- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്
ലഖ്നൗ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ 'ലോകകപ്പ്' ടീമിനെ നാല് വിക്കറ്റിന് കീഴടക്കി ലഖ്നൗ സൂപ്പർ ജയന്റ്സ് പോയിന്റ് പട്ടികയിൽ മൂന്നാമതെത്തി. മുംബൈ നിരയെ എറിഞ്ഞൊതുക്കിയ ബൗളർമാർക്കു പിന്നാലെ ബാറ്റിങ് നിരയും അവസരത്തിനൊത്തുയർന്നപ്പോൾ നാലു വിക്കറ്റിന്റെ ആധികാരിക ജയമാണ് കെ എൽ രാഹുലും സംഘവും സ്വന്തമാക്കിയത്. അർധ സെഞ്ചുറി നേടിയ മാർക്കസ് സ്റ്റോയ്നിസ് ഒരിക്കൽ കൂടി ടീമിന്റെ വിജയശിൽപിയായി. 45 പന്തുകൾ നേരിട്ട സ്റ്റോയ്നിസ് രണ്ട് സിക്സറുകളുടെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെ 62 റൺസെടുത്തു. സ്‌കോർ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ 144-7, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 19.2 ഓവറിൽ 145-4.
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകൻ രോഹിത് ശർമ, ഉപനായകൻ ഹാർദിക് പാണ്ഡ്യ, സൂപ്പർ താരം സൂര്യകുമാർ യാദവ്, പേസർ ജസ്പ്രീത് ബുമ്ര എന്നിവരുൾപ്പെട്ട മുംബൈ ഇന്ത്യൻസിനെയാണ് ലോകകപ്പ് ടീമിൽ നിന്നും തഴയപ്പെട്ട കെ എൽ രാഹുലും സംഘവും തകർത്തുവിട്ടത്. കെ എൽ രാഹുലടക്കം മികച്ച പ്രകടനം കാഴ്ച വച്ചിട്ടും ലഖ്‌നൗ നിരയിൽ നിന്നും ഒരു താരത്തിന് പോലും ലോകകപ്പ് ടീമിൽ ഇടം പിടിക്കാനായിരുന്നില്ല.
ടോസ് നേടിയ ശേഷം ബൗളിങ് തിരഞ്ഞെടുത്ത് മുംബൈയെ 144 റൺസിലൊതുക്കിയ ലഖ്നൗ നാലു പന്ത് ബാക്കിനിൽക്കേ ആറു വിക്കറ്റുകൾ നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ജയത്തോടെ 10 കളികളിൽ നിന്ന് 12 പോയന്റുമായി ലഖ്നൗ മൂന്നാം സ്ഥാനത്തെത്തി. ഏഴാം തോൽവിയോടെ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചു.
ആദ്യ ഓവറിൽ തന്നെ ഓപ്പണർ അർഷിൻ കുൽക്കർണിയെ (0) നഷ്ടമായ ലഖ്നൗവിന്റെ തുടക്കം പാളിപ്പോയിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ക്യാപ്റ്റൻ കെ.എൽ രാഹുൽ - സ്റ്റോയ്നിസ് സഖ്യം ഇന്നിങ്സ് ട്രാക്കിലാക്കി. എട്ടാം ഓവറിൽ രാഹുലിനെ മടക്കി ഹാർദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിലെ സ്ഥാനം നഷ്ടപ്പെട്ട രാഹുൽ 22 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റൺസെടുത്താണ് പുറത്തായത്.
പിന്നാലെ ദീപക് ഹൂഡ (18), സ്റ്റോയ്നിസ്, ആഷ്ടൺ ടർണർ (5), ആയുഷ് ബധോനി (6) എന്നിവരെ പുറത്താക്കി മുംബൈ സമ്മർദം ചെലുത്തിയെങ്കിലും ക്രീസിൽ ഉറച്ചുനിന്ന നിക്കോളാസ് പുരൻ (14*) ടീമിനെ വിജയത്തിലെത്തിച്ചു.
ജയത്തിലേക്ക് അവസാന നാലോവറിൽ 22 റൺസായിരുന്നു ലഖ്‌നൗവിന് വേണ്ടിയിരുന്നത്. ജസ്പ്രീത് ബുമ്ര എറിഞ്ഞ പതിനേഴാം ഓവറിൽ ഒരു റണ്ണെ ലഖ്‌നൗവിന് നേടാനായുള്ളു. ജെറാൾഡ് കോയെറ്റ്‌സെ എറിഞ്ഞ പതിനെട്ടാം ഓവറിൽ ഒമ്പത് റൺസെടുത്ത ലഖ്‌നൗവിന ആഷ്ടൺ ടർണറുടെ വിക്കറ്റ് നഷ്ടമായി. ഹാർദ്ദിക് പാണ്ഡ്യ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 10 റൺസടിച്ച ലഖ്‌നൗവിന് തേർഡ് അമ്പയറുെ വിവാദ തീരുമാനത്തിലൂടെ ആയുഷ് ബദോനിയുടെ വിക്കറ്റ് റണ്ണൗട്ടിൽ നഷ്ടമായി. മുഹമ്മദ് നബി എറിഞ്ഞ അവസാന ഓവറിൽ ജയത്തിലേക്ക് മൂന്ന് റൺസ് വേണ്ടിയിരുന്ന ലഖ്‌നൗവിനായി നിക്കോളാസ് പുരാൻ(14 പന്തിൽ 14*) ആദ്യ രണ്ട് പന്തിൽ തന്നെ വിജയം അടിച്ചെടുത്തു. മുംബൈക്കായി ഹാർദ്ദിക് 26 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ ജസ്പ്രീത് ബുമ്ര നാലോവറിൽ 17 റൺസ് മാത്രമെ വഴങ്ങിയുള്ളു.
മുംബൈ ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ലഖ്‌നൗവിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടിയേറ്റു. ക്വിന്റൺ ഡി കോക്കിന്റെ അഭാവത്തിൽ ഓപ്പണറായി എത്തിയ അർഷിൻ കുൽക്കർണി(0) ഗോൾഡൻ ഡക്കായി. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ കെ എൽ രാഹുലും(28), മാർക്കസ് സ്റ്റോയ്‌നിസും ചേർന്ന് ലഖ്‌നൗവിനെ 50 കടത്തി. 22 പന്തിൽ 28 റൺസെടുത്ത രാഹുലിനെ ഹാർദ്ദിക് പാണ്ഡ്യ മടക്കി. രാഹുൽ പുറത്തായശേഷം എത്തിയ ദീപക് ഹൂഡക്കൊപ്പം സ്റ്റോയ്‌നിസ് ലഖ്‌നൗവിനെ 100ന് അടുത്തെത്തിച്ചു.
18 പന്തിൽ 18 റൺസെടുത്ത ഹൂഡയെയും ഹാർദ്ദിക് വീഴ്‌ത്തിയെങ്കിലും ലഖ്‌നൗവിന് അപ്പോൾ ജയത്തിലേക്ക് 46 റൺസ് മതിയായിരുന്നു. സ്‌കോർ 115ൽ നിൽക്കെ അർധസെഞ്ചുറി നേടിയ സ്റ്റോയ്‌നിസിനെ(45 പന്തിൽ 62) മുഹമ്മദ് നബിയുടെ പന്തിൽ തിലക് വർമ ക്യാച്ചെടുത്ത് പുറത്താക്കിയെങ്കിലും നിക്കോളാസ് പുരാനും ക്രുനാൽ പാണ്ഡ്യയും(1) ചേർന്ന് ലഖ്‌നൗവിനെ ലക്ഷ്യത്തിലെത്തിച്ചു. മുംബൈക്കായി ഹാർദിക് രണ്ടു വിക്കറ്റ് വീഴ്‌ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും ജസ്പ്രീത് ബുംറ പതിവുപോലെ റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് മാത്രമാണ് നേടാനായത്. രോഹിത് ശർമ (4), സൂര്യകുമാർ യാദവ് (10), തിലക വർമ (7), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (0) എന്നിവരെല്ലാം ലഖ്‌നൗ ബൗളിങ്ങിനു മുന്നിൽ കളിമറന്നപ്പോൾ ആറാമനായി ക്രീസിലെത്തിയ നേഹൻ വധേരയുടെ ഇന്നിങ്‌സാണ് മുംബൈയെ മാന്യമായ സ്‌കോറിലെത്തിച്ചത്. 41 പന്തുകൾ നേരിട്ട വധേര രണ്ട് സിക്‌സും നാല് ഫോറുമടക്കം 46 റൺസെടുത്തു.
ഒരു ഘട്ടത്തിൽ നാലിന് 27 റൺസെന്ന നിലയിൽ തകർന്ന മുംബൈയെ കരകയറ്റിയത് ഇഷാൻ കിഷനെ കൂട്ടുപിടിച്ച് വധേര നടത്തിയ രക്ഷാപ്രവർത്തനമാണ്. അഞ്ചാം വിക്കറ്റിൽ 53 റൺസാണ് ഈ സഖ്യം ചേർത്തത്. കിഷൻ 36 പന്തിൽ നിന്ന് 32 റൺസെടുത്തു. മൂന്ന് ബൗണ്ടറികൾ മാത്രം ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
അവസാന ഓവറുകളിൽ മെച്ചപ്പെട്ട ബാറ്റിങ് പുറത്തെടുത്ത ടിം ഡേവിഡാണ് മുംബൈ സ്‌കോർ 144-ൽ എത്തിച്ചത്. വെറും 18 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം ഡേവിഡ് 35 റൺസോടെ പുറത്താകാതെ നിന്നു. ലഖ്‌നൗവിനായി മൊഹ്‌സിൻ ഖാൻ രണ്ടു വിക്കറ്റെടുത്തു.