ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം സമ്മാനിച്ചത് നായകൻ സഞ്ജു സാംസണിന്റെ ഇന്നിങ്‌സായിരുന്നു. 33 പന്തിൽ 71 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ച സഞ്ജു ടീമിനെ പ്ലേ ഓഫിന് അരികെ എത്തിക്കുകയും ചെയ്തു. മികച്ച പ്രകടനമാണ് സഞ്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് സീസണിൽ കാഴ്ചവയ്ക്കുന്നത്. ഒൻപത് മത്സരങ്ങളിൽ എട്ടിലും ജയിച്ച രാജസ്ഥാൻ റോയൽസ് പതിനാറ് പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ്.

ഏഴ് വിക്കറ്റിനായിരുന്നു ലഖ്‌നൗവിനെതിരെ രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്നൗ 197 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. എന്നാൽ രാജസ്ഥാൻ 19 ഓവറൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 34 പന്തിൽ 52 റൺസുമായി പുറത്താവാതെ നിന്ന ധ്രുവ് ജുറലിന്റെ ഇന്നിങ്സും എടുത്തുപറയണം. ഇരുവരും കൂട്ടിചേർത്ത 121 റൺസ് വിജയത്തിൽ നിർണായകമായി.

മത്സരത്തെ കുറിച്ച് സഞ്ജു പിന്നീട് സംസാരിച്ചു. ടി20 ഫോർമാറ്റിൽ ഫോം താൽകാലികമാണെന്ന് സഞ്ജു പറഞ്ഞു. രാജസ്ഥാൻ ക്യാപ്റ്റന്റെ വാക്കുകൾ... "വിക്കറ്റ് കീപ്പറായി നിൽക്കുന്നത് ഞാൻ ഏറെ ആസ്വദിക്കുന്നു. പ്രത്യേകിച്ച് പുതിയ പന്തിൽ. ശേഷം, ബാറ്റിംഗിനെത്തുമ്പോൾ മികച്ച പിച്ച് ലഭിക്കുകയും ചെയ്തു. മത്സരത്തിൽ മുമ്പ് ഒരുപാട് പദ്ധതികൾ അണിയറയിൽ നടക്കുന്നുണ്ട്. മത്സരത്തിന്റെ തുടക്കവും അവസാനവും മികച്ചതായിരുന്നു. എന്നാൽ മധ്യ ഓവറുകളിൽ കൂടുതൽ റൺസ് വഴങ്ങേണ്ടിവന്നു. ഈ ഫോർമാറ്റിൽ ഫോം താൽക്കാലികമാണ്. " സഞ്ജു പറഞ്ഞു.

സീസണിൽ ആദ്യമായി ഫോമിലേക്കെത്തിയ ധ്രുവ് ജുറെലിനെ കുറിച്ചും സഞ്ജു സംസാരിച്ചു. "ഐപിഎല്ലിന് മുമ്പുള്ള ടെസ്റ്റ് പരമ്പരയിൽ ജുറലിന്റെ പ്രകടനം നമ്മൾ കണ്ടിട്ടുണ്ട്. ഞങ്ങൾക്ക് അവനിൽ വിശ്വാസമുണ്ട്. നെറ്റ്സിൽ ചില ദിവസങ്ങളിൽ ഒന്നും രണ്ടും മണിക്കൂർ അവൻ പരിശീലനം നടത്തുന്നു. ഞങ്ങൾക്ക് നന്നായി കളിക്കാൻ സാധിച്ചു. കുറച്ച് ഭാഗ്യം കൂടി ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ഈ രീതി നിലനിർത്തി കൊണ്ടുപോവേണ്ടതുണ്ട്." സഞ്ജു കൂട്ടിചേർത്തു.

ജയത്തോടെ രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഒമ്പത് മത്സരങ്ങളിൽ 16 പോയിന്റാണ് ടീമിനുള്ളത്. ലഖ്‌നൗ ഇത്രയും മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുന്നു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ലഖ്‌നൗവിന് കെ എൽ രാഹുൽ (48 പന്തിൽ 76), ദീപക് ഹൂഡ (31 പന്തിൽ 50) എന്നിവരുടെ ഇന്നിങ്‌സാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. സന്ദീപ് ശർമ രണ്ട് വിക്കറ്റ് വീഴ്‌ത്തി. വിജയത്തോടെ രാജസ്ഥാൻ ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചു.