- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്വന്റി 20 ലോകകപ്പ് ടീം പ്രഖ്യാപനത്തിനെതിരെ ശ്രീകാന്ത്
ചെന്നൈ: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ടീമിൽ ഇടംപിടിച്ച ചില താരങ്ങളുടെ ഫോം സംബന്ധിച്ചും തഴയപ്പെട്ട യുവതാരങ്ങളെ സംബന്ധിച്ചും വലിയ ചർച്ചകളാണ് ആരാധകർക്ക് ഇടയിൽ നടക്കുന്നത്. പല സീനിയർ താരങ്ങളെല്ലാം ടീമിൽ ഉൾപ്പെട്ടപ്പോൾ അർഹതയുള്ള ചില യുവതാരങ്ങൾക്ക് അവസരം നിഷേധിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കുന്നത്. ഒന്നര വർഷത്തിന് ശേഷം ഋഷഭ് പന്ത് ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയത് ആരാധകരെ തൃപ്തിപ്പെടുത്തുന്നുണ്ടെങ്കിലും മോശം ഫോമിലുള്ള ഹാർദിക് പാണ്ഡ്യയെ ടീമിലുൾപ്പെടുത്തി വൈസ് ക്യാപ്റ്റനാക്കിയത് വലിയ വിമർശനങ്ങൾക്കാണ് ഇടവരുത്തുന്നത്.
അതേ സമയം ശുഭ്മാൻ ഗിൽ, റിങ്കു സിങ് എന്നിവർക്ക് പതിനഞ്ചംഗ സ്‌ക്വാഡിൽ ഇടം പിടിക്കാനായില്ല. പകരക്കാരുടെ നിരയിലാണ് ഇരുവരും. കെ എൽ രാഹുൽ, ഋതുരാജ് ഗെയ്കവാദ്, ദിനേശ് കാർത്തിക് എന്നിവരേയും സ്‌ക്വാഡിൽ നിന്ന് തഴഞ്ഞു. ഇപ്പോൾ ഇന്ത്യൻ ടീം സെലക്ഷനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇഷ്ടക്കാരെ കുത്തിനിറച്ചാണ് ടീം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ശ്രീകാന്ത് വ്യക്തമാക്കി.
ഋതുരാജിനെ ടീമിലെടുക്കാത്തത് ബന്ധപ്പെടുത്തിയാണ് ശ്രീകാന്ത് സംസാരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ... "ഋതാരാജ് ട്വന്റി 20 ലോകകപ്പ് ടീമിൽ സ്ഥാനം അർഹിച്ചിരുന്നു. 17 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 500ൽ അധികം റൺസ് നേടിയിട്ടുള്ള താരമാണ് ഋതുരാജ്. ഇതിൽ ഓസ്ട്രേലിയക്കെതിരായ സെഞ്ചുറിയും ഉൾപ്പെടും." ശ്രീകാന്ത് പറഞ്ഞു.
ഗില്ലിനെ പകരക്കാരുടെ നിരയിൽ ഉൾപ്പെടുത്തിയതിനെ കുറിച്ചും ശ്രീകാന്ത് സംസാരിച്ചു. "മോശം ഫോമിലാണ് ശ്രീകാന്ത്. പിന്നെ എന്തിനാണ് അദ്ദേഹം ടീമിനൊപ്പം ചേർത്തിരിക്കുന്നത്? സെലക്റ്ററുടെ ഇഷ്ടക്കാരനാണ് ഗിൽ. അവൻ ഫോമിലല്ലെങ്കിൽ പോലും വീണ്ടും വീണ്ടും അവസരം ലഭിക്കും. അതിപ്പോൾ ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും അങ്ങനെ തന്നെ." ശ്രീകാന്ത് പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഗംഭീര പ്രകടനം പുറത്തെടുത്ത റിങ്കു സിംഗിനെ ഒഴിവാക്കിയതിനേയും ശ്രീകാന്ത് കുറ്റപ്പെടുത്തി.
ടീം തെരഞ്ഞെടുപ്പിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ബദ്രിനാഥ് രംഗത്തെത്തി. തമിഴ്‌നാട്ടിൽനിന്നുള്ള ക്രിക്കറ്റ് താരങ്ങൾ ഇന്ത്യൻ ടീമിലെത്താൻ ബുദ്ധിമുട്ടുകയാണെന്ന് എസ്. ബദ്രീനാഥ് പറഞ്ഞു. ഐപിഎല്ലിൽ ഗംഭീര പ്രകടനം നടത്തിയിട്ടും തമിഴ്‌നാട്ടിൽനിന്നുള്ള പേസർ ടി. നടരാജനെ ട്വന്റി20 ലോകകപ്പ് ടീമിൽനിന്ന് ഒഴിവാക്കിയതാണ് ബദ്രീനാഥിനെ ചൊടിപ്പിച്ചത്. സഞ്ജു സാംസൺ, ശിവം ദുബെ എന്നിവരെ ടീമിലെടുത്തത് ഗംഭീര തീരുമാനമാണെന്നും എന്നാൽ തമിഴ്‌നാട്ടിൽനിന്നുള്ള താരങ്ങൾ ടീമിലെത്താൻ കൂടുതൽ പരിശ്രമിച്ചിട്ടും നടക്കുന്നില്ലെന്നും ബദ്രീനാഥ് ആരോപിച്ചു.
"ലോകകപ്പ് ടീമിൽ എന്തിനാണ് നാലു സ്പിന്നർമാർ? തമിഴ്‌നാട്ടിൽനിന്നുള്ള ചില ക്രിക്കറ്റ് താരങ്ങൾക്ക് അവസരം കിട്ടണമെങ്കിൽ മറ്റുള്ളവർ ചെയ്യുന്നതിന്റെ ഇരട്ടി പ്രകടനം നടത്തണം. അതാണ് എനിക്കു മനസ്സിലാകാത്തത്. അവരെ എന്താണ് ആരും പിന്തുണയ്ക്കാത്തത്? ടി. നടരാജൻ ലോകകപ്പ് ടീമിൽ ഉണ്ടാകേണ്ട താരമാണ്. പല തവണ ഞാനും ഈയൊരു അവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട്. ആരും പറയാത്തതുകൊണ്ടാണ് ഞാൻ ഇക്കാര്യം പറയുന്നത്." ബദ്രീനാഥ് ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ പ്രതികരിച്ചു.
"അശ്വിൻ അഞ്ഞൂറു വിക്കറ്റ് നേടിയിട്ടുണ്ട്. ചിലർ അദ്ദേഹത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുകയാണ്. എനിക്ക് അതു മനസ്സിലാകുന്നില്ല. മുരളി വിജയ് എന്നൊരു മികച്ച ക്രിക്കറ്റ് താരം ഉണ്ടായിരുന്നു. രണ്ടു മത്സരങ്ങൾ മോശമാകുമ്പോഴേക്കും അദ്ദേഹത്തേയും ചോദ്യം ചെയ്തിട്ടുണ്ട്. കുറച്ചു കാലമായി ഇതൊക്കെയാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടാണ് പറയുന്നത്."
"രോഹിത് ശർമ ക്യാപ്റ്റനായും ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനായും കളിക്കുമ്പോൾ മികച്ച പ്രകടനം നടത്തുമെന്ന വിശ്വാസം എനിക്കുണ്ട്. ശിവം ദുബെയെയും, സഞ്ജു സാംസണെയും ടീമിലെടുത്തത് കലക്കൻ തീരുമാനമാണ്. രണ്ടു പേരും ഐപിഎൽ സീസണിൽ മികച്ച പ്രകടനം നടത്തുന്നുണ്ട്. ശിവം ദുബെ മധ്യ ഓവറുകളിലും, സഞ്ജു സാംസൺ ബാക്കപ്പ് വിക്കറ്റ് കീപ്പറായും കളിക്കട്ടെ. അർഷ്ദീപ് സിങ് ടീമിലുണ്ട്. ഖലീൽ അഹമ്മദ് വരെ റിസർവായുണ്ട്. എന്നിട്ടും എന്തിനാണ് നടരാജനെ ഒഴിവാക്കിയതെന്നു മനസ്സിലാകുന്നില്ല." ബദ്രീനാഥ് ഒരു എക്‌സ് വിഡിയോയിൽ പറഞ്ഞു.
ടി.നടരാജനെ ലോകകപ്പ് ടീമിൽ കളിപ്പിക്കണമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കറും പ്രതികരിച്ചിരുന്നു. ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ താരമാണ് നടരാജൻ. ഏഴു മത്സരങ്ങളിൽനിന്ന് 13 വിക്കറ്റുകൾ താരം ഐപിഎൽ സീസണിൽ സ്വന്തമാക്കിയിട്ടുണ്ട്. ബോളർമാരുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് നടരാജനുള്ളത്.
ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചാഹൽ, ജസ്പ്രിത് ബുമ്ര, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്.
ട്രാവലിങ് റിസേർവ്സ്: ശുഭ്മാൻ ഗിൽ, റിങ്കു സിങ്, ഖലീൽ അഹമ്മദ്, ആവേഷ് ഖാൻ.