ഹരാരെ: സിംബാബ്വെ മുൻ ക്രിക്കറ്റ് താരം ഗയ് വിറ്റാലിന് പുലിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഹ്യുമാനി പ്രദേശിലൂടെ പ്രഭാത നടത്തത്തിനിടെയാണ് വിറ്റാലിനെ പുലി ആക്രമിച്ചത്. പുലിയെ തുരത്താൻ ശ്രമിച്ച വളർത്തുനായ ചിക്കാരയ്ക്കും ഗുരുതരമായി പരിക്കേറ്റു. എയർ ആംബുലൻസിൽ ഹരാരേയിലെ ആശുപത്രിയിലേക്ക് മാറ്റിയ വിറ്റാലിനെ, അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകടനില തരണം ചെയ്തെന്നാണ് സൂചന.

പുലിയുടെ ആക്രമണത്തിൽ നിന്നും വിറ്റാലിന്റെ ജീവൻ രക്ഷിച്ച വളർത്തുനായ ചിക്കാരയ്ക്കും പരുക്കേറ്റതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽവച്ചുള്ള താരത്തിന്റെ ചിത്രങ്ങൾ ഭാര്യ ഹന്ന സ്റ്റൂക്‌സ് വിറ്റാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.

ആശുപത്രിയിൽ കിടക്കുന്ന 51 കാരന്റെ ചിത്രങ്ങൾ ഹന്നാ സ്റ്റൂക്സ് വിറ്റാൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. തലയിലും മറ്റും ബാൻഡേജ് കെട്ടിയിട്ടാണ് അദ്ദേഹം കിടക്കുന്നത്. ഹരാരെയിലെ ആശുപത്രിയിൽ അദ്ദേഹം ശസ്ത്രക്രിക്ക് വിധേയനായിരുന്നു. നായയെ വെറ്റിനറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താരത്തിന്റെ തലയിലും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. ഹരാരെയിലെ മിൽറ്റൻ പാർക്ക് ആശുപത്രിയിലാണു വിറ്റാലിനെ ചികിത്സിക്കുന്നത്. രാവിലെ ട്രക്കിങ്ങിനിടെയാണ് വിറ്റാലിനെ പുലി ആക്രമിച്ചത്. 2013ൽ വിറ്റാലിന്റെ താമസ സ്ഥലത്തെ കട്ടിലിന് അടിയിൽനിന്ന് ഭീമൻ മുതലയെ കണ്ടെത്തിയത് വൻ വാർത്തയായിരുന്നു. മുതലയുണ്ടെന്ന് അറിയാതെ രാത്രി മുഴുവൻ വിറ്റാൽ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്നു.

സിംബാബ്‌വെയിലെ ഹുമാനിയിൽ സഫാരി ബിസിനസ് നടത്തുകയാണ് വിറ്റാൽ ഇപ്പോൾ. സിംബാബ്‌വെ ദേശീയ ടീമിനു വേണ്ടി 46 ടെസ്റ്റുകളിലും 147 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഗയ് വിറ്റാൽ. 2003ലാണ് ദേശീയ ടീമിനായി ഒടുവിൽ കളിച്ചത്. ടെസ്റ്റിൽ നാലു സെഞ്ചറികളടക്കം 2207 റൺസ് താരം നേടിയിട്ടുണ്ട്. 51 വിക്കറ്റുകളും സ്വന്തമാക്കി. ഏകദിന ക്രിക്കറ്റിൽ 2705 റൺസും 88 വിക്കറ്റുകളും നേടിയിട്ടുണ്ട്.