ന്യൂഡൽഹി: അവസാന പന്തുവരെ ആരാധകരെ ത്രസിപ്പിച്ച മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ നാല് റൺസിന് കീഴടക്കി ഡൽഹി ക്യാപിറ്റൽസ്. ഇംപാക്ട് പ്ലെയറായി ഇറങ്ങി ബാറ്റിങ് വെടിക്കെട്ട് നടത്തിയ സായ് സുദർശനും വീരോചിത പോരാട്ടം കാഴ്ചവച്ച ഡേവിഡ് മില്ലറും ഫിനിഷറുടെ റോൾ ഏറ്റെടുത്ത റാഷിദ് ഖാനും പൊരുതിയെങ്കിലും ഡൽഹിയുടെ റൺമലയ്ക്ക് മുന്നിൽ പൊരുതി വീഴാനായിരുന്നു ഗുജറാത്തിന്റെ വിധി.

മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിൽ 19 റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തും ബൗണ്ടറി കടത്തിയ റാഷിദ് ഖാൻ പ്രതീക്ഷ നൽകിയെങ്കിലും അടുത്ത രണ്ട് പന്തിലും സിംഗിൾ ഓടിയില്ല. അഞ്ചാം പന്ത് സിക്‌സിന് പറത്തിയെങ്കിലും അവസാന പന്തിൽ ജയിക്കാൻ 5 റൺസ് വേണ്ടപ്പോൾ സിംഗിളെടുക്കാനെ റാഷിദിന് കഴിഞ്ഞുള്ളു. ജയത്തോടെ ഗുജറാത്തിനെ മറികടന്ന് ഡൽഹി എട്ട് പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറിയപ്പോൾ ഗുജറാത്ത് ഏഴാം സ്ഥാനത്താണ്.

സായ് സുദർശൻ 65 റൺസും മില്ലർ 55 റൺസും സ്വന്തമാക്കി. 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന്റെ ഇന്നിങ്‌സ് 220ൽ അവസാനിച്ചു. ഡൽഹിക്കായി റാസിഖ് സലാം മൂന്ന് വിക്കറ്റ് വീഴ്‌ത്തി. സ്‌കോർ: ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ 4ന് 224, ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 8ന് 220.

ഡേവിഡ് മില്ലറും റാഷിദ് ഖാനും ക്രീസിലുള്ളപ്പോൾ അവസാന മൂന്നോവറിൽ 49 റൺസായിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. പതിനെട്ടാം ഓവറിലെലെ മൂന്നാം പന്തിൽ അതുവരെ തകർത്തടിച്ച ഡേവിഡ് മില്ലർ മടങ്ങിയതോടെ ഗുജറാത്ത് തോൽവി ഉറപ്പിച്ചതാണ്. അവസാന രണ്ടോവറിൽ 37 റൺസ് വേണ്ടിയിരുന്ന ഗുജറാത്തിനായി റാസിക് സലാം എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 18 റൺസടിച്ച സായ് കിഷോറും റാഷിദ് ഖാനും ചേർന്ന് അവസാന ഓവറിലെ ലക്ഷ്യം 19 ആക്കി.

മുകേഷ് കുമാർ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി റാഷിദ് ഖാൻ വിജയപ്രതീക്ഷ നൽകിയെങ്കിലും മറുവശത്ത് മോഹിത് ശർമയായതിനാൽ മൂന്നും നാലും പന്തുകളിൽ സിംഗിൾ ഓടിയില്ല. അഞ്ചാം പന്തിൽ വീണ്ടും സിക്‌സ് അടിച്ച റാഷിദ് ഖാൻ ലക്ഷ്യം അവസാന പന്തിൽ അഞ്ച് റൺസാക്കി. എന്നാൽ അവസാന പന്തിൽ സിംഗിളെടുക്കാനെ റാഷിദിനായുള്ളു. 11 പന്തിൽ 22 റൺസുമായി റാഷിദ് ഖാൻ പുറത്താകാതെ നിന്നപ്പോൾ സായ് കിഷോർ ആറ് പന്തിൽ 13 റൺസെടുത്ത് പുറത്തായി.

ഡൽഹി ഉയർത്തിയ റൺമല പിന്തുടർന്ന ടൈറ്റൻസിന് സ്‌കോർ ബോർഡിൽ 13 റൺസ് ചേർക്കുന്നതിനിടെ നായകൻ ശുഭ്മൻ ഗില്ലിനെ നഷ്ടമായി. കേവലം 6 റൺസ് മാത്രം നേടിയ താരം അക്ഷർ പട്ടേലിന് ക്യാച്ച് സമ്മാനിച്ചാണ് മടങ്ങിയത്. രണ്ടാം വിക്കറ്റിൽ നിലയുറപ്പിച്ചു കളിച്ച വൃദ്ധിമാൻ സാഹയും സായാ സുദർശനും ചേർന്ന് സ്‌കോർ ബോർഡ് ചലിപ്പിച്ചു. പത്താം ഓവറിൽ കുൽദീപ് യാദവിന്റെ പന്തിൽ സാഹ പുറത്താവുമ്പോൾ സ്‌കോർ 98ൽ എത്തിയിരുന്നു. 25 പന്തിൽ 39 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ അസ്മത്തുല്ല ഒമർസായ് (1) നേരിട്ട രണ്ടാം പന്തിൽ ജേക് ഫ്രേസറിന് ക്യാച്ച് നൽകി മടങ്ങി.

തകർത്തടിച്ച സായ് സുദർശനെ 13ാം ഓവറിൽ റാസിഖ് സലാം കൂടാരം കയറ്റി. 39 പന്തിൽ 7 ഫോറും 2 സിക്‌സും സഹിതം 65 റൺസാണ് താരം അടിച്ചുകൂട്ടിയത്. വമ്പൻ അടികളുമായി കളം നിറഞ്ഞ ഡേവിഡ് മില്ലർ ഗുജറാത്തിന് ജയപ്രതീക്ഷ നൽകിയെങ്കിലും മുകേഷ് കുമാർ എറിഞ്ഞ 18ാം ഓവറിൽ പുറത്തായി. 23 പന്തിൽ 6 ഫോറും 3 സിക്‌സും സഹിതം 55 റൺസാണ് താരം അടിച്ചുകൂട്ടിയത്. മധ്യനിരയിൽ ഷാറുഖ് ഖാൻ (8), രാഹുൽ തെവാട്ടിയ (8) എന്നിവർ സ്‌കോർ കണ്ടെത്താൻ വിഷമിച്ചതോടെ ടൈറ്റൻസിന്റെ പ്രതീക്ഷകൾ മങ്ങി. അവസാസ ഓവറിൽ തകർത്തടിച്ച റാഷിദ് ഖാൻ ടീമിനെ വിജയതീരത്ത് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും ലക്ഷ്യത്തിലെത്തിന് 5 റൺസകലെ ഇന്നിങ്‌സ് അവസാനിച്ചു.

ക്യാപ്റ്റൻ ഋഷഭ് പന്തും അക്ഷർ പട്ടേലും ഫോമിലേക്ക് ഉയർന്നതോടെയാണ് ക്യാപിറ്റൽസ്, ടൈറ്റൻസിനു മുന്നിൽ 225 റൺസിന്റെ വിജയലക്ഷ്യമുയർത്തിയത്. ഇരുവരും ക്യാപിറ്റൽസിനായി അർധ സെഞ്ചറി നേടി. അക്ഷർ പട്ടേൽ 43 പന്തിൽ 66 റൺസ് നേടിയപ്പോൾ ഋഷഭ് പന്ത് 43 പന്തിൽ 88 റൺസുമായി പുറത്താകാതെനിന്നു. ടൈറ്റൻസിനായി സന്ദീപ് വാര്യർ 3 ഓവറിൽ 15 റൺസ് വഴങ്ങി 3 വിക്കറ്റ് നേടി. നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിലാണ് ഡൽഹി 224 റൺസ് അടിച്ചുകൂട്ടിയത്.

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റൽസിന് സ്‌കോർ ബോർഡിൽ 36 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടമായി. പൃഥ്വി ഷാ 11 റൺസും ജേക് ഫ്രേസർ 23 റൺസുമായി മടങ്ങി. ഇരുവരെയും സന്ദീപ് വാര്യർ നൂർ അഹമ്മദിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. 5 റൺസ് നേടിയ ഷായ് ഹോപിനെ സന്ദീപ് തന്നെ റാഷിദ് ഖാന്റെ കൈകളിലെത്തിച്ചു. ഇതോടെ ക്യാപിറ്റൽസ് 3ന് 44 എന്ന നിലയിലായി. പിന്നീടൊന്നിച്ച അക്ഷർ പട്ടേലും ഋഷഭ് പന്തും ചേർന്ന് ഡൽഹിയെ തകർച്ചയിൽനിന്ന് രക്ഷിക്കുകയായിരുന്നു.

ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 113 റൺസിന്റെ പാർട്‌നർഷിപ് പടുത്തുയർത്തി. 17ാം ഓവറിൽ അക്ഷറിനെ പുറത്താക്കി നൂർ അഹമ്മദാണ് ഈ കൂട്ടുകെട്ട് തകർത്തത്. 5 ഫോറും നാലു സിക്‌സും സഹിതമാണ് താരം 66 റൺസ് നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്‌സും പന്തും ചേർന്ന് ടീം സ്‌കോർ 200 കടത്തി. 7 പന്തിൽ 3 ഫോറും 2 സിക്‌സും സഹിതം 26* റൺസാണ് സ്റ്റബ്‌സ് അടിച്ചുകൂട്ടിയത്. പന്തിന്റെ ബാറ്റിൽനിന്ന് 5 ഫോറും 8 സിക്‌സും പിറന്നു. മോഹിത് ശർമയെറിഞ്ഞ അവസാന ഓവറിൽ മാത്രം 31 റൺസാണ് ക്യാപിറ്റൽസ് നേടിയത്.