മുംബൈ: ആരാധകരുടെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി നായകനായും വ്യക്തിഗത മികവിലും താരം നടത്തുന്ന ഗംഭീര പ്രകടനമാണ് ലോകകപ്പിൽ ടീമിലേക്കുള്ള വാതിൽ തുറക്കാൻ ബിസിസിഐ നിർബന്ധിതമാക്കിയത്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ഇടംപിടിച്ചിട്ടുണ്ടെങ്കിലും ബിസിസിഐ തുല്യ പരിഗണന സഞ്ജുവിനു നൽകുന്നുവെന്നാണ് സൂചന. മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ കെ എൽ രാഹുലിനെ ഒഴിവാക്കിയാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്.

സീസണിൽ ചില മികച്ച പ്രകടനങ്ങളിലൂടെ ഇഷാൻ കിഷൻ, കെ.എൽ. രാഹുൽ, ദിനേഷ് കാർത്തിക്ക് എന്നിവർ വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്കു അവകാശവാദവുമായി ഉണ്ടായിരുന്നെങ്കിലും രാജസ്ഥാൻ റോയൽസിന്റെ നായകൻ എന്ന നിലയിലും വ്യക്തിഗത മികവിലും സഞ്ജു പുറത്തെടുത്ത മിന്നുന്ന പ്രകടനങ്ങളാണ് മലയാളി താരത്തിന് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പാക്കിയത്. ടോപ് ഓർഡർ ബാറ്ററായി മാത്രമാണ് കെ.എൽ. രാഹുൽ ഇന്ത്യൻ ടീമിൽ തിളങ്ങിയിട്ടുള്ളത്. രോഹിത് ശർമയും വിരാട് കോലിയുമുള്ള ടോപ് ഓർഡറിൽ മറ്റൊരു സീനിയർ താരം കൂടി വേണ്ടെന്നാണ് സെലക്ടർമാർ തീരുമാനിച്ചത്.

മധ്യനിര താരമായും വേണ്ടി വന്നാൽ ടോപ് ഓർഡറിലും ഒരുപോലെ ഉപയോഗിക്കാമെന്നതാണ് സഞ്ജുവിന് പ്ലസ് പോയിന്റ്. അതേ സമയം കാറപകടത്തിൽ പരിക്കേറ്റ് കരിയറിൽ ഒരു വർത്തോളം ഇടവേള അനിവര്യമായി വന്നശേഷം ഐപിഎല്ലിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഋഷഭ് പന്തിനും ഇത് നിർണായക അവസരമാണ്.

ഋഷഭ് പന്തിനൊപ്പം രണ്ടാം വിക്കറ്റ് കീപ്പറായാണ് സഞ്ജു ടീമിലിടം നേടിയിരിക്കുന്നത്. ഇഷാൻ, കിഷൻ, കെ.എൽ. രാഹുൽ, ദിനേഷ് കാർത്തിക്, ജിതേഷ് ശർമ, ധ്രുവ് ജുറേൽ എന്നിവരെ മറികടന്നാണ് സഞ്ജു ടീമിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നത്. അങ്ങനെ മലയാളിത്തിളക്കമുള്ള ഒരു ലോകകപ്പ് കൂടി കാണാൻ അവസരമൊരുങ്ങിയിരിക്കുകയാണ് കേരളീയർക്ക്.

ഐ.പി.എൽ. നടപ്പു സീസണിലെ പ്രകടനംതന്നെയാണ് സഞ്ജുവിനെ പരിഗണിച്ചതിന്റെ പ്രധാന കാരണം. ഒൻപത് കളിയിൽനിന്ന് എട്ട് ജയവും ഒരു തോൽവിയുമായി പോയിന്റ് പട്ടികയിൽ ഒന്നാമതാണ് രാജസ്ഥാൻ. സഞ്ജു സാംസന്റെ വ്യക്തിഗത മികവിന്റെയും നേതൃപാടവത്തിന്റെയും വിജയമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ഒമ്പത് കളികളിൽ നിന്നായി 385 റൺസ് നേടി ഓറഞ്ച് ക്യാപ് പട്ടികയിൽ ആറാമതായി സഞ്ജുവുണ്ട്. 398 റൺസോടെ ഋഷഭ് പന്ത് നാലാമതുണ്ടെങ്കിലും 11 കളികളിൽനിന്നാണ് ഈ നേട്ടം. അതേസമയം, ഒൻപത് കളിയിൽ 378 റൺസോടെ കെ.എൽ. രാഹുൽ ഏഴാമതുമുണ്ട്. പുറത്താവാതെ നേടിയ 82 റൺസ് ഉൾപ്പെടെ നാല് അർധ സെഞ്ചുറികൾ ചേർന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. ഒന്നാം സ്ഥാനത്തുള്ള വിരാട് കോലിയേക്കാൾ ആവറേജിലും സ്‌ട്രൈക്ക് റേറ്റിലും മുന്നിൽ. ആദ്യ പത്തിൽ സഞ്ജുവിനേക്കാൾ സ്‌ട്രൈക്ക് റേറ്റുള്ളത് ട്രാവിസ് ഹെഡിനും സുനിൽ നരെയ്‌നും മാത്രം.

ട്വന്റി 20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മാത്രം മലയാളി താരമാണ് സഞ്ജു. 2007 ടി20 ലോകകപ്പിൽ എസ് ശ്രീശാന്ത് ഇന്ത്യൻ ടീമിന് വേണ്ടി കളിച്ചിരുന്നു. 2015 ജൂലൈയിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് സഞ്ജു സാംസൺ ഇന്ത്യയ്ക്കായി ട്വന്റി20യിൽ അരങ്ങേറ്റിയത്. ഇതുവരെ 25 രാജ്യാന്തര മത്സരങ്ങളിൽനിന്നായി 374 റൺസ് താരം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ വർഷങ്ങളോളം തിളങ്ങിയിട്ടും ഐസിസിയുടെ ഒരു പരമ്പരയിലും ടീം ഇന്ത്യ സഞ്ജുവിനെ കളിപ്പിച്ചിരുന്നില്ല. 2024 ഐപിഎല്ലിൽ ഒൻപതു മത്സരങ്ങളിൽനിന്ന് 385 റൺസ് താരം നേടിയിട്ടുണ്ട്. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരാണ് രാജസ്ഥാൻ റോയൽസ്.

ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ ചർച്ചയ്ക്കായി ചീഫ് സിലക്ടർ അജിത് അഗാർക്കറും ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇന്ന് അഹമ്മദാബാദിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. രോഹിത് ശർമ നയിക്കുന്ന ടീമിൽ ഹാർദിക് പാണ്ഡ്യയാണു വൈസ് ക്യാപ്റ്റൻ. രാജസ്ഥാൻ റോയൽസ് താരം യൂസ്വേന്ദ്ര ചാഹലും ടീമിലെത്തി. ചാഹലിനെ കൂടാതെ കുൽദീപ് യാദവും സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലെത്തി.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ഓൾറൗണ്ടർ ശിവം ദുബെ ടീമിൽ ഇടംപിടിച്ചു. സൂപ്പർ താരം വിരാട് കോലിക്ക് പുറമേ യശസ്വി ജയ്സ്വാൾ, സൂര്യകുമാർ യാദവ് എന്നിവരും ടീമിലിടം നേടി. സ്പിൻ ഓൾറൗണ്ടർമാരായി ജഡേജയും അക്ഷർ പട്ടേലുമാണുള്ളത്. കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ എന്നിവർ സ്പിൻ ബൗളിങ് ഓപ്ഷനുകളാണ്. പേസ് ബൗളർമാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ് എന്നിവരും ലോകകപ്പ് സംഘത്തിലുണ്ട്. ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവർ റിസർവ് താരങ്ങളായി സ്‌ക്വാഡിലുണ്ട്.

ഇന്ത്യൻ ടീം രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.