- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജു സാംസൺ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ
മുംബൈ: വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പറായി ലോകകപ്പിൽ കളിക്കും. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് മലയാളി താരത്തിന് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പാക്കിയത്. കാറപകടത്തിൽ പരിക്കേറ്റ് കരിയറിൽ ഒരു വർത്തോളം ഇടവേള അനിവര്യമായി വന്നശേഷം ഐപിഎല്ലിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഋഷഭ് പന്ത് ഒന്നാം വിക്കറ്റ് കീപ്പറായി തന്നെ ലോകകപ്പ് ടീമിലുണ്ട്. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റൻ.
ട്വന്റി 20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മാത്രം മലയാളി താരമാണ് സഞ്ജു. 2007 ടി20 ലോകകപ്പിൽ എസ് ശ്രീശാന്ത് ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചിരുന്നു. രാജസ്ഥാൻ റോയൽസ് താരം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി. ചാഹലിനെ കൂടാതെ കുൽദീപ് യാദവും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തി.
മികച്ച ഫോമിലുള്ള കെ എൽ രാഹുലിന് ടീമിൽ അവസരം ലഭിച്ചില്ല. യുവതാരം റിങ്കു സിങും ടീമിൽ നിന്നും പുറത്തായി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ ശിവം ദുബെ ടീമിൽ ഇടംപിടിച്ചു.
സൂപ്പർ താരം വിരാട് കോലിക്ക് പുറമേ യശസ്വി ജയ്സ്വാൾ, സൂര്യകുമാർ യാദവ് എന്നിവരും ടീമിലിടം നേടി. സ്പിൻ ഓൾറൗണ്ടർമാരായി ജഡേജയും അക്ഷർ പട്ടേലുമാണുള്ളത്. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവർ സ്പിൻ ബൗളിങ് ഓപ്ഷനുകളാണ്. പേസ് ബൗളർമാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരും ലോകകപ്പ് സംഘത്തിലുണ്ട്. ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവർ റിസർവ് താരങ്ങളായി സ്‌ക്വാഡിലുണ്ട്.
ഇന്ത്യൻ ടീം രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.