ന്യൂഡൽഹി: ഐ.പി.എലിൽ വീണ്ടും റൺമല കയറിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ പത്തു റൺസിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റുചെയ്ത ഡൽഹി, ജാക് ഫ്രേസർ മഗുർക്കിന്റെ വെടിക്കെട്ട് തുടക്കത്തിന്റെ ആനുകൂല്യത്തിൽ 257 റൺസ് നേടിയപ്പോൾ തിലക് വർമയുടേയും ടിം ഡേവിഡിന്റെയും വീരോചിത പോരാട്ടത്തിനും മുംബൈയെ രക്ഷിക്കാനായില്ല. മുംബൈ 247 റൺസ് വരെ പൊരുതിയെങ്കിലും പത്ത് റൺസിന്റെ തോൽവിയേറ്റുവാങ്ങി.

27 പന്തുകളിൽ 84 റൺസ് നേടിയ ഓപ്പണർ മഗുർക്കിന്റെ ഇന്നിങ്സാണ് ഡൽഹിക്ക് ബലമായത്. അവസാന ഓവറുകളിൽ തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്സും ഷായ് ഹോപ്പും കാര്യമായ സംഭാവനകൾ നൽകി. മറുപടിയായി മുബൈ നിരയിൽ തിലക് വർമ കൂറ്റൻ അടികൾ നടത്തിയെങ്കിലും ടീമിന്റെ ജയത്തിലേക്ക് നയിച്ചില്ല. മൂന്നുവീതം വിക്കറ്റുകൾ നേടിയ റാസിഖ് സലാമും മുകേഷ് കുമാറും ഡൽഹിയുടെ ജയത്തിൽ വലിയ പങ്കുവഹിച്ചു.

സീസണിലെ ആറാം തോൽവി വഴങ്ങിയതോടെ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ തുലാസിലായി. 257 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്. മുംബൈയ്ക്കായി തിലക് വർമ അർധ സെഞ്ചറി നേടി. 32 പന്തുകൾ നേരിട്ട താരം 63 റൺസെടുത്തു പുറത്തായി. ടിം ഡേവിഡ് 17 പന്തിൽ 37 റൺസെടുത്തു.

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 24 പന്തിൽ 46 റൺസെടുത്തു. ആറു പോയിന്റുള്ള മുംബൈ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ഡൽഹി ക്യാപിറ്റൽസ് ആറാമതുണ്ട്. മറുപടി ബാറ്റിങ്ങിൽ സ്‌കോർ 35ൽ നിൽക്കെയാണ് മുംബൈയുടെ ആദ്യ വിക്കറ്റു പോയത്. എട്ട് പന്തുകളിൽ അത്രതന്നെ റൺസെടുത്ത രോഹിത് ഖലീൽ അഹ്‌മദിന്റെ പന്തിൽ കൂറ്റനടിക്ക് ശ്രമിക്കവേ, ഷായ് ഹോപ്പിന്റെ കൈകളിലെത്തി മടങ്ങി. പിന്നാലെ ഇഷാൻ കിഷനും പുറത്തായി. മുകേഷ് കുമാറിന്റെ ഓവറിൽ അക്സർ പട്ടേലിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ 14 പന്തിൽ 20 റൺസായിരുന്നു സമ്പാദ്യം. ആറാം ഓവറിൽ ഖലീൽ അഹ്‌മദ് വീണ്ടും വിക്കറ്റുമായി കളം നിറഞ്ഞു. ഇത്തവണ സൂര്യകുമാർ യാദവായിരുന്നു ഇര. വില്യംസ് ലിസാഡിന് ക്യാച്ചായി മടങ്ങി

ഒൻപത് ഓവറിലാണ് മുംബൈ നൂറു കടന്നത്. സ്‌കോർ 136ൽ നിൽക്കെ മുംബൈ ക്യാപ്റ്റൻ പുറത്തായി. റാഷിദ് സലാമിന്റെ പന്തിൽ മുകേഷ് കുമാർ ക്യാച്ചെടുക്കുകയായിരുന്നു. നേഹൽ വധേര (നാല്) വന്നപോലെ മടങ്ങി. തിലക് വർമയിലും ടിം ഡേവിഡിലുമായിരുന്നു മുംബൈ ആരാധകരുടെ പിന്നീടുള്ള പ്രതീക്ഷ. 17.1 ഓവറിൽ മുംബൈ 200 പിന്നിട്ടു. 17 പന്തിൽ 37 റൺസെടുത്ത ടിം ഡേവിഡിനെ മുകേഷ് കുമാർ വിക്കറ്റിനു മുന്നിൽ കുടുക്കിയതോടെ മുംബൈ വീണ്ടും പ്രതിരോധത്തിലായി.

തൊട്ടുപിന്നാലെ അഫ്ഗാൻ ബാറ്റർ മുഹമ്മദ് നബിയും മടങ്ങി. അവസാന ഓവറിൽ 25 റൺസായിരുന്നു മുംബൈ ഇന്ത്യൻസിന് ജയിക്കാൻ വേണ്ടിയിരുന്നത്. മുകേഷ് കുമാറിന്റെ ആദ്യ പന്തിൽ ഡബിൾ ഓടാനുള്ള ശ്രമത്തിനിടെ തിലക് വർമ റൺഔട്ടായത് മുംബൈയുടെ സാധ്യതകളെ ഇല്ലാതാക്കി. ഡൽഹിക്കു വേണ്ടി പേസർ റാസിഖ് സലാം മൂന്നു വിക്കറ്റുകൾ വീഴ്‌ത്തി.

ഓപ്പണിങ് ബാറ്ററായ ജാക്ക് ഫ്രേസർ മഗുർക്കിന്റെ തകർപ്പൻ തുടക്കമാണ് ഡൽഹി സ്‌കോർ ഉയർത്തിയത്. 27 പന്തുകളിൽ ആറ് സിക്സും 11 ബൗണ്ടറിയും ഉൾപ്പെടെ 84 റൺസാണ് മഗുർക്ക് നേടിയത്. അവസാന ഓവറുകളിൽ തകർത്തടിച്ച ട്രിസ്റ്റൻ സ്റ്റബ്സ് 25 പന്തിൽ 48 റൺസ് നേടി.

അർധ സെഞ്ചുറിയിലെത്താൻ കേവലം 15 പന്തുകളാണ് മഗുർക്കിന് വേണ്ടിവന്നത്. ടി20-യിൽ 15 പന്തുകളിൽ അർധ സെഞ്ചുറി രണ്ടുതവണ നേടുന്ന മൂന്നാമത്തെ കളിക്കാരനായി മഗുർക്ക് മാറി. നേരത്തേ ആന്ദ്രെ റസലും സുനിൽ നരെയ്നും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഈ സീസണിൽത്തന്നെ ഹൈദരാബാദിനെതിരെയായിരുന്നു മഗുർക്ക് 15 പന്തിൽ ആദ്യത്തെ അർധ സെഞ്ചുറി കുറിച്ചത്. ഡൽഹി ക്യാപിറ്റൽസിനുവേണ്ടി ഈ നേട്ടം കൈവരിച്ച ഒരേയൊരാളും മഗുർക്കാണ്.

ലൂക്കെ വുഡ് എറിഞ്ഞ ആദ്യ ഓവറിൽത്തന്നെ 19 റൺസാണ് മഗുർക്ക് നേടിയത്. തുടർന്നുള്ള ഓവറുകളിൽ ബുംറയെയും തുഷാരയെയും പിയൂഷ് ചൗളയെയുമെല്ലാം കടന്നാക്രമിച്ചു. ഹാർദിക് പാണ്ഡ്യ എറിഞ്ഞ അഞ്ച്, ഏഴ് ഓവറുകളിൽ യഥാക്രമം 20, 21 റൺസുകളാണ് ഡൽഹി നേടിയത്. ആദ്യ മൂന്നോവറിനുള്ളിൽത്തന്നെ ടീം സ്‌കോർ 50 കടന്നു. 92 റൺസാണ് പവർ പ്ലേ സ്‌കോർ. പവർപ്ലേയ്ക്കകത്തുതന്നെ 78 റൺസാണ് മഗുർക്ക് നേടിയത്. പവർപ്ലേയിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും മികച്ച മൂന്നാമത്തെ സ്‌കോർ.

ആദ്യ പത്തോവറിനുള്ളിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് നേടി. പിയൂഷ് ചൗളയെറിഞ്ഞ എട്ടാം ഓവറിൽ മഗുർക്കാണ് ആദ്യം പുറത്തായത്. മുഹമ്മദ് നബിക്ക് ക്യാച്ചായാണ് മടക്കം. പിന്നാലെ അഭിഷേക് പൊരേലും പുറത്തായി (27 പന്തിൽ 36). 14ാം ഓവറിൽ ടീം സ്‌കോർ 180-ൽ നിൽക്കേ, ഷായ് ഹോപ്പും മടങ്ങി. 17 പന്തിൽ അഞ്ച് സിക്സുകളോടെ 41 റൺസ്. പിന്നീടെത്തിയ ട്രിസ്റ്റൻ സ്റ്റബ്സ് 18-ാം ഓവറിൽ വെടിക്കെട്ട് പൂരമാണ് നടത്തിയത്. ലൂക്കെ വുഡിനെ 4, 4, 6, 4, 4, 4 എന്നിങ്ങനെ ക്രൂരുമായി പെരുമാറി. ഓവറിലാകെ 26 റൺസ്.

19-ാം ഓവറിൽ ഋഷഭ് പന്തിനെ ബുംറ പുറത്താക്കി (19 പന്തിൽ 29). പിന്നീട് അക്സർ പട്ടേലും സ്റ്റബ്സും നിശ്ചിത ഓവർ തീരുംവരെ ക്രീസിൽ നിലയുറപ്പിച്ചു. സ്റ്റബ്സ് 25 പന്തിൽ രണ്ട് സിക്സും ആറ് ഫോറും സഹിതം 48 റൺസും അക്സർ ആറ് പന്തിൽ 11 റൺസും നേടി. മുംബൈ നിരയിൽ ലൂക്കെ വുഡ് നാലോവറെറിഞ്ഞ് 68 റൺസ് വഴങ്ങി. ബുംറ, വുഡ്, ചൗള, നബി എന്നിവർ ഓരോ വിക്കറ്റ് നേടി. നാലോവറിൽ 35 റൺസ് വഴങ്ങിയ ബുംറയാണ് ബൗളിങ്ങിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.