുഡു പറഞ്ഞു. 2018ലാണ് റായുഡു ചെന്നൈ സൂപ്പർ കിങ്‌സിലെത്തിയത്.

മുംബൈയിലും ചെന്നൈയിലുമുള്ളത് രണ്ട് തരം സംസ്‌കാരമാണ്. പക്ഷെ ആത്യന്തികമായി ഇരു ടീമും വിജയത്തിനായി കഠിനാധ്വാനം ചെയ്യുന്നവരാണ്. എന്നാൽ മുംബൈയുമായി താരതമ്യം ചെയ്യുമ്പോൾ ചെന്നൈ ടീമിലാണ് കൂടുതൽ മികച്ച അന്തരീക്ഷമുള്ളത്. മുംബൈ ടീമിനൊപ്പം അധികകാലം തുടർന്നാൽ നിങ്ങളുടെ തലച്ചോർ പോലും ചിലപ്പോൾ പൊട്ടിത്തെറിച്ചുപോകും.

മുംബൈക്കായി കളിച്ചിരുന്ന കാലത്ത് എന്റെ പ്രകടനം ഏറെ മെച്ചപ്പെട്ടിരുന്നു. നിങ്ങൾ മികച്ച പ്രകടനം നടത്തി ടീമിനെ ജയിപ്പിച്ചില്ലെങ്കിൽ അവിടെ ഒഴിവുകഴിവുകളില്ല. ആത്യന്തികമായി നിങ്ങൾ മികവ് കാട്ടിയിരിക്കണം. അതുകൊണ്ടുതന്നെ ഓരോ ദിവസവും നമ്മൾ മെച്ചപ്പെടാനായി പരിശ്രമിച്ചുകൊണ്ടേയിരിക്കും. ചെന്നൈ സൂപ്പർ കിങ്‌സും കളിക്കാരനെന്ന നിലയിൽ നമ്മളെ മെച്ചപ്പെടുത്തും, വലിയ സമ്മർദ്ദങ്ങളൊന്നുമില്ലാതെ തന്നെയെന്നും റായുഡു പറഞ്ഞു.

രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിലും നേരത്തെ റായിഡു അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. തിടുക്കത്തിലുള്ള തീരുമാനമായിപ്പോയെന്നായിരുന്നു പ്രതികരണം. രോഹിത് ശർമ മുംബൈ ഇന്ത്യൻസ് വിട്ട് ചെന്നൈ സൂപ്പർ കിങ്‌സ് ടീമിൽ ചേരുകയാണു വേണ്ടതെന്നും റായുഡു പറഞ്ഞിരുന്നു.

"രോഹിത് ശർമയെ മാറ്റി ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത് മുംബൈ ഇന്ത്യൻസ് തിടുക്കത്തിൽ എടുത്തൊരു തീരുമാനമായിപ്പോയി. രോഹിത് ടീം ഇന്ത്യയെ നയിക്കുന്ന നിലയ്ക്ക്, മുംബൈ ഇന്ത്യൻസ് ഈ സീസണിൽ രോഹിത് ശർമയെ ക്യാപ്റ്റനാക്കി തന്നെ കളിക്കണമായിരുന്നു." അംബാട്ടി റായുഡു ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

"ഹാർദിക് പാണ്ഡ്യയ്ക്ക് ഒരു സീസൺ രോഹിത് ശർമയ്ക്കു കീഴിൽ കളിക്കാമായിരുന്നു. അതിനു ശേഷം അടുത്ത സീസണിൽ മുംബൈയുടെ ക്യാപ്റ്റൻ സ്ഥാനവും ഏറ്റെടുക്കാം. ഗുജറാത്ത് ടൈറ്റൻസിൽനിന്ന് മുംബൈ ഇന്ത്യൻസിലെത്തി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തു മുന്നോട്ടുപോകുന്നത് പാണ്ഡ്യയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമാകും. കാരണം രണ്ട് ടീമുകളും രണ്ടു രീതികളിലാണു പ്രവർത്തിക്കുന്നത്. രോഹിത് ശർമ ചെന്നൈ സൂപ്പർ കിങ്‌സിനൊപ്പം കളിക്കുന്നതു ഞാൻ ഇഷ്ടപ്പെടുന്നു. അടുത്ത സീസൺ മുതൽ എം.എസ്. ധോണി ടീമിനൊപ്പമില്ലെങ്കിൽ രോഹിത് ശർമയ്ക്കു ടീമിന്റെ ക്യാപ്റ്റനുമാകാം." റായുഡു വ്യക്തമാക്കിയിരുന്നു.