അഹമ്മദാബാദ്: സിക്‌സറുകളുടെ പെരുമഴ പെയ്യിച്ച് വണ്ടർ സെഞ്ചുറിയുമായി കളം നിറഞ്ഞ വിൽ ജാക്‌സിന്റെയും അർധ സെഞ്ചുറിയോടെ ചേസ് മാസ്റ്ററെന്ന മികവിന് അടിവരയിട്ട വിരാട് കോലിയുടെയും ബാറ്റിങ് മികവിൽ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആധികാരിക ജയം. ഗുജറാത്ത് ബോളർമാരെ തല്ലിപ്പറത്തി അതിവേഗം കുതിച്ച ആർസിബി പതിനാറാം ഓവറിലെ അവസാന പന്തിൽ സിക്‌സർ പറത്തി വിജയ റണ്ണിനൊപ്പം തന്റെ സെഞ്ചുറിയും കുറിച്ചു. സിക്‌സറുകളുടെ കൂട്ടപ്പൊരിച്ചിൽ കണ്ട വിൽ ജാക്‌സിന്റെ ബാറ്റിങ് വെടിക്കെട്ട് തന്നെയായിരുന്നു ആർസിബി ഇന്നിങ്‌സിന്റെ ഹൈലറ്റ്‌സ്.

ഗുജറാത്തിനെ റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഒൻപതു വിക്കറ്റിനു കീഴടക്കി. 201 റൺസ് വിജയ ലക്ഷ്യത്തിലേക്ക് 24 പന്തുകൾ ബാക്കിനിൽക്കെയാണ് ആർസിബി അനായാസം കുതിച്ചത്.

41 പന്തുകൾ നേരിട്ട വിൽ ജാക്‌സ് 100 റൺസുമായി പുറത്താകാതെനിന്നു. പത്ത് സിക്‌സുകളാണ് വിൽ ജാക്‌സ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അടിച്ചുകൂട്ടിയത്. ഓപ്പണർ വിരാട് കോലി 44 പന്തുകളിൽ 70 റൺസുമായി വിൽ ജാക്‌സിനു ശക്തമായ പിന്തുണയേകി. സ്‌കോർ: ഗുജറാത്ത്- മൂന്നു വിക്കറ്റ് നഷ്ടത്തിൽ 200, ബെംഗളൂരു ഒരു വിക്കറ്റ് നഷ്ടത്തിൽ 16 ഓവറിൽ 206. ബെംഗളൂരു ക്യാപ്റ്റൻ ഫാഫ് ഡുപ്ലേസി 24 റൺസെടുത്തു പുറത്തായി.

24 പന്തുകളിൽ 31 റൺസെടുത്ത്, താളം കണ്ടെത്താൻ ഒരു ഘട്ടത്തിൽ ബുദ്ധിമുട്ടിയ വിൽ ജാക്‌സ് മോഹിത് ശർമയെറിഞ്ഞ 15ാം ഓവറിലാണ് ബാറ്റിങ്ങിൽ 'ഗിയർ മാറ്റിയത്'. മൂന്നു സിക്‌സുകളും രണ്ടു ഫോറുകളും ഈ ഓവറിൽ താരം ബൗണ്ടറി കടത്തി. റാഷിദ് ഖാൻ എറിഞ്ഞ 16ാം ഓവറിലെ ആദ്യ പന്തിൽ കോലി എടുത്ത് നോൺ സ്‌ട്രൈക്കർ എൻഡിൽ കാഴ്ചക്കാരനായി. നാലു സിക്‌സുകളും ഒരു ഫോറും നേടി വിൽ ജാക്‌സ് കളി നേരത്തേ തീർത്തുകൊടുത്തു.

ഈ സീസണിൽ ആദ്യമായാണ് ആർസിബി തുടർച്ചയായി രണ്ട് മത്സരം ജയിക്കുന്നത്. ജയിച്ചെങ്കിലും ആറ് പോയന്റുള്ള ആർസിബി പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഗുജറാത്ത് ഏഴാം സ്ഥാനത്ത് തുടരുന്നു.

201 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ആർസിബിക്കായി ക്യാപ്റ്റൻ ഫാഫ് ഡൂപ്ലെസിയും വിരാട് കോലിയും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ നാലോവറിൽ 40 റൺസടിച്ച് തകർപ്പൻ തുടക്കമിട്ടു. 12 പന്തിൽ 24 റൺസെടുത്ത ഫാഫ് ഡൂപ്ലെസിയെ സായ് കിഷോർ മടക്കിയെങ്കിലും ആർസിബിയുടെ സ്‌കോറിങ് വേഗം കുറയാതെ കാത്ത കോലിയും വൺ ഡൗണായി എത്തിയ വിൽ ജാക്‌സും ചേർന്ന് പവർപ്ലേയിൽ അവരെ 61 റൺസിലെത്തിച്ചു.

തുടക്കത്തിൽ വിൽ ജാക്‌സ് സ്പിന്നർമാർക്കെതിരെ റണ്ണടിക്കാൻ ബുദ്ധിമുട്ടിയപ്പോൾ നൂർ അഹമ്മദിനെയും ഫലപ്രദമായി നേരിട്ട കോലി ആർസിബിയുടെ സ്‌കോറുയർത്തി. പതിനൊന്നാം ഓവറിൽ ആർസിബി 100 കടക്കുന്നതിന് തൊട്ടു മുമ്പ് 32 പന്തിൽ വിരാട് കോലി അർധസെഞ്ചുറി തികച്ചു. അവസാന ആറോവറിൽ 53 റൺസായിരുന്നു ആർസിബിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്.

31 പന്തിൽ അർധസെഞ്ചുറിയിലെത്തിയ വിൽ ജാക്‌സ് മോഹിത് ശർമ എറിഞ്ഞ പതിനഞ്ചാം ഓവറിൽ മൂന്ന് സിക്‌സും രണ്ട് ഫോറും അടക്കം 29 റൺസടിച്ചതോടെ ആർസിബിയുടെ ലക്ഷ്യം 30 പന്തിൽ 24 റൺസായി. റാഷിദ് ഖാൻ എറിഞ്ഞ പതിനാറാം ഓവറിലെ ആദ്യ പന്തിൽ സിംഗിൾ എടുത്ത് സീസണിൽ 500 റൺസ് പിന്നിട്ട കോലിക്ക് പിന്നാലെ റാഷിദിനെ നാല് സിക്‌സും ഒരു ഫോറും പറത്തിയ വിൽ ജാക്‌സ് 40 പന്തിൽ സെഞ്ചുറി തികച്ച് ആർസിബിയെ ജയത്തിലെത്തിച്ചു. 31 പന്തിൽ അർധസെഞ്ചുറിയിലെത്തിയ വിൽ ജാക്‌സ് പിന്നീട് നേരിട്ട 10 പന്തിലാണ് സെഞ്ചുറിയിലെത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 200 റൺസെടുത്തത്. സായ് സുദർശനും (49 പന്തിൽ 84), ഷാറുഖ് ഖാനും (30 പന്തിൽ 58) ഗുജറാത്തിനായി അർധ സെഞ്ചറി നേടി. ഓപ്പണർ വൃദ്ധിമാൻ സാഹ (അഞ്ച്), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (16) എന്നിവരെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും സായ് സുദർശൻ ഷാറൂഖ് ഖാൻ കൂട്ടുകെട്ട് ടൈറ്റൻസിനെ തുണച്ചു. 24 പന്തുകളിൽ ഷാറൂഖ് ഖാൻ ഐപിഎല്ലിലെ താരത്തിന്റെ ആദ്യ അർധ സെഞ്ചറി തികച്ചു. സ്‌കോർ 131 ൽ നിൽക്കെ ഷാറുഖിനെ മുഹമ്മദ് സിറാജ് ബോൾഡാക്കി.

അവസാന പന്തുകളിൽ ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് സായ് സുദർശൻ ആക്രമണം ശക്തമാക്കിയതോടെ ഗുജറാത്ത് സ്‌കോർ അതിവേഗം കുതിച്ചു. അവസാന അഞ്ചോവറിൽ 62 റൺസാണ് ഗുജറാത്ത് അടിച്ചെടുത്തത്. യാഷ് ദയാൽ എറിഞ്ഞ 20ാം ഓവറിലെ അവസാന പന്തിൽ സിക്‌സർ പറത്തി ഡേവിഡ് മില്ലർ സ്‌കോർ 200 ൽ എത്തിച്ചു. 19 പന്തുകൾ നേരിട്ട ഡേവിഡ് മില്ലർ 26 റൺസെടുത്തു പുറത്താകാതെനിന്നു. ആർസിബിക്കു വേണ്ടി സ്വപ്നിൽ സിങ്, മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്‌സ്‌വെൽ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്‌ത്തി.