മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിക്കാനിരിക്കെ നിർണായക തീരുമാനത്തിലേക്ക് ചീഫ് സിലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും. ഐപിഎല്ലിൽ മികച്ച ഫോമിലുള്ള ഋഷഭ് പന്തിനെയും കെ.എൽ. രാഹുലിനെയും വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പരിഗണിക്കും. ഇതോടെ റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസ് നായകനും മലയാളി ക്രിക്കറ്റ് താരവുമായ സഞ്ജു സാംസൺ ടീമിലുണ്ടാകില്ലെന്നാണു പുറത്തുവരുന്ന വിവരം. ഋഷഭ് പന്തും കെ.എൽ. രാഹുലും ടീമിൽ ഇടംപിടിക്കുമെന്ന വിവരം ലഭിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

2024 ഐപിഎൽ സീസണിൽ തകർപ്പൻ ബാറ്റിങ് പ്രകടനമാണു സഞ്ജു സാംസൺ നടത്തുന്നത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ താരം അർധ സെഞ്ചറി നേടിയിരുന്നു. 71 റൺസുമായി പുറത്താകാതെനിന്ന സഞ്ജു രാജസ്ഥാനെ ഏഴു വിക്കറ്റിന്റെ ആധികാരിക വിജയത്തിലെത്തിച്ചു. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് രാജസ്ഥാൻ റോയൽസ് ഉള്ളത്.

അതിനിടെ ലഖ്‌നൗവിനെതിരായ മത്സരത്തിന് ശേഷം സഞ്ജു സാംസൺ നടത്തിയ വിജയാഘോഷം സെലക്ടർമാരെ ലക്ഷ്യമിട്ടാണെന്ന ചർച്ചകൾ സജീവമാണ്. പൊതുവേ ശാന്തനായ താരമാണ് സഞ്ജുവെങ്കിലും ലഖ്നൗവിനെതിരായ ജയം ആക്രമണോത്സകത കാട്ടിയാണ് സഞ്ജു ആഘോഷിച്ചത്. ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം തിരഞ്ഞെടുപ്പ് ഇന്നോ നാളെയോ ആയി നടക്കാനിരിക്കെ സഞ്ജുവിന്റെ വൈറൽ ആഘോഷം സെലക്ടർമാരെ ലക്ഷ്യമിട്ടാണെന്ന ചർച്ചകളാണ് സജീവം. സഞ്ജുവിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തില്ലെന്നും കെ എൽ രാഹുലിനാണ് കൂടുതൽ സാധ്യതയെന്നുമാണ് പൊതുവേയുള്ള വിലയിരുത്തൽ.

അതുകൊണ്ടുതന്നെ എല്ലാ വിമർശകർക്കൂമുള്ള മറുപടിയാണ് സഞ്ജുവിന്റെ കലിപ്പ് ആഘോഷമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഇപ്പോഴിതാ സഞ്ജുവിന്റെ ആഘോഷം സെലക്ടർമാരെ ചൊടിപ്പിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സഞ്ജുവിന്റെ ആഘോഷം സെലക്ടർമാർക്കെതിരായ വെല്ലുവിളിയായാണ് പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ അജിത് അഗാർക്കർക്കും സംഘത്തിനും സഞ്ജുവിന്റെ ആക്രമണോത്സക ആഘോഷത്തിൽ വിയോജിപ്പുണ്ടായേക്കാം.

ടി20 ലോകകപ്പ് ടീം തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നിൽക്കവെ ഇത്തരമൊരു ആഘോഷം സഞ്ജു നടത്തിയത് സ്വന്തം കുഴി തോണ്ടുന്നതുപോലെയാവാൻ സാധ്യതയുണ്ട്. സെലക്ടർമാരാണ് സഞ്ജുവിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത്തരമൊരു ആഘോഷം സഞ്ജു നടത്തിയത് സെലക്ടർമാരെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന തരത്തിൽ വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ സഞ്ജുവിനെ തഴയാനുള്ള സാധ്യതയും ഉയരും.

സഞ്ജു ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുമ്പോഴും അന്താരാഷ്ട്ര ടി20യിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ തഴഞ്ഞ് കെ എൽ രാഹുലിനെ സെലക്ടർമാർ പരിഗണിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലും സെലക്ടർമാർ അനുഭവസമ്പത്തുള്ള താരങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ കെ എൽ രാഹുലിന് ഇപ്പോഴും മുൻതൂക്കം അവകാശപ്പെടാം.

ഐപിഎല്ലിലെ ബാറ്റിങ് പ്രകടനം മാത്രം വിലയിരുത്തി ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുക പ്രയാസമാണെന്ന് പറയാം. എല്ലാ മത്സരത്തിലും ബാറ്റിങ് പിച്ചാണ് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ പ്രകടനം മാത്രം വിലയിരുത്തി ലോകകപ്പിലേക്ക് പരിഗണിക്കാനാവില്ല. ദേശീയ ടീമിൽ കളിക്കുമ്പോഴുള്ള സമ്മർദ്ദം മറ്റൊരു തലത്തിലാണ്. ഐപിഎൽ തിളങ്ങുന്നതുപോലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ തിളങ്ങാനാവില്ല. ടീമിൽ നിലനിക്കാൻ സെലക്ടർമാരുടേയും നായകന്റേയും വിശ്വാസം പിടിച്ചുപറ്റേണ്ടതും അത്യാവശ്യമാണ്.

ടീം സിലക്ഷനുമായി ബന്ധപ്പെട്ട അന്തിമ ചർച്ചകൾ സിലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ രോഹിത് ശർമയും നടത്തിക്കഴിഞ്ഞു. മെയ്‌ ഒന്നിനു മുൻപ് ട്വന്റി20 ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിക്കണമെന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നിർദ്ദേശം.

ഓൾറൗണ്ടറായി ശിവം ദുബെ ടീമിലെത്തുമെന്നാണു ബിസിസിഐ വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന വിവരം. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ വെടിക്കെട്ട് ബാറ്ററാണ് ദുബെ. ഐപിഎൽ റൺവേട്ടക്കാരിൽ വിരാട് കോലിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് സഞ്ജുവുള്ളത്. ഒൻപതു മത്സരങ്ങളിൽനിന്ന് 385 റൺസ് താരം നേടിയിട്ടുണ്ട്. നാല് അർധ സെഞ്ചറികളാണ് രാജസ്ഥാൻ ക്യാപ്റ്റൻ സീസണിൽ അടിച്ചെടുത്തത്.

വാഹനാപകടത്തിലെ പരുക്കുകൾ മാറി ഐപിഎൽ കളിക്കാനിറങ്ങിയ ഋഷഭ് പന്തും മികച്ച ഫോമിലാണുള്ളത്. 10 മത്സരങ്ങൾ കളിച്ച ഡൽഹി ക്യാപ്റ്റൻ ഇതുവരെ 371 റൺസെടുത്തിട്ടുണ്ട്. ജൂൺ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നത്. യുഎസിലും വെസ്റ്റിൻഡീസിലുമായാണു ലോകകപ്പ് മത്സരങ്ങൾ നടക്കുക. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.