ചെന്നൈ: ഋതുരാജ് ഗെയ്ക്വാദിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെയും ശിവം ദുബെയുടെ അർധ സെഞ്ചുറിയുടെയും ബാറ്റിങ് മികവിൽ ലക്‌നൗവിന് 211 റൺസ് വിജയലക്ഷ്യം കുറിച്ച് ചെന്നൈ. 60 പന്തിൽനിന്ന് 108 റൺസുമായി പുറത്താകെ നിന്നാണു ചെന്നൈ ക്യാപ്റ്റൻ താരമായത്. 12 ഫോറും 3 സിക്‌സും ഗെയ്ക്വാദിന്റെ ബാറ്റിൽനിന്ന് പിറന്നപ്പോൾ ആരാധകർക്ക് ആവേശമായി. 27 പന്തിൽനിന്ന് 66 റൺസുമായി ശിവം ദുബെ ക്യാപ്റ്റനു മികച്ച പിന്തുണ നൽകി. ചെന്നൈയുടെ സ്‌കോർ: 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദിന്റെ അപരാജിത സെഞ്ചുറിയുടെയും ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറിയുടെയും മികവിലാണ് ചെന്നൈ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. റുതുരാജ് 60 പന്തിൽ 108 റൺസെടുത്തപ്പോൾ ശിവം ദുബെ 27 പന്തിൽ 66 റൺസടിച്ചു. അവസാന പന്ത് മാത്രം നേരിട്ട ധോണി ബൗണ്ടറിയടിച്ച് ചെന്നൈയെ 210ൽ എത്തിച്ചു. ലഖ്‌നൗവിനായി യാഷ് താക്കൂറും മൊഹ്‌സിൻ ഖാനും മാറ്റ് ഹെന്റിയും ഓരോ വിക്കറ്റെടുത്തു.

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ചെന്നൈക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ആദ്യ ഓവറിലെ അവസാന പന്തിൽ ഓപ്പണർ അജിങ്ക്യാ രാഹനെയെ(1) മാറ്റ് ഹെന്റിയുടെ പന്തിൽ വിക്കറ്റിന് പിന്നിൽ കെ എൽ രാഹുൽ പറന്നു പിടിച്ചു. ക്യാപ്റ്റൻ റുതുരാജും വൺ ഡൗണായി എത്തിയ ഡാരിൽ മിച്ചലും ചേർന്ന് ചെന്നൈയെ 50ന് അടുത്തെത്തിച്ചെങ്കിലും മിച്ചലിനും ക്രീസിൽ അധികം ആയുസുണ്ടായില്ല. 11 റൺസെടുത്ത മിച്ചലിനെ യാഷ് താക്കൂർ മടക്കി.

ഒരറ്റത്ത് വിക്കറ്റുകൾ പൊഴിയുമ്പോഴും തകർത്തടിച്ച റുതുരാജ് ചെന്നൈ സ്‌കോറുയർത്തി. 28 പന്തിൽ അർധസെഞ്ചുറി തികച്ച റുതുരാജ് നാലാം നമ്പറിലെത്തിയ രവീന്ദ്ര ജഡേജക്കൊപ്പം ചെന്നൈയെ പന്ത്രണ്ടാം ഓവറിൽ 100 കടത്തി. ചെന്നൈ 100 കടന്നതിന് പിന്നാലെ ജഡേജയെ(16) മൊഹ്‌സിൻ ഖാൻ മടക്കിയെങ്കിലും പീന്നീട് എത്തിയ ശിവം ദുബെ ക്യാപ്റ്റനൊപ്പം തകർത്തടിച്ചതോടെ ചെന്നൈ കുതിച്ചു.

28 പന്തിൽ അർധസെഞ്ചുറി തികച്ച റുതുരാജ് 56 പന്തിൽ സെഞ്ചുറിയിലെത്തി. യാഷ് താക്കൂറിനെ തുടർച്ചയായി സിക്‌സും ഫോറും പറത്തിയാണ് റുതുരാജ് സെഞ്ചുറിയിലെത്തിയത്. 22 പന്തിൽ അർധസെഞ്ചുറി തികച്ച ശിവം ദുബെയെ പുറത്താക്കാൻ ലഭിച്ച അവസരം ലഖ്‌നൗ കൈവിട്ടതോടെ ചെന്നൈ ആനായാസം 200 കടന്നു. 15 ഓവറിൽ 135 റൺസായിരുന്നു ചെന്നൈ അവസാന അഞ്ചോവറിൽ 75 റൺസാണ് അടിച്ചെടുത്തത്. 46 പന്തിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തിയ റുതരാജ്-ദുബെ സഖ്യം പതിനാറാം ഓവറിൽ 19ഉം പതിനേഴാം ഓവറിൽ എട്ടും പതിനെട്ടാം ഓവറിൽ 16ഉം പത്തൊമ്പതാം ഓവറിൽ 17ഉം റൺസടിച്ച ചെന്നൈ മാർക്കസ് സ്റ്റോയ്‌നിസ് എറിഞ്ഞ അവസാന ഓവറിൽ 15ഉം റൺസടിച്ചു. ദുബെ ഏഴ് സിക്‌സും മൂന്ന് ഫോറും പറത്തിയപ്പോൾ റുതുരാജ് 12 ബൗണ്ടറിയും മൂന്ന് സിക്‌സും പറത്തി.