ചെന്നൈ: ഐപിഎല്ലിൽ ഋതരാജ് ഗെയ്ക്വാദിന്റെ മിന്നും സെഞ്ചുറിക്ക് മാർക്കസ് സ്റ്റോയ്‌നിസ് നൽകിയ പവർഫുള്ളായ സെഞ്ചുറികൊണ്ടുള്ള മറുപടിയിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് തകർപ്പൻ ജയം. അവസാന ഓവർ ത്രില്ലറിൽ ചെന്നൈ സൂപ്പർ കിങ്‌സിനെ ആറ് വിക്കറ്റിനാണ് ലഖ്‌നൗ കീഴടക്കിയത്. ചെന്നൈ സൂപ്പർ കിങ്‌സ് ഉയർത്തിയ 211 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മൂന്ന് പന്തുകളും ആറ് വിക്കറ്റും ബാക്കി നിർത്തി ലഖ്‌നൗ മറികടന്നു. 56 പന്തിൽ സെഞ്ചുറി നേടിയ സ്റ്റോയ്‌നിസ് 63 പന്തിൽ 124 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 15 പന്തിൽ 34 റൺസെടുത്ത നിക്കോളാസ് പുരാനും ആറ് പന്തിൽ 17 റൺസുമായി ദീപക് ഹൂഡയും സ്റ്റോയ്‌നിസിനൊപ്പം വിജയത്തിൽ പങ്കാളികളായി.

റൺമല ഉയർത്തിയിട്ടും ആവേശപ്പോരിനൊടുവിൽ സ്വന്തം തട്ടകത്തിൽ തോൽവിയേറ്റുവാങ്ങുകയായിരുന്നു ചെന്നൈ. തകർപ്പൻ സെഞ്ചറിയുമായി മാർകസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ചെന്നൈ മറുപടിയില്ലാതെ വിഷമിച്ചു. 63 പന്തിൽ 124 റൺസാണു സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്. 6 സിക്‌സും 13 ഫോറും ഉൾപ്പെട്ട ഇന്നിങ്‌സ് ലക്‌നൗവിന്റെ നെടുംതൂണായി. സ്‌കോർ: ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ്. ലക്‌നൗ: 19.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 213.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്‌നൗ നിരയിൽ നിക്കോളാസ് പുരാൻ (34), ദീപക് ഹൂഡ (17), കെ.എൽ.രാഹുൽ (16) എന്നിവരുടെ പ്രകടനവും ലഖ്‌നൗവിന് തുണയായി. ചെന്നൈക്കായി മതീഷ പതിരാന രണ്ട് വിക്കറ്റെടുത്തു. ചെന്നൈക്കെതിരെ ലഖ്‌നൗവിന്റെ തുടർച്ചയായ രണ്ടാം ജയവും ചെപ്പോക്കിലെ ഏറ്റവും വലിയ റൺചേസുമാണിത്. ജയത്തോടെ ചെന്നൈയെ പിന്തള്ളി ലഖ്‌നൗ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറി.

അവസാന നാലോവറിൽ 54 റൺസായിരുന്നു ലഖ്‌നൗവിന് ജയിക്കാൻ വേണ്ടിയിരുന്നത്. പതിനേഴാം ഓവറിലെ മൂന്നാം പന്തിൽ മതീഷ പതിരാന നിക്കൊളാസ് പുരാനെ ഷാർദ്ദുൽ താക്കൂറിന്റെ കൈകളിലെത്തിച്ചതോടെ ചെന്നൈ വിജയമുറപ്പിച്ചെങ്കിലും പുരാൻ പുറത്തായശേഷം പോരാട്ടം തുടർന്ന സ്റ്റോയ്‌നിസ് ദീപക് ഹൂഡയെ കൂട്ടുപിടിച്ച് ലഖ്‌നൗവിനെ അവിശ്വസനീയ ജയത്തിലേക്ക് നയിച്ചു. 56 പന്തിലാണ് സ്റ്റോയ്‌നിസ് ആദ്യ ഐപിഎൽ സെഞ്ചുറിയിലെത്തിയത്.

അവസാന മൂന്നോവറിൽ 47ഉം രണ്ടോവറിൽ 32ഉം റൺസുമായിരുന്നു ലഖ്‌നൗവിന് ജയക്കാൻ വേണ്ടിയിരുന്നത്. പതിരാന എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 15 റൺസടിച്ച ലഖ്‌നൗ പ്രതീക്ഷ നിലനിർത്തി. മുസ്തഫിസുർ റഹ്‌മാൻ എറിഞ്ഞ അവസാന ഓവറിൽ 17 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന ലഖ്‌നൗവിനായി ആദ്യ പന്തിൽ തന്നെ സ്റ്റോയ്‌നിസ് സിക്‌സ് അടിച്ചു. അടുത്ത പന്തിൽ ബൗണ്ടറിയും നേടിയതോടെ ലക്ഷ്യം നാലു പന്തിൽ ഏഴായി. നോ ബോളായ മൂന്നാം പന്തും ബൗണ്ടറി അടിച്ച് സ്റ്റോയ്‌നിസ് ലഖ്‌നൗവിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചു. വീണ്ടുമെറിഞ്ഞ മൂന്നാം പന്തും ബൗണ്ടറി കടത്തി സ്റ്റോയ്‌നിസ് ലഖ്‌നൗവിനെ ലക്ഷ്യത്തിലെത്തിച്ചു.

211 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്‌നൗവിന് ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ക്വിന്റൺ ഡി കോക്കിനെ(0) നഷ്ടമായി. ക്യാപ്റ്റൻ കെ എൽ രാഹുലിനും(14 പന്തിൽ 16) ക്രീസിൽ അധികം ആയുസുണ്ടായില്ല. ഇംപാക്ട് പ്ലേയറായി എത്തിയ ദേവ്ദത്ത് പടിക്കൽ 19 പന്തുതൾ നേരിട്ട് 13 റൺസുമായി പതിരാനയുടെ പന്തിൽ ബൗൾഡായി മടങ്ങി. പിന്നീടായിരുന്നു ലഖ്‌നൗവിന് പ്രതീക്ഷ നൽകിയ സ്റ്റോയ്‌നിസ്-പുരാൻ കൂട്ടുകെട്ട്. നാലാം വിക്കറ്റിൽ ഇരുവരും ചേർന്ന് 70 റൺസടിച്ച് ലഖ്‌നൗവിന്റെ പ്രതീക്ഷ കാത്തു.

നിർണായക സമയത്ത് പുരാൻ മടങ്ങിയെങ്കിലും ദീപക് ഹൂഡയെ കൂട്ടുപിടിച്ച് സ്റ്റോയ്‌നിസ് നടത്തിയ പോരാട്ടം ലഖ്‌നൗവിനെ അവിശ്വസനീയ ജയത്തിലെത്തിച്ചു. 13 ഫോറും ആറ് സിക്‌സും അടങ്ങുന്നതാണ് സ്റ്റോയ്‌നിസിന്റെ ഇന്നിങ്‌സ്. 4 ഓവറിൽ 35 റൺസ് വിട്ടുകൊടുത്ത മതീഷ പതിരാന ചെന്നൈയ്ക്കായി 2 വിക്കറ്റ് വീഴ്‌ത്തി. മുസ്താഫിസുർ റഹ്‌മാനും ദീപക് ചാഹറും ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെ അപരാജിത സെഞ്ചുറിയുടെയും ശിവം ദുബെയുടെ വെടിക്കെട്ട് അർധസെഞ്ചുറിയുടെയും മികവിലാണ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തത്. ഋതുരാജ് 60 പന്തിൽ 108 റൺസെടുത്തപ്പോൾ ശിവം ദുബെ 27 പന്തിൽ 66 റൺസടിച്ചു. അവസാന പന്ത് മാത്രം നേരിട്ട ധോണി ബൗണ്ടറിയടിച്ച് ചെന്നൈയെ 210ൽ എത്തിച്ചു.

28 പന്തിൽ അർധസെഞ്ചുറി തികച്ച ഋതുരാജ് 56 പന്തിൽ സെഞ്ചുറിയിലെത്തി. യാഷ് താക്കൂറിനെ തുടർച്ചയായി സിക്‌സും ഫോറും പറത്തിയാണ് ഋതുരാജ് സെഞ്ചുറിയിലെത്തിയത്. 22 പന്തിൽ അർധസെഞ്ചുറി തികച്ച ശിവം ദുബെ ഋതരാജിനൊപ്പം 46 പന്തിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തി.

രവീന്ദ്ര ജഡേജ (16), ഡാരിയൽ മിച്ചൽ (11), അജിൻക്യ രഹാനെ (1) എന്നിങ്ങനെയാണു മറ്റുള്ളവരുടെ സമ്പാദ്യം. 4 ഓവറിൽ 28 റൺസ് വിട്ടുകൊടുത്ത മാറ്റ് ഹെന്റി, 4 ഓവറിൽ 50 റൺസ് വഴങ്ങിയ മൊഹ്‌സിൻ ഖാൻ, 4 ഓവറിൽ 47 റൺസ് വിട്ടുകൊടുത്ത യാഷ് താക്കൂർ എന്നിവർ ലക്‌നൗവിനായി ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ലക്‌നൗവുമായുള്ള കഴിഞ്ഞ കളിയുടെ കടം വീട്ടാനുറച്ചാണു ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ ടീം ഇറങ്ങിയതെങ്കിലും രാഹുലിന്റെയും സംഘത്തിന്റെയും പോരാട്ടവീര്യത്തിന് മുന്നിൽ ഒരിക്കൽ കൂടി പരാജയം ഏറ്റുവാങ്ങി.