- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളെ പ്രഖ്യാപിച്ചു
ലണ്ടൻ: ട്വന്റി 20 ലോകകപ്പിനുള്ള ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. പരിക്കേറ്റ് മാസങ്ങളോളം ടീമിൽ നിന്ന് പുറത്തായിരുന്ന പേസർ ജോഫ്ര ആർച്ചർ ഇംഗ്ലണ്ട് തിരിച്ചെത്തിയതാണ് വലിയ മാറ്റം. പരുക്കു കാരണം ഒരു വർഷത്തിലേറെ ടീമിനു പുറത്തായിരുന്ന ആർച്ചറിന് ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് ലോകകപ്പ് ടീമിലേക്കു നേരിട്ട് എൻട്രി നൽകുകയായിരുന്നു. ലോകകപ്പ് ടീമിനെ ജോസ് ബട്ലർ തന്നെ നയിക്കും. ഓൾ റൗണ്ടർ ക്രിസ് ജോർദ്ദാനും 15 അംഗ ടീമിലെത്തി. ലോകകപ്പിന് മുമ്പ് മെയ് അവസാനം പാക്കിസ്ഥാനുമായി നാല് ട്വന്റി 20 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലും ഇംഗ്ലണ്ട് കളിക്കും.
2019ൽ ഇംഗ്ലണ്ടിനായി അരങ്ങേറ്റ മത്സരം കളിച്ച ആർച്ചർ 15 ട്വന്റി20 മത്സരങ്ങളിൽ മാത്രമാണ് ഇറങ്ങിയിട്ടുള്ളത്. 2022 ൽ ഓസ്‌ട്രേലിയയിൽ നടന്ന ട്വന്റി20 ലോകകപ്പ് കളിക്കാൻ 29 വയസ്സുകാരനായ താരത്തിനു സാധിച്ചിരുന്നില്ല. കഴിഞ്ഞ മാർച്ചിൽ ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് ആർച്ചർ ഒടുവിൽ കളിച്ചത്. പരുക്കുമാറി തിരിച്ചുവരുന്നതിന്റെ ഭാഗമായി ബാർബഡോസിലും ഇംഗ്ലണ്ടിലും നടന്ന ക്ലബ്ബ് ക്രിക്കറ്റ് മത്സരങ്ങളിൽ ആർച്ചർ പങ്കെടുത്തിരുന്നു. കഴിഞ്ഞ ലോകകപ്പ് കളിച്ച ഒൻപതു താരങ്ങളുമായാണ് നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ട് ഇറങ്ങുന്നത്.
ഐപിഎല്ലിൽ കൊൽക്കത്തക്കായി തകർത്തടിക്കുന്ന ഫിൾ സാൾട്ട് ഓപ്പണറായി ഇംഗ്ലണ്ട് ടീമിലെത്തിയപ്പോൾ ആർസിബിക്കായി കഴിഞ്ഞ മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറി നേടിയ വിൽ ജാക്‌സാണ് മറ്റൊരു അപ്രതീക്ഷിത എൻട്രി. പഞ്ചാബ് കിങ്‌സിനായി സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ ജോണി ബെയർസ്റ്റോയും 15 അംഗ ടീമിലെത്തി.
ഐപിഎല്ലിൽ നിന്ന് വിട്ടു നിന്ന ഹാരി ബ്രൂക്കും ടീമിലുണ്ട്. ജോഫ്ര ആർച്ചർക്കൊപ്പം റീസ് ടോപ്ലി, മാർക്ക് വുഡ്, ക്രിസ് ജോർദ്ദാൻ എന്നിവരാണ് പേസ് നിരയിലുള്ളത്. സ്പിന്നർമാരായി ആദിൽ റഷീദും ടോം ഹാർട്ലിയും ടീമിലെത്തിയപ്പോള്ർ വൈസ് ക്യാപ്റ്റനായ മൊയീൻ അലി മൂന്നാം സ്പിന്നറാവും. ലിയാം ലിവിങ്സ്റ്റൺ, ബെൻ ഡക്കറ്റ് എന്നിവരും 15 അംഗ ടീമിൽ ഇടം നേടി.
2022ൽ കിരീടം നേടിയ ടീമിൽ ആറ് മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയത്. ഓപ്പണർ അലക്‌സ് ഹെയിൽസ്, ഡേവിഡ് മലൻ, ബെൻ സ്റ്റോക്‌സ്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, ടൈമൽ മിൽസ് എന്നിവരാണ് ടീമിൽ നിന്ന് പുറത്തായത്. 2022ല ലോകകപ്പ് ടീമിലുണ്ടായിരുന്നെങ്കിലും പരിക്കുമൂലം ലോകകപ്പ് നഷ്ടമായ ബെയർസ്റ്റോയും ടോപ്ലിയും ഇത്തവണയും ലോകകപ്പിനുണ്ട്.
ട്വന്റി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെയും പ്രഖ്യാപിച്ചു. എയ്ഡൻ മാർക്രം നയിക്കുന്ന ടീമിൽ ടെംബ ബാവുമ, ലുങ്കി എൻഗിഡി എന്നിവർക്ക് ഇടം ലഭിച്ചില്ല. 15 അംഗ ടീമിൽ പേസർ ആന്റിച് നോർട്യയുണ്ട്. ഒൻപതു മാസങ്ങൾക്കു ശേഷമാണ് നോർട്യ ദേശീയ ടീമിലേക്കു മടങ്ങിയെത്തുന്നത്. 2022 ലെ ട്വന്റി20 ലോകകപ്പിലും മാർക്രമിന്റെ കീഴിലാണു ദക്ഷിണാഫ്രിക്ക കളിക്കാനിറങ്ങിയത്.
ടോപ് ഓർഡർ ബാറ്റർ റിലീ റൂസോയെയും ദക്ഷിണാഫ്രിക്കൻ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ലുങ്കി എൻഗിഡിയെ ട്രാവലിങ് റിസർവായി ദക്ഷിണാഫ്രിക്ക ലോകകപ്പ് ടീമിനൊപ്പം നിലനിർത്തും. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ യുവ പേസർ നാന്ദ്രെ ബർഗറും ദക്ഷിണാഫ്രിക്കയുടെ ട്രാവലിങ് റിസർവായി ഉണ്ടാകും.
ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്ലർ (ക്യാപ്റ്റൻ), ഫിൽ സാൾട്ട്, വിൽ ജാക്ക്സ്, ജോണി ബെയർസ്റ്റോ, ബെൻ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റൺ, മൊയിൻ അലി (വൈസ് ക്യാപ്റ്റൻ), സാം കറൻ, ക്രിസ് ജോർദാൻ, ടോം ഹാർട്ട്ലി, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, റീസ് ടോപ്ലി.
ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീം എയ്ഡൻ മാർക്രം, ഓറ്റ്‌നിയൽ ബാർട്മാൻ, ജെറാൾഡ് കോട്‌സീ, ക്വിന്റൻ ഡി കോക്ക്, ജോൺ ഫോർച്ചൂൺ, റീസ ഹെന്റിക്‌സ്, മാർകോ ജാൻസൻ, ഹെന്റിച് ക്ലാസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആന്റിച് നോർട്യ, കഗിസോ റബാദ, റയാൻ റിക്ക്ൾട്ടൻ, ടബരെയ്‌സ് ഷംസി, ട്രിസ്റ്റൻ സ്റ്റബ്‌സ്.