മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് തുടർ തോൽവികളിൽ വലയുമ്പോൾ നായകൻ ഹാർദ്ദിക് പാണ്ഡ്യയയെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തുകയും വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തതിനെതിരെ തുറന്നടിച്ച് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. ഇന്ത്യൻ ടീം മാനേജ്‌മെന്റ് പലഘട്ടങ്ങളിലും ഹാർദ്ദിക്കിന് മാത്രം പ്രത്യേക പരിഗണന നൽകുന്നത് ടീം അഗങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും പഠാൻ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് പുറത്താകുകയും ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാതെ ഐ.പി.എല്ലിൽ മോശം പ്രകടനം തുടരുന്ന ഹാർദിക് പാണ്ഡ്യയെ ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിലേക്ക് പരിഗണിച്ചത് ക്രിക്കറ്റ് ലോകത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ടീമിൽ ഉണ്ടാവുമെന്ന് ആരാധകർ ഉറച്ച് വിശ്വസിച്ചിരുന്ന വെടിക്കെട്ട് ബാറ്റർ റിങ്കു സിങ് അടക്കമുള്ളവർ പുറത്തിരിക്കുമ്പോൾ ഹർദിക് വൈസ് ക്യാപ്റ്റൻ പദവിയിൽ തന്നെ ടീമിൽ കയറിപ്പറ്റുന്നത് എങ്ങനെയാണ് എന്നാണ് പലരുടേയും ചോദ്യം.

ബി.സി.സിഐയും ടീം സെലക്ടർമാരും ഹാർദിക്കിന് പ്രത്യേക പരിഗണന നൽകുന്നതിനെ ചോദ്യം ചെയ്ത് മുൻ ഓൾ റൗണ്ടർ ഇർഫാൻ പഠാൻ രംഗത്ത് വരികയായിരുന്നു. ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ എന്നിവരോടുള്ള സമീപനവും പഠാൻ എടുത്തുപറയുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തതിനെ തുടർന്ന് ഇഷാനെയും ശ്രേയസിനെയും ബി.സി.സിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയപ്പോൾ ഹാർദിക്കിന്റെ ഒഴിവാക്കിയിരുന്നില്ല.

ആഭ്യന്തര ക്രിക്കറ്റിൽ ഫോം കണ്ടെത്തിയാൽ മാത്രമേ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കൂവെന്ന് ഇരുവർക്കും ബി.സി.സിഐ കർശന നിർദേശവും നൽകിയിരുന്നു. എന്നാൽ, ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെയും പാണ്ഡ്യ ടീമിലെത്തി. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്ത ഹാർദ്ദിക്കിന് ബിസിസിഐ എ ഗ്രേഡ് കരാർ നൽകിയപ്പോൾ ശ്രേയസ് അയ്യരെയും ഇഷാൻ കിഷനെയും കരാറിൽ നിന്നൊഴിവാക്കിയിരുന്നു. പരിക്കും മറ്റ് പലകാരങ്ങളും കാരണം ഹാർദ്ദിക് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാതിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിനോടുള്ള താരത്തിന്റെ പ്രതിബദ്ധതയെക്കുറിച്ച് തന്നെ സംശയം ഉയർത്തുന്ന കാര്യമാണ്. എന്നിട്ടും ഹാർദ്ദിക്കിന് എ ഗ്രേഡ് കരാർ നൽകുകയുും ലോകകപ്പ് ടീമിന്റെ വൈസ് ക്യാപ്റ്റനാക്കുകയും ചെയ്തുവെന്നത് പ്രത്യേക പരിഗണനയെന്ന വാദത്തിന് ശക്തി കൂട്ടാനെ കാരണമാകു.

'വർഷം മുഴുവനും ഇന്ത്യൻ ടീമിൽ തുടരുന്നതിന് ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരമായ പങ്കാളിത്തം അത്യാവശ്യമാണ്. പരിക്കുകൾ ഒഴിവാക്കാനാകാത്തതാണ്. എന്നാൽ ആഭ്യന്തര ക്രിക്കറ്റും ശരിയായ ആസൂത്രണവും ഒരു കളിക്കാരന്റെ തിരിച്ചുവരവിന് അത്യന്താപേക്ഷിതമാണ്. എന്നാൽ ഇതൊന്നുമില്ലാതെ പരിക്കിൽനിന്ന് തിരിച്ചെത്തിയ ഒരു താരമുണ്ട്' -പഠാൻ പറഞ്ഞു. അത് സംഭവിക്കാൻ പാടില്ല, കാരണം ടീമിലെ മറ്റു താരങ്ങൾക്ക് തെറ്റായ സന്ദേശം നൽകും. ഒരാൾക്ക് മാത്രം പ്രത്യേക പരിഗണന നൽകുന്നത് ടീമിന്റെ സന്തുലിതാവസ്ഥ തകർക്കും. ടെന്നീസുപോലെയല്ല ക്രിക്കറ്റ്, ഇതൊരു ടീം ഗെയ്മാണ്, അവിടെ സമത്വം അനിവാര്യമാണ്. എല്ലാ കളിക്കാരെയും ഒരുപോലെ പരിഗണിക്കണം. നിങ്ങൾ ഒരു പുതുമുഖമോ, രോഹിത് ശർമ, വിരാട് കോഹ്ലി എന്നിവരെ പോലെ പരിചയസമ്പന്നനായ കളിക്കാരനോ എന്നത് പരിഗണിക്കാതെ എല്ലാവരെയും ഒരുപോലെ കാണണമെന്നും പഠാൻ കൂട്ടിച്ചേർത്തു.

രോഹിത്തിന് മുമ്പ് ഇന്ത്യയുടെ ട്വന്റി 20 ടീമിനെ നയിച്ചിരുന്നു എന്നതിനാലാകാം സെലക്ടർമാർ ലോകകപ്പ് ടീമിൽ ഹാർദ്ദിക്കിനെ വൈസ് ക്യാപ്റ്റനാക്കിയത്. എന്നാൽ ഇതേ ഹാർദ്ദിക് നയിക്കുന്ന മുംബൈ ഇന്ത്യൻസ് ഐപിഎല്ലിൽ തുടർ തോൽവികളിൽ വലയുകയാണ്. വ്യക്തിപരമായി ഹാർദ്ദിക്കിന്റെ പ്രകടനവും മോശമാണ്. അതിനാൽ ഹാർദ്ദിക്കിന് പകരം സെലക്ടർമാർക്ക് വേണമെങ്കിൽ ജസ്പ്രീത് ബുമ്രയെ വൈസ് ക്യാപ്റ്റനാക്കാമായിരുന്നുവെന്നും ഇർഫാൻ പഠാൻ പറഞ്ഞു.

ഐ.പി.എല്ലിൽ ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ കളിക്കാനിറങ്ങിയ മുംബൈ ഇന്ത്യൻസിന് പത്തു മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ഇതുവരെ ജയിക്കാനായത്. ആറു പോയന്റുമായി നിലവിൽ ഒമ്പതാം സ്ഥാനത്താണ് ടീം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഹാർദിക്കിന് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല.

സ്പിന്നർ രവി ബിഷ്‌ണോയ്ക്ക് ഇന്ത്യൻ ടീമിൽ അവസരം നൽകാത്തതിലും ഇർഫാൻ പഠാൻ വിമർശനം ഉന്നയിച്ചു. ട്വന്റി 20 ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് രവി ബിഷ്‌ണോയി. പക്ഷേ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടമില്ല. ഇത് അതിശയമായിരിക്കുന്നുവെന്ന് പഠാൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ രണ്ട് ലെഗ് സ്പിന്നർമാരാണ് ഇടം പിടിച്ചിരിക്കുന്നത്. കുൽദീപ് യാദവിനൊപ്പം യൂസ്വേന്ദ്ര ചഹലും ഇത്തവണ ലോകകപ്പ് ടീമിലേക്കെത്തി. ഓഫ് സ്പിന്നറായി രവീന്ദ്ര ജഡേജയാണ് ലോകകപ്പ് ടീമിൽ ഇടം പിടിച്ചിരിക്കുന്നത്.