കറാച്ചി: ട്വന്റി 20 ലോകകപ്പിന് തൊട്ടു മുമ്പ് വൈറ്റ് ബോൾ ക്രിക്കറ്റിനും ടെസ്റ്റ് ക്രിക്കറ്റിനും വെവ്വേറെ പരിശീലകന്മാരെ നിയോഗിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം. 2011ൽ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച ദക്ഷിണാഫ്രിക്കൻ പരിശീലകൻ ഗാരി കിർസ്റ്റനാണ് പാക്കിസ്ഥാൻ ടീമിന്റെ പുതിയ വൈറ്റ് ബോൾ പരിശീലൻ. ഓസ്‌ട്രേലിയൻ പേസ് ഇതിഹാസം ജേസൺ ഗില്ലെസ്പി ആണ് ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കുക. ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പാക് ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് നിർണായക തീരുമാനം.

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ മെന്ററാണ് നിലവിൽ കിർസ്റ്റൻ. മെയ് 22ന് കിർസ്റ്റൻ പാക്കിസ്ഥാൻ ടീമിനൊപ്പം ചേരും. മെയ് 22ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലാവും കിർസ്റ്റൻ ചുമതലയേറ്റെടുക്കുക എന്നാണ് സൂചന. മെയ് 30നാണ് പരമ്പരയിലെ അവസാന മത്സരം. അതിനുശേഷം പാക് ടീം ട്വന്റി 20 ലോകകപ്പിനായി അമേരിക്കയിലേക്ക് പോകും.

മൂന്ന് ഫോർമാറ്റിലും അസ്ഹർ മെഹ്‌മൂദിനെ സഹപരിശീലകനായും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാന് സെമിയിലെത്തുന്നതിൽ പരാജയപ്പെട്ടതോടെ ടീം ഡയറക്ടറായിരുന്ന മിക്കി ആർതറെ ഒഴിവാക്കിയിരുന്നു. പിന്നീട് മുൻ താരം മുഹമ്മദ് ഹഫീസാണ് പാക്കിസ്ഥാന്റെ ടീം ഡയറക്ടറായത്. എന്നാൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പാക് ടീം ദയനീയമായി പരാജയപ്പെട്ടതിനെത്തുടർന്ന് ഹഫീസിനെ പുറത്താക്കി.

എന്നാൽ ട്വന്റി 20 ലോകകപ്പിന് മുമ്പ് സ്ഥിരം പരിശീലകനെ പാക് ക്രിക്കറ്റ് ബോർഡ് കണ്ടെത്തുകയായിരുന്നു. നേരത്തെ ഓസ്‌ട്രേലിയൻ മുൻ ഓൾ റൗണ്ടറായ ഷെയ്ൻ വാട്‌സണെ പരിശീലകനായി നിയമിക്കാൻ ധാരണയായെങ്കിലും അവസാന നിമിഷം വാട്‌സൺ പിന്മാറി. രണ്ട് വർഷ കരാറിലാണ് മൂന്ന് പരിശീലകരെയും നിയമിച്ചിരിക്കുന്നത്.

1993നും 2004-നും ഇടയിൽ ദക്ഷിണാഫ്രിക്കക്കായി 101 ടെസ്റ്റും 185 ഏകദിനങ്ങളും കളിച്ച 54കാരനായ കിർസ്റ്റൻ 2008ലാണ ഇന്ത്യൻ പരിശീലകനായത്. 2011ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയെ ചാമ്പ്യന്മാരാക്കിയ കിർസ്റ്റൻ പിന്നാലെ ദക്ഷിണാഫ്രിക്കൻ ടീമിന്റെ പരിശീലകനായിരുന്നു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെയും റോയൽ ചലഞ്ചേഴ്‌സ് ബെംഗലൂരുവിന്റെയും മുഖ്യപരിശീലകനുമായിരുന്നു കിർസ്റ്റൻ.