- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പ്: അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങുമോ? സഞ്ജുവിന്റെ മറുപടി
മുംബൈ: ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് രോഹിത് ശർമ ക്യാപ്റ്റനായുള്ള 15 അംഗ ടീമിനെ ട്വന്റി20 ലോകകപ്പിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചത്. ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണും ഇടംപിടിച്ചിരുന്നു. ഐപിഎല്ലിൽ സ്വപ്ന കുതിപ്പ് തുടരുമ്പോഴും ലോകകപ്പ് ടീമിൽ ഇടംപിടിച്ചതിന്റെ ആഹ്ലാദത്തിലാണ് സഞ്ജു സാംസൺ.
സീസണിൽ കളിച്ച ഒമ്പത് മത്സരങ്ങളിൽ എട്ട് ജയവുമായി പോയന്റ് പട്ടികയിൽ ഒന്നാമത്. മുന്നിൽ നിന്ന് നയിക്കുന്ന ക്യാപ്റ്റൻ സഞ്ജു സാംസണാകട്ടെ 385 റൺസുമായി ടീമിന്റെ ടോപ് സ്‌കോററും. രാജസ്ഥാനു വേണ്ടി ബാറ്റിങ് ഓർഡറിൽ മൂന്നാമനായി ഇറങ്ങുന്ന സഞ്ജുവാണ് സീസണിലെ പല മത്സരങ്ങളിലും ടീമിന്റെ രക്ഷകനായത്. ഐപിഎല്ലിലെ മിന്നും പ്രകടനത്തിന് പിന്നാലെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും ഇടം നേടിയതിന്റെ ഇരട്ടി സന്തോഷത്തിലാണ് സഞ്ജു.
രാജസ്ഥാന് വേണ്ടി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നതെങ്കിലും ഇന്ത്യൻ ടീമിൽ സഞ്ജുവിന് മൂന്നാം നമ്പറിലിറങ്ങാൻ കഴിയില്ല. രോഹിത് ശർമയും യശസ്വി ജയ്‌സ്വാളും ഓപ്പണർമാരാകുമെന്ന് കരുതുന്ന ടീമിൽ വിരാട് കോലിയാകും മൂന്നാം നമ്പറിൽ. സൂര്യകുമാർ യാദവ് നാലാം നമ്പറിലിറങ്ങുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ അന്തിമ ഇലവനിൽ ഇടംപിടിച്ചാൽ അഞ്ചാം നമ്പറിലാകും സഞ്ജുവിന് അവസരം ലഭിക്കുക. ഋഷഭ് പന്താണ് ഇടംപിടിക്കുന്നതെങ്കിലും മധ്യനിരയിൽ ബാറ്റ് ചെയ്യേണ്ടിവരും.
സ്റ്റാർ സ്‌പോർട്‌സിന് നൽകിയ അഭിമുഖത്തിൽ സഞ്ജുവിനോട് ഇന്ത്യക്കായി അഞ്ചാം നമ്പറിൽ ബാറ്റിംഗിനിറങ്ങുമോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ സഞ്ജു നൽകിയ മറുപടി ശ്രദ്ധേയമായിരുന്നു. അത് അൽപം കുഴയ്ക്കുന്ന ചോദ്യമാണെന്ന് പറഞ്ഞാണ് സഞ്ജു മറുപടി പറഞ്ഞത്. തീർച്ചയായും ഞാൻ അതേക്കുറിച്ചൊക്കെ ആലോചിക്കാറുണ്ട്. ഞാൻ മാത്രമല്ല, ടീമിലെ എല്ലാവരും ഞാനെവിടെ ബാറ്റ് ചെയ്യുമെന്നൊക്കെ ആലോചിക്കുന്നവരാണ്.
പക്ഷെ ഇപ്പോൾ അതിനൊപ്പം തന്നെ പ്രധാനം ഐപിഎല്ലിൽ കിരീടം നേടുക എന്നതിനാണ്. നിലവിൽ ഐപിഎല്ലിൽ കിരീടം നേടുക എന്നതിനാണ് മുഖ്യ പരിഗണന കൊടുക്കുന്നത്. കളിക്കാരെല്ലാം ഇപ്പോൾ ആ ഒറ്റ ലക്ഷ്യം മാത്രമാണ് മനസിൽ കാണുന്നതെന്നും സഞ്ജു പറഞ്ഞു. ഐപിഎല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ സഞ്ജുവും രാജസ്ഥാനും ഇന്ന് മത്സരത്തിനിറങ്ങും. സൺറൈസേഴ്‌സ് ഹൈദരാബാദാണ് ഇന്നത്തെ മത്സരത്തിൽ രാജസ്ഥാന്റെ എതിരാളികൾ.
ജൂൺ 2 മുതൽ 29 വരെ യുഎസിലും വെസ്റ്റിൻഡീസിലുമായിട്ടാണ് ലോകകപ്പ് നടക്കുന്നത്. ജൂൺ 5ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ - പാക്കിസ്ഥാൻ മത്സരം 9നാണ്. ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, ശിവം ദുബെ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചെഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.