- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിക്കെതിരെ ഗുജറാത്തിന് 225 റൺസ് വിജയലക്ഷ്യം
ന്യൂഡൽഹി: മിന്നുന്ന അർധ സെഞ്ചുറികളുമായി ക്യാപ്റ്റൻ ഋഷഭ് പന്തും അക്ഷർ പട്ടേലും തകർത്തടിച്ച മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനു മുന്നിൽ 225 റൺസിന്റെ വിജയലക്ഷ്യമുയർത്തി ഡൽഹി ക്യാപിറ്റൽസ്. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 224 റൺസ് അടിച്ചുകൂട്ടിയത്. ഇരുവരും ക്യാപിറ്റൽസിനായി അർധ സെഞ്ചറി നേടി. അക്ഷർ പട്ടേൽ 43 പന്തിൽ 66 റൺസ് നേടിയപ്പോൾ ഋഷഭ് പന്ത് 43 പന്തിൽ 88 റൺസുമായി പുറത്താകാതെനിന്നു. ടൈറ്റൻസിനായി സന്ദീപ് വാര്യർ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി.
അവസാന ഓവറുകളിൽ തകർത്തടിച്ച ട്രൈസ്റ്റൻ സ്റ്റബ്‌സ് ഏഴ് പന്തിൽ 26 റൺസുമായി ഡൽഹിയെ 200 കടത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. ഗുജറാത്തിനായി അരങ്ങേറ്റം കുറിച്ച മലയാളി പേസർ സന്ദീപ് വാര്യർ മൂന്ന് വിക്കറ്റ് വീഴ്‌ത്തി ബൗളിംഗിൽ തിളങ്ങി.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റൽസിന് സ്‌കോർ ബോർഡിൽ 36 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. പൃഥ്വി ഷാ 11 റൺസും ജേക് ഫ്രേസർ 23 റൺസുമായി മടങ്ങി. ഇരുവരെയും സന്ദീപ് വാര്യർ നൂർ അഹമ്മദിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. 5 റൺസ് നേടിയ ഷായ് ഹോപിനെ സന്ദീപ് തന്നെ റാഷിദ് ഖാന്റെ കൈകളിലെത്തിച്ചു. ഇതോടെ ക്യാപിറ്റൽസ് 3ന് 44 എന്ന നിലയിലായി. പിന്നീടൊന്നിച്ച അക്ഷർ പട്ടേലും ഋഷഭ് പന്തും ചേർന്ന് ഡൽഹിയെ തകർച്ചയിൽനിന്ന് രക്ഷിക്കുകയായിരുന്നു.
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഡൽഹിക്ക് ഓപ്പണർമാരായ പൃഥ്വി ഷായും ജേക് ഫ്രേസർ മക്ഗുർകും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. ആദ്യ മൂന്നോവറിൽ ഇരുവരും ചേർന്ന് 34 റൺസടിച്ചു. എന്നാൽ ആദ്യ ഓവറിൽ 12 റൺസ് വഴങ്ങിയ സന്ദീപ് വാര്യർക്ക് പവർ പ്ലേയിൽ രണ്ടാം ഓവർ നൽകാനുള്ള ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിന്റെ തീരുമാനം നിർണായകമായി. തന്റെ രണ്ടാം ഓവറിൽ അപകടകാരിയായ മക്കുർഗിനെ(14 പന്തിൽ 23) സ്‌ക്വയർ ലെഗ്ഗിൽ നൂർ അഹമ്മദിന്റെ കൈകളിലെത്തിയ സന്ദീപ് അതേ ഓവറിൽ പൃഥ്വി ഷായെയും(7 പന്തിൽ 11) പുറത്താക്കി ഇരട്ട പ്രഹരമേൽപ്പിച്ചു. പവർ പ്ലേയിൽ മൂന്നാം ഓവറും എറിയാനെത്തിയ സന്ദീപ് തന്റെ മൂന്നാം ഓവറിൽ ഷായ് ഹോപ്പിനെ(5) റാഷിദ് ഖാന്റെ കൈകളിലെത്തിച്ചതോടെ ഡൽഹി 44-3ലേക്ക് വീണു.
അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ റിഷഭ് പന്ത് അക്‌സറിനൊപ്പം തകർത്തടിച്ചതോടെ ഡൽഹി തകർച്ച ഒഴിവാക്കി കരകയറി. പത്ത് ഓവറിൽ 80-3ലെത്തിയ ഡൽഹി പന്ത്രണ്ടാം ഓവറിൽ 100 കടന്നു. റാഷിദ് ഖാനും നൂർ അഹമ്മദിനും വിക്കറ്റ് വീഴ്‌ത്താനാവാഞ്ഞതോടെ ഗുജറാത്ത് മധ്യ ഓവറുകളിൽ അക്‌സർ-പന്ത് കൂട്ടുകെട്ട് പൊളിക്കാനാവാതെ വലഞ്ഞു. 37 പന്തിൽ അർധസെഞ്ചുറിയിലെത്തിയ അക്‌സർ(43 പന്തിൽ 66) പിന്നീട് രണ്ട് സിക്‌സ് കൂടി പറത്തി നൂർ അഹമ്മദിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോൾ ഡൽഹി 17 ഓവറിൽ 157ൽ എത്തിയിരുന്നു. നാലാം വിക്കറ്റിൽ 113 റൺസിന്റെ കൂട്ടുകെട്ടുയർത്തിയശേഷമാണ് അക്‌സറും പന്തും വേർ പിരിഞ്ഞത്. പിന്നാലെ 34 പന്തിൽ സിക്‌സ് അടിച്ച് അർധസെഞ്ചുറിയിലെത്തിയ റിഷഭ് പന്ത് അവസാന ഓവറുകളിൽ കണ്ണും പൂട്ടി അടിച്ചതോടെ ഡൽഹി 224 റൺസിലെത്തി. മോഹിത് ശർമയെറിഞ്ഞ അവസാന ഓവറിൽ മാത്രം പന്ത് നാല് സിക്‌സും ഒരു ഫോറും അടക്കം 30 റൺസടിച്ചു.
ഗുജറാത്തിനായി മൂന്നോവർ എറിഞ്ഞ സന്ദീപ് വാര്യർ 15 റൺസിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മറ്റ് ബൗളർമാരെല്ലാം തല്ല് വാങ്ങിയപ്പോഴും സ്‌പെഷലിസ്റ്റ് സ്പിന്നറായ സായ് കിഷോറിനെ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ പത്തൊമ്പതാം ഓവറിലാണ് ആദ്യ ഓവർ ഏൽപ്പിച്ചത്. അസ്മത്തുള്ള ഒമർസായി(നാലോവറിൽ 33), റാഷിദ് ഖാൻ(4 ഓവറിൽ 35), നൂർ അഹമ്മദ്(3 ഓവറിൽ 36-1), മോഹിത് ശർമ(4 ഓവറിൽ 73)എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോൾ പത്തൊമ്പതാം ഓവർ എറിഞ്ഞ സായ് കിഷോറിനെതിരെ ട്രൈസ്റ്റൻ സ്റ്റബ്‌സ് 22 റൺസടിച്ച് ഡൽഹിയെ 200ന് അടുത്തെത്തിച്ചു. മോഹിത് ശർമ എറിഞ്ഞ അവസാന ഓവറിൽ 31 റൺസ് കൂടി അടിച്ചതോടെ അവസാന രണ്ടോവറിൽ മാത്രം ഡൽഹി 53 റൺസടിച്ചു.