ജയപൂർ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി ഇടംപിടിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ആദ്യ പ്രതികരണവുമായി രാജസ്ഥാൻ റോയൽസ് നായകനും മലയാളി താരവുമായ സഞ്ജു സാംസൺ. സൂപ്പർ ഹിറ്റ് മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്‌സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായമെന്ന് തുടങ്ങുന്ന പാട്ടിലെ വരികൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് സഞ്ജു ആഹ്ലാദം പ്രകടിപ്പിച്ചത്.

വിയർപ്പു തുന്നിയിട്ട കുപ്പായം...
അതിൽ നിറങ്ങൾമങ്ങുകയില്ല കട്ടായം
കിനാവു കൊണ്ടുകെട്ടും കൊട്ടാരം
അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും
ചെറിയ ഭൂമിയില്ലേ വിധിച്ചത് നമക്ക്
ഉച്ചികിറുക്കിൽ നീ ഉയരത്തിൽ പറക്ക്
ചേറിൽ പൂത്താലും താമര കണക്ക്
ചോറ് പോരെ മണ്ണിൽ ജീവിക്കാൻ നമ്മക്ക്...

എന്നീ വരികളടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനശകലമാണ് സഞ്ജു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഇത് സഞ്ജുവിന് വേണ്ടി എഴുതിയ വരികൾ പോലെയുണ്ടെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ ആരാധകർ കമന്റായി കുറിക്കുന്നത്. ഇന്ന് വൈകിട്ടാണ് ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ സെലക്ടർമാർ പ്രഖ്യാപിച്ചത്.

15 അംഗ ടീമിലെ വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനൊപ്പമാണ് സഞ്ജുവും ഇടം നേടിയത്. 2011ലെ ഏകദിന ലോകകപ്പിനുശേഷം ആദ്യമായാണ് ലോകകപ്പിൽ ഇന്ത്യക്കായി ഒരു മലയാളി താരം കളിക്കുന്നത്. ഐപിഎല്ലിൽ നായകനെന്ന നിലയിലും വിക്കറ്റ് കീപ്പർ ബാറ്ററെന്ന നിലയിലും രാജസ്ഥാൻ റോയൽസിന് വേണ്ടി പുറത്തെടുത്ത മിന്നുന്ന പ്രകടനമാണ് സഞ്ജുവിനെ ലോകകപ്പ് ടീമിലെത്തിച്ചത്.

അവസാന നിമിഷം വരെ സസ്‌പെൻസ് നിറച്ചാണ് സെലക്ടർമാർ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചത്. റിഷഭ് പന്തിനൊപ്പം കെ എൽ രാഹുലാകും ലോകകപ്പ് ടീമിലെത്തുക തുടങ്ങിയ അഭ്യൂഹങ്ങളെ ബൗണ്ടറിക്ക് പുറത്തേക്ക് പറത്തിയാണ് സഞ്ജു ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിലെത്തിയത്.

സഞ്ജു സാംസണിന് ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ലഭിച്ചതിൽ വൈകാരികപ്രതികരണവുമായി പിതാവ് സാംസൺ വിശ്വനാഥ് രംഗത്തെത്തി. ലോകകപ്പ് ടീമിൽ ഇടം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. അപ്രതീക്ഷിതമായി ലഭിച്ച അവസരമല്ലെന്നും തന്റെ മകൻ ഇത് അർഹിച്ചിരുന്നുവെന്നും പിതാവ് പ്രതികരിച്ചു.

'രാജ്യത്തെ ജനങ്ങൾ സഞ്ജുവിനെ സപ്പോർട്ട് ചെയ്യുന്നത് അങ്ങേയറ്റം സന്തോഷമുള്ള കാര്യമാണ്. ലോകകപ്പിന് സെലക്ഷൻ കിട്ടിയിട്ടും പലതവണ പുറത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അമിതമായ സന്തോഷമോ ആഹ്ലാദമോ ഇല്ല. ഇന്ത്യൻ ടീമിലെ സ്ഥിരസാന്നിദ്ധ്യം ആവേണ്ട താരമായിരുന്നു സഞ്ജു', സഞ്ജുവിന്റെ പിതാവ് പറഞ്ഞു.

ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ സഞ്ജുവിന്റെ വൈകാരികമായ ആഹ്ലാദപ്രകടനത്തിലും പിതാവ് പ്രതികരിച്ചു. 'കുറേക്കാലമായി ഉള്ളിൽ ഉണ്ടായിരുന്ന പ്രയാസമാണ് പുറത്തേക്ക് വന്നത്. സഞ്ജു കഠിനാധ്വാനിയാണ്. കഠിനാധ്വാനികൾ തഴയപ്പെടുന്നതും അർഹതയില്ലാത്തവർക്ക് അവസരം ലഭിക്കുന്നതും വേദനിപ്പിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ലഭിച്ച അവസരല്ല ഇത്. തന്റെ മകൻ ഈ അംഗീകാരം അർഹിച്ചിരുന്നു', പിതാവ് വ്യക്തമാക്കി.

രാജസ്ഥാൻ റോയൽസുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേർത്തു. 'എന്റെ കുഞ്ഞിന് ആദ്യമായി അവസരം നൽകിയവരാണ് അവർ. എന്നോട് ഒരിക്കൽ എന്ത് വില വേണമെന്ന് ടീം ചോദിച്ചു. പൈസയില്ലെങ്കിലും രാജസ്ഥാന് വേണ്ടി സഞ്ജു കളിക്കും. അതാണ് സഞ്ജുവും രാജസ്ഥാനും തമ്മിലുള്ള ആത്മബന്ധം', പിതാവ് കൂട്ടിച്ചേർത്തു.