മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്ക് അമിത പ്രാധാന്യം നൽകുന്നതിൽ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഹാർദിക് പാണ്ഡ്യയുടെ കാര്യത്തിൽ ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് ഇർഫാൻ പഠാൻ പ്രതികരിച്ചു. ഓൾറൗണ്ടറായി അറിയപ്പെടുന്ന പാണ്ഡ്യയിൽനിന്നും ഐപിഎല്ലിൽ പ്രധാനപ്പെട്ടൊരു ഓൾറൗണ്ട് പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇർഫാൻ പഠാൻ വ്യക്തമാക്കി.

വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് ഇർഫാന്റെ ശ്രദ്ധേയ നിരീക്ഷണം. സ്റ്റാർ സ്പോർട്സ് ചർച്ചയിലാണ് മുൻ ഓൾറൗണ്ടർ തന്റെ അഭിപ്രായം തുറന്നു പ്രകടിപ്പിച്ചത്.

ഹർദികിന്റെ ഐപിഎൽ ഫോം സംബന്ധിച്ചാണ് ഇർഫാൻ നിലപാട് വ്യക്തമാക്കിയത്. ഹർദികിനെ ലോകകപ്പിൽ ഇന്ത്യൻ ടീം ഫിനിഷർ റോളിലേക്കാണ് പരിഗണിക്കുന്നത്. ഹർദികിന്റെ നിലവിലെ ഫോമും ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കുള്ള കടന്നു വരുമായിരുന്നു സ്റ്റാർ സ്പോർട്സ് ചർച്ചയുടെ വിഷയം. ഇന്ത്യൻ ഇതിഹാസം ശ്രീകാന്ത്, ഓസ്ട്രേലിയൻ ഇതിഹാസങ്ങളായ ടോം മൂഡി, മാത്യു ഹെയ്ഡൻ എന്നിവരും ഇർഫാനൊപ്പം ചർച്ചയ്ക്കുണ്ടായിരുന്നു.

"ഒരു ഓൾറൗണ്ടർ എന്ന നിലയിൽ ഹാർദിക് പാണ്ഡ്യയ്ക്ക് ആവശ്യത്തിൽ അധികം പ്രാധാന്യം നൽകുന്നതായി എനിക്കു തോന്നുന്നു. രാജ്യാന്തര തലത്തിൽ എടുത്തുപറയത്തക്ക ഒരു ഓൾറൗണ്ട് പ്രകടനം ഹാർദിക് ഇതുവരെ നടത്തിയിട്ടില്ല. ഹാർദിക്കിന്റെ കഴിവിൽ ആർക്കും സംശയമില്ല. പക്ഷേ, മത്സരത്തിൽ ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കുന്ന ഇന്നിങ്‌സുകൾ അദ്ദേഹത്തിൽ നിന്ന് ഉണ്ടാകുന്നില്ല."

'ഇന്ത്യൻ ടീം നേരത്തെ നൽകിയിരുന്ന മുൻഗണന ഇനി ഹർദികിനു നൽകരുത്. ഹർദിക് പുതിയ താരമല്ല. നിരവധി വർഷമായി ടീമിൽ കളിക്കുന്ന താരമാണ്. ഇത്ര കാലത്തെ പരിചയവും അനുഭവങ്ങളും സ്വന്തം കളി മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്നില്ല. അതാണ് നിലവിൽ കണ്ടുകൊണ്ടിരിക്കുന്നത്.'

'ഐപിഎല്ലും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മിൽ വലിയ അന്തരമുണ്ട്. ഓൾ റൗണ്ടറെന്ന നിലയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ സ്വാധീനം ചെലുത്തേണ്ടതുണ്ട്. ഹർദിക് അത്തരമൊരു ഇംപാക്ട് ഉണ്ടാക്കിയിട്ടുള്ള താരമല്ല. അന്താരാഷ്ട്ര പോരാട്ടത്തിൽ ഒരു സീസൺ തികച്ചു കളിക്കാൻ ഹർദികിനു സാധിച്ചിട്ടില്ല.

'അതിനാൽ ഹർദികിനു ഇത്ര പ്രാധാന്യം കൽപ്പിക്കേണ്ടതില്ല. വ്യക്തികൾക്ക് അമിത പ്രാധാന്യം കൽപ്പിക്കുന്ന ഏർപ്പാട് ഇന്ത്യൻ ക്രിക്കറ്റ് അവസാനിപ്പിക്കണം. ഈ സമീപനം മാറ്റാൻ ഉദ്ദേശമില്ലെങ്കിൽ ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകൾ ജയിക്കാനും സാധിക്കില്ല.'

'ഓസ്ട്രേലിയയെ നോക്കു. അവർ ടീം ഗെയിമാണ് ഇഷ്ടപ്പെടുന്നത്. ടീമിലെ എല്ലാവരും അവരെ സംബന്ധിച്ചു സൂപ്പർ സ്റ്റാറുകളാണ്. അവിടെ ഒരാൾക്ക് മാത്രമല്ല പ്രധാന്യം'- ഇർഫാൻ തുറന്നടിച്ചു.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് പഠാന്റെ വിമർശനം. പാണ്ഡ്യ ലോകകപ്പ് ടീമിൽ ഇടം പിടിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

മികച്ചൊരു ഓൾറൗണ്ടറെ ഐപിഎല്ലിൽനിന്ന് ഇതുവരെ കണ്ടെത്താൻ ബിസിസിഐയ്ക്കു സാധിച്ചിട്ടില്ല. പാണ്ഡ്യയെ ഒഴിവാക്കി തകർപ്പൻ ഫോമിലുള്ള ചെന്നൈ സൂപ്പർ കിങ്‌സ് താരം ശിവം ദുബെയെ ടീമിലേക്കു പരിഗണിക്കാനും സാധ്യതയുണ്ട്.

ഐപിഎല്ലിൽ പന്തെറിഞ്ഞ് കഴിവു തെളിയിക്കാൻ ശിവം ദുബെയ്ക്ക് അധികം അവസരം ലഭിച്ചിട്ടില്ല. ബാറ്ററായാണ് ചെന്നൈ ശിവം ദുബെയെ ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ കാര്യമായ വെല്ലുവിളികളില്ലാതെ പാണ്ഡ്യ ലോകകപ്പ് കളിക്കാനാണു സാധ്യത.