ഹൈദരാബാദ്: അർധ സെഞ്ചുറിയുമായി നിതീഷ് കുമാർ റെഡ്ഡിയും ട്രാവിസ് ഹെഡും ബാറ്റിങ് വെടിക്കെട്ടുമായി ഹെൻ റിച്ച് ക്ലാസനും തിളങ്ങിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരേ 202 റൺസ് വിജയലക്ഷ്യമുയർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. രാജസ്ഥാന് വേണ്ടി ആവേഷ് ഖാൻ രണ്ട് വിക്കറ്റ് വീഴ്‌ത്തി. യൂസ്വേന്ദ്ര ചാഹൽ നാല് ഓവറിൽ 62 റൺസ് വഴങ്ങി.

ആറ് ഓവറിൽ രണ്ടിന് 37 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. തുടക്കത്തിൽ തന്നെ അഭിഷേക് ശർമ (12), അന്മോൽപ്രീത് സിങ് (5) എന്നിവരെ മടക്കാൻ രാജസ്ഥാൻ ബൗളർമാർക്കായി. അഭിഷേകിനെ ആവേഷ് ഖാൻ മടക്കി. അന്മോലിന്റെ വിക്കറ്റ് സന്ദീപ് ശർമയ്ക്കായിരുന്നു.

രാജസ്ഥാൻ ബൗളിങ്ങിനു മുന്നിൽ പതറിയ ഹൈദാരാബാദിനെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഹെഡ് - നിതീഷ് കുമാർ സഖ്യമാണ് കരകയറ്റിയത്. നിതീഷ് കുമാറായിരുന്നു കൂടുതൽ അപകടകാരി. വെറും 42 പന്തിൽ നിന്ന് എട്ടു സിക്സും മൂന്ന് ഫോറുമടക്കം 76 റൺസോടെ നിതീഷ് പുറത്താകാതെ നിന്നു. 44 പന്തുകൾ നേരിട്ട ഹെഡ് മൂന്ന് സിക്സും ആറ് ഫോറുമടക്കം 58 റൺസെടുത്തു. തുടർന്ന് നാലാം വിക്കറ്റിൽ ഹെഡ് - റെഡ്ഡി സഖ്യം 96 റൺസ് കൂട്ടിചേർത്തു. ഇതിൽ ഹെഡിന്റെ ആദ്യ പന്തിൽ തന്നെ റിയൻ പരാഗ് പാഴാക്കിയിരുന്നു. അതിന് കനത്ത വില കൊടുക്കേണ്ടിവന്നു.

ടോസ് നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിങ് തിരഞ്ഞെടുക്കുന്നുവെന്ന് പറഞ്ഞതിനു പിന്നാലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കാതടപ്പിക്കുന്ന ആരവമായിരുന്നു. എന്നാൽ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ കണിശതയാർന്ന ബൗളിങ്ങിലൂടെ തുടക്കത്തിൽ രാജസ്ഥാൻ നിശബ്ദരാക്കി.

അപകടകാരിയായ അഭിഷേക് ശർമയെ (12) അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ ആവേശ് ഖാൻ മടക്കി. തൊട്ടടുത്ത ഓവറിൽ അന്മോൽപ്രീത് സിങ്ങും (5) പുറത്ത്. ട്രാവിസ് ഹെഡിനെ രാജസ്ഥാൻ ബൗളർമാർ നിലയ്ക്കുനിർത്തിയതോടെ പവർപ്ലേയിൽ വെടിക്കെട്ട് വീരന്മാരായ ഹൈദരാബാദിന് നേടാനായത് 37 റൺസ് മാത്രം.

പക്ഷേ നാലാമനായി ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി രാജസ്ഥാൻ ബൗളർമാരെ കടന്നാക്രമിച്ചു. ഒപ്പം ഹെഡും നിലയുറപ്പിച്ചതോടെ ഹൈദരാബാദ് സ്‌കോർ കുതിച്ചു. മൂന്നാം വിക്കറ്റിൽ 96 റൺസ് ചേർത്ത ഈ സഖ്യം ഒടുവിൽ 15-ാം ഓവറിലാണ് രാജസ്ഥാന് പിരിക്കാനായത്. ഓവറിലെ നാലാം പന്തിൽ ഹെഡിനെ ആവേശ് ഖാൻ മടക്കി. ഇതിന് തൊട്ടുമുമ്പത്തെ പന്തിൽ ഹെഡിനെതിരായ റണ്ണൗട്ട് അപ്പീൽ തേർഡ് അമ്പയർ നോട്ടൗട്ട് വിധിച്ചത് വിവാദമാകേണ്ടതായിരുന്നു. റീപ്ലേകളിൽ സഞ്ജു സാംസന്റെ ത്രോ ബെയ്ൽസിളക്കുമ്പോൾ ഹെഡിന്റെ ബാറ്റ് വായുവിലാണെന്ന സംശയം ഉയർന്നിരുന്നു. എങ്കിലും തൊട്ടടുത്ത പന്തിൽ തന്നെ ഹെഡിനെ പുറത്താക്കാൻ രാജസ്ഥാനായി.

പിന്നാലെ അഞ്ചാമനായി ഹെൻ റിച്ച് ക്ലാസൻ എത്തിയതോടെ പതിവുപോലെ വമ്പൻ ഷോട്ടുകൾ പിറന്നു. ക്ലാസൻ - നിതീഷ് സഖ്യം നാലാം വിക്കറ്റിൽ 32 പന്തിൽ നിന്ന് 70 റൺസ് ചേർത്തതോടെ ഹൈദരാബാദ് സ്‌കോർ 201-ൽ എത്തി. ക്ലാസൻ വെറും 19 പന്തിൽ നിന്ന് മൂന്ന് വീതം സിക്സും ഫോറുമടക്കം 42 റൺസോടെ പുറത്താകാതെ നിന്നു. രാജസ്ഥാൻ നിരയിൽ ആവേശ് ഖാൻ രണ്ട് വിക്കറ്റെടുത്തു. നാല് ഓവറിൽ 62 റൺസ് വഴങ്ങിയ യുസ്വേന്ദ്ര ചെഹലാണ് നന്നായി തല്ലുവാങ്ങിയത്.