- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം
ഹൈദരാബാദ്: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വന്ന് സ്വന്തം കാണികൾക്ക് മുന്നിൽ നാണംകെടുത്തിയ സൺറൈസേഴ്സ് ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ പ്രതികാരം. വിരാട് കോലിയുടെയും രജത് പാട്ടിദറിന്റെയും അർധ സെഞ്ചുറി ബലത്തിൽ 206 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഡു പ്ലെസിസും സംഘവും സൺറൈസേഴ്‌സിനെ 171 റൺസിൽ എറിഞ്ഞൊതുക്കി. ജയിച്ചെങ്കിലും ഒൻപതു മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമായി ബെംഗളൂരു അവസാന സ്ഥാനത്തും, തോറ്റ സൺറൈസേഴ്‌സ് എട്ടു കളികളിൽനിന്ന് അഞ്ച് വിജയങ്ങൾ സഹിതം 10 പോയിന്റുമായി മൂന്നാം സ്ഥാനത്തും തുടരുന്നു.
ബെംഗളൂരുവിനെതിരെ അപ്രതീക്ഷിത ബാറ്റിങ് തകർച്ച നേരിട്ട സൺറൈസേഴ്‌സ് 35 റൺസിന്റെ തോൽവി വഴങ്ങി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 206 റൺസ്. സൺറൈസേഴ്‌സിന്റെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 171 റൺസിൽ അവസാനിച്ചു. ആദ്യ പത്തോവറിൽത്തന്നെ ആറ് വിക്കറ്റുകൾ വീണ ഹൈദരാബാദിന് പിന്നീട് ഒരു തിരിച്ചുവരവ് സാധ്യമായില്ല. സ്‌കോർ- ബെംഗളൂരു: 206/7 (20 ഓവർ). ഹൈദരാബാദ്: 171/8 (20 ഓവർ).
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽത്തന്നെ വമ്പനടിക്കാരൻ ട്രാവിസ് ഹെഡിനെ നഷ്ടമായി. വിൽ ജാക്സിന്റെ പന്തിൽ കരൺ ശർമ ക്യാച്ച് ചെയ്ത് മടങ്ങുമ്പോൾ സ്‌കോർബോർഡിൽ ഒരു റണ്ണേ ട്രാവിസിന് ചേർക്കാനായുള്ളൂ. യഷ് ദയാൽ എറിഞ്ഞ നാലാം ഓവറിൽ അഭിഷേക് ശർമയും പുറത്തായി. 13 പന്തിൽ 31 റൺസ് നേടി മിന്നും പ്രകടനം നടത്തിക്കൊണ്ടിരിക്കേയാണ് വിക്കറ്റ് കളഞ്ഞത്.
അടുത്ത ഓവറിൽ എയ്ഡൻ മാർക്രമും പുറത്തായതോടെ പവർപ്ലേയിൽത്തന്നെ നാല് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ട അവസ്ഥയിലായി ഹൈദരാബാദ്. എന്നിരുന്നാലും ടീം റൺസ് മികച്ചുതന്നെ നിന്നു-62/4. കരൺ ശർമയെറിഞ്ഞ എട്ടാം ഓവറിൽ അഞ്ചാം വിക്കറ്റും നഷ്ടപ്പെട്ടതോടെ (നിതീഷ് റെഡ്ഢി) ഹൈദരാബാദിന് തിരിച്ചുവരവ് വലിയ ബുദ്ധിമുട്ടായി. പത്താം ഓവറിൽ അബ്ദുൽ സമദും (10) പുറത്തായി.
തോൽവി ഉറപ്പായ ഘട്ടത്തിലും ഒരു വശത്ത് നിലയുറപ്പിച്ച ഷഹബാസ് അഹമ്മദാണ് സൺറൈസേഴ്‌സിന്റെ ടോപ് സ്‌കോറർ. 37 പന്തുകൾ നേരിട്ട ഷഹബാസ് ഓരോ സിക്‌സും ഫോറും സഹിതം 40 റൺസുമായി പുറത്താകാതെ നിന്നു. 13 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 31 റൺസെടുത്ത അഭിഷേക് ശർമ, 15 പന്തിൽ ഒരു ഫോറും മൂന്നു സിക്‌സും സഹിതം 31 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. ആർസിബിക്കായി കാമറോൺ ഗ്രീൻ, കാൺ ശർമ, സ്വപ്നിൽ സിങ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
ഈ സീസണിൽ കൂറ്റൻ സ്‌കോറുകൾ കണ്ടെത്തുന്നതി ശീലമാക്കിയ സൺറൈസേഴ്‌സ്, ആർസിബി ഉയർത്തിയ 207 റൺസ് വിജയലക്ഷ്യം മറികടക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ആദ്യ ഓവറിൽത്തന്നെ അവരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു. വിൽ ജാക്‌സ് എറിഞ്ഞ ആദ്യ ഓവറിലെ അവസാന പന്തിൽ ഇൻ ഫോം ബാറ്റർ ട്രാവിസ് ഹെഡ് പുറത്ത്. മൂന്നു പന്തിൽ ഒരു റണ്ണായിരുന്നു സമ്പാദ്യം. അഭിഷേക് ശർമ ഒരു വശത്ത് തകർത്തടിച്ച് 13 പന്തിൽ മൂന്നു ഫോറും രണ്ടു സിക്‌സും സഹിതം 31 റൺസെടുത്തെങ്കിലും യഷ് ദയാലിന്റെ പന്തിൽ പുറത്തായി. പിന്നീട് അവർക്ക് പ്രതീക്ഷ നൽകിയത് 15 പന്തിൽ 31 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മാത്രം. അതു അധികനേരം നീണ്ടുനിന്നില്ല. കാമറോൺ ഗ്രീനിന്റെ പന്തിൽ മുഹമ്മദ് സിറാജിന് ക്യാച്ച് സമ്മാനിച്ച് പുറത്തായി.
ട്രാവിസ് ഹെഡിനു പുറമേ എയ്ഡൻ മർക്രം (എട്ടു പന്തിൽ ഏഴ്), നിതീഷ് റെഡ്ഡി (13 പന്തിൽ 13), ഹെന്റിച് ക്ലാസൻ (മൂന്നു പന്തിൽ ഏഴ്), അബ്ദുൽ സമദ് (ആറു പന്തിൽ 10) എന്നിവർ നിരാശപ്പെടുത്തി. ഭുവനേശ്വർ കുമാർ 13 പന്തിൽ മൂന്നു ഫോറുകളോടെ 13 റൺസെടുത്ത് പുറത്തായി. ജയ്ദേവ് ഉനദ്കട് ഒൻപതു പന്തിൽ ഏഴു റൺസുമായി പുറത്താകാതെ നിന്നു. ആർസിബിക്കായി കാൺ ശർമ നാല് ഓവറിൽ 29 റൺസ് വഴങ്ങിയും സ്വപ്നിൽ സിങ് മൂന്ന് ഓവറിൽ 40 റൺസ് വഴങ്ങിയും കാമറോൺ ഗ്രീൻ രണ്ട് ഓവറിൽ 12 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. വിൽ ജാക്‌സ്, യഷ് ദയാൽ എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു.
ടോസ് നേടി ആദ്യം ബാറ്റുചെയ്ത ബെംഗളൂരുവിന്റെ തീരുമാനം ശരിവയ്ക്കുന്ന വിധത്തിലായിരുന്നു ഇന്നിങ്സിന്റെ മുന്നോട്ടുപോക്ക്. 20 പന്തിൽ 50 റൺസുമായി രജത് പാട്ടിദറും 43 പന്തിൽ 51 റൺസുമായി വിരാട് കോലിയുമാണ് ബെംഗളൂരു സ്‌കോർ ഇരുന്നൂറ് കടത്തിയത്. നാലോവറിൽ 30 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്‌ത്തി ജയ്ദേവ് ഉനദ്കട്ട് ഹൈദരാബാദ് നിരയിൽ വ്യക്തിഗത മികവ് പുലർത്തി.
കോലിയും ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസും മികച്ച തുടക്കമാണ് ബെംഗളൂരുവിന് നൽകിയത്. കമിൻസിന്റെ മൂന്നാം ഓവറിൽ ഇരുവരും ചേർന്ന് നേടിയത് 19 റൺസ്. നാലാം ഓവറിൽ നടരാജന്റെ പന്തിൽ മാർക്രമിന് ക്യാച്ച് നൽകി ഡുപ്ലെസിസ് മടങ്ങി. നേടിയത് 12 പന്തിൽ 25 റൺസ്. 61-ന് ഒന്ന് ആയിരുന്നു ബെംഗളൂരുവിന്റെ പവർ പ്ലേ സ്‌കോർ.
മാർക്കണ്ഡെ എറിഞ്ഞ ഏഴാം ഓവറിൽ വിൽ ജാക്‌സ് പുറത്തായി (9 പന്തിൽ 6). തുടർന്ന് രജത് പാട്ടിദറെത്തി. കോലിയും പാട്ടിദറും ചേർന്ന് നാലാം വിക്കറ്റിൽ 65 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. മാർക്കണ്ഡെ എറിഞ്ഞ 11-ാം ഓവറിൽ പാട്ടിദറിന്റെ നാല് സിക്‌സ് സഹിതം 27 റൺസാണ് നേടിയത്. 19 പന്തിൽ അർധ സെഞ്ചുറി കുറിച്ച പാട്ടിദർ 20-ാം പന്തിൽ അബ്ദുൽ സമദിന് ക്യാച്ച് നൽകി പുറത്തായി. ഉനദ് കട്ടിനാണ് വിക്കറ്റ്. 20 പന്തിൽ അഞ്ച് സിക്‌സും രണ്ട് ഫോറും സഹിതം 50 റൺസാണ് സമ്പാദ്യം. ഇതോടെ ആർ.സി.ബി.ക്കുവേണ്ടി ഏറ്റവും കുറഞ്ഞ പന്തുകളിൽ ഫിഫ്റ്റി നേടുന്ന രണ്ടാമത്തെ താരമാവാൻ പാട്ടിദറിന് കഴിഞ്ഞു. 17 പന്തുകളിൽ ഫിഫ്റ്റി നേടിയ ഗെയ്‌ലാണ് മുന്നിലുള്ളത്.
37 പന്തിൽനിന്നാണ് കോലി അർധ സെഞ്ചുറി കുറിച്ചത്. 15-ാം ഓവറിൽ ഉനദ്കട്ടിന്റെ പന്തിൽ അബ്ദുൽ സമദിന് ക്യാച്ച് നൽകി പുറത്താകുമ്പോൾ കോലി നേടിയത് 43 പന്തിൽ 51 റൺസ്. ഒരു സിക്‌സും നാല് ഫോറും ഉൾപ്പെടുന്ന ഇന്നിങ്‌സ്. ആദ്യ 23 റൺസ് 11 പന്തുകളിൽനിന്ന് നേടിയ കോലി, പിന്നീടുള്ള 28 റൺസ് നേടാനെടുത്തത് 32 പന്തുകൾ.
കോലിക്കു പിന്നാലെ മഹിപാൽ ലാംററും (7) പുറത്തായി. ഇതിനിടെ ഒരുവശത്ത് കാമറോൺ ഗ്രീൻ പിടിച്ചുനിന്നു. ദിനേഷ് കാർത്തിക് (ആറ് പന്തിൽ 11) 19ാം ഓവറിൽ കമ്മിൻസിന്റെ പന്തിൽ സമദിന് ക്യാച്ച് നൽകി മടങ്ങി. ഇതോടെ സ്വപ്നിൽ സിങ്ങും ഗ്രീനുമായി ക്രീസിൽ. കാമറോൺ ഗ്രീൻ പുറത്താവാതെ 20 പന്തിൽ 37 റൺസ് നേടി. സ്വപ്നിൽ സിങ് ആറുപന്തിൽ 12. ഹൈദരാബാദിനായി നടരാജൻ (രണ്ട്), കമിൻസ്, മാർക്കണ്ഡെ (ഓരോന്ന്) വിക്കറ്റുകൾ നേടി.