ഹൈദരാബാദ്: അവസാനപന്തു വരെ ആവേശം നീണ്ടു നിന്ന ത്രില്ലർ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് കിടിലൻ ജയം. 202 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന്റെ പോരാട്ടം രണ്ട് റൺസകലെ 200 റൺസിൽ അവസാനിച്ചു. ഹൈദരാബാദിന് ഒരു റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. ആദ്യ ഓവറിലും അവസാന ഓവറിലും നിർണായക വിക്കറ്റ് വീഴ്‌ത്തിയ ഭുവനേശ്വർ കുമാറാണ് രാജസ്ഥാനിൽനിന്നും വിജയം തട്ടിയെടുത്തത്.

അവസാന ഓവറിൽ, 13 റൺസായിരുന്നു രാജസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത്. റോവ്മൻ പവൽ (15 പന്തിൽ 27), ആർ.അശ്വിൻ (2 പന്തിൽ 2*) എന്നിവർ ക്രീസിൽ. ആദ്യ പന്തിൽ സിംഗിളെടുത്ത അശ്വിൻ, സ്‌ട്രൈക്ക് പവലിനു കൈമാറി. രണ്ടാം പന്തിൽ ഡബിളെടുത്ത പവൽ, മൂന്നാം പന്ത്് ബൗണ്ടറി കടത്തി. അടുത്ത രണ്ടു പന്തിൽ വീണ്ടും ഡബിൾ വീതം. അവസാന ഓവറിൽ വേണ്ടത് രണ്ടു റൺസ്. എന്നാൽ ഭുവനേശ്വർ എറിഞ്ഞ ഫുൾ ടോസ് പന്ത് പവലിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. എൽബിഡബ്യുയായി പവൽ പുറത്തായതോടെ ഹൈദരാബാദിന് ഒരു റൺസിന്റെ ജയം. ഇതോടെ നാല് മത്സരങ്ങൾ തുടർച്ചയായി ജയിച്ച രാജസ്ഥാന്റെ വിജയക്കുതിപ്പിനും അന്ത്യമായി.

ചേസിനിറങ്ങിയ രാജസ്ഥാനെ ഇന്നിങ്‌സിന്റെ ആദ്യ ഓവറിൽ തന്നെ ഹൈദരാബാദ് ഞെട്ടിച്ചിരുന്നു. രണ്ടാം പന്തിൽ ജോസ് ബട്ലറിനെ (പൂജ്യം) ഭുവനേശ്വർ കുമാർ മാർക്കോ ജാൻസന്റെ കൈകളിൽ എത്തിച്ചു. പിന്നാലെയെത്തിയത് ക്യാപ്റ്റൻ സഞ്ജു സാംസൺ. എന്നാൽ നേരിട്ട മൂന്നാം പന്തിൽ തന്നെ സഞ്ജുവിനെ (പൂജ്യം) ക്ലീൻ ബോൾഡാക്കി ഭുവനേശ്വർ രാജസ്ഥാന് ഇരട്ടപ്രഹരം നൽകി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച യശ്വസി ജയ്സ്വാൾ റിയാൻ പരാഗ് സഖ്യം പതറാതെ രാജസ്ഥാനെ മുന്നോട്ടു നയിച്ചു.

സമ്മർദമില്ലാതെ ഇരുവരും ബാറ്റു വീശിയപ്പോൾ രാജസ്ഥാൻ സ്‌കോർബോർഡ് പ്രതീക്ഷിച്ചതിനു വേഗം ചലിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 134 റൺസാണ് കൂട്ടിച്ചേർത്തത്. ഹൈദരാബാദ് മത്സരത്തിൽ ആധിപത്യം നേടുന്നുവെന്ന് തോന്നിച്ച ഘട്ടത്തിലാണ് മൂന്നാം വിക്കറ്റിൽ ജയ്സ്വാൾ - പരാഗ് സഖ്യം തകർപ്പൻ ബാറ്റിങ്ങുമായി കളംനിറഞ്ഞത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്നെടുത്ത 134 റൺസ് കൂട്ടുകെട്ടാണ് രാജസ്ഥാൻ ഇന്നിങ്സിന്റെ നട്ടെല്ല്.

മത്സരം രാജസ്ഥാന്റെ വരുതിയിൽ നിൽക്കേ 14-ാം ഓവറിൽ ജയ്സ്വാളിനെ മടക്കി നടരാജൻ ഹൈദരാബാദിന് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 40 പന്തിൽ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 67 റൺസെടുത്തായിരുന്നു താരത്തിന്റെ മടക്കം. പിന്നാലെ പരാഗിനെയും വീഴ്‌ത്തി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മത്സരം ആവേശകരമാക്കി. 49 പന്തിൽ നിന്ന് നാല് സിക്സും എട്ട് ഫോറുമടക്കം 77 റൺസെടുത്ത പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. ഐപിഎല്ലിൽ 1000 റൺസ് തികയ്ക്കാനും താരത്തിനായി.

14ാം ഓവറിൽ ജയ്‌സ്വാളിനെ പുറത്താക്കി നടരാജനാണ് ഹൈദരാബാദിനെ വീണ്ടും മത്സരത്തിലേക്കു തിരികെകൊണ്ടുവന്നത്. അധികം വൈകാതെ പരാഗ്, ഷിമ്രോൺ ഹെറ്റ്മയർ (9 പന്തിൽ 13), ധ്രുവ് ജുറെൽ (3 പന്തിൽ 1) എന്നിവരുടെ വിക്കറ്റ് കൂടി നഷ്ട്ടപ്പെട്ടതോടെ രാജസ്ഥാൻ പതറി. പിന്നീടെത്തിയ റോവ്മൻ പവൽ അവസാന പന്തു വരെ പ്രതീക്ഷ നൽകിയെങ്കിലും ഒടുവിൽ തോൽവി വഴങ്ങി.

നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തിരുന്നു. തുടക്കത്തിൽ രാജസ്ഥാൻ ബൗളിങ്ങിനു മുന്നിൽ പതറിയ ഹൈദാരാബാദിനെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഹെഡ് - നിതീഷ് കുമാർ സഖ്യമാണ് കരകയറ്റിയത്. നിതീഷ് കുമാറായിരുന്നു കൂടുതൽ അപകടകാരി. വെറും 42 പന്തിൽ നിന്ന് എട്ടു സിക്‌സും മൂന്ന് ഫോറുമടക്കം 76 റൺസോടെ നിതീഷ് പുറത്താകാതെ നിന്നു. 44 പന്തുകൾ നേരിട്ട ഹെഡ് മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 58 റൺസെടുത്തു.

ടോസ് നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിങ് തിരഞ്ഞെടുക്കുന്നുവെന്ന് പറഞ്ഞതിനു പിന്നാലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കാതടപ്പിക്കുന്ന ആരവമായിരുന്നു. എന്നാൽ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ കണിശതയാർന്ന ബൗളിങ്ങിലൂടെ തുടക്കത്തിൽ രാജസ്ഥാൻ നിശബ്ദരാക്കി.

അപകടകാരിയായ അഭിഷേക് ശർമയെ (12) അഞ്ചാം ഓവറിലെ ആദ്യ പന്തിൽ തന്നെ ആവേശ് ഖാൻ മടക്കി. തൊട്ടടുത്ത ഓവറിൽ അന്മോൽപ്രീത് സിങ്ങും (5) പുറത്ത്. ട്രാവിസ് ഹെഡിനെ രാജസ്ഥാൻ ബൗളർമാർ നിലയ്ക്കുനിർത്തിയതോടെ പവർപ്ലേയിൽ വെടിക്കെട്ട് വീരന്മാരായ ഹൈദരാബാദിന് നേടാനായത് 37 റൺസ് മാത്രം.

പക്ഷേ നാലാമനായി ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി രാജസ്ഥാൻ ബൗളർമാരെ കടന്നാക്രമിച്ചു. ഒപ്പം ഹെഡും നിലയുറപ്പിച്ചതോടെ ഹൈദരാബാദ് സ്‌കോർ കുതിച്ചു. മൂന്നാം വിക്കറ്റിൽ 96 റൺസ് ചേർത്ത ഈ സഖ്യം ഒടുവിൽ 15-ാം ഓവറിലാണ് രാജസ്ഥാന് പിരിക്കാനായത്. ഓവറിലെ നാലാം പന്തിൽ ഹെഡിനെ ആവേശ് ഖാൻ മടക്കി. ഇതിന് തൊട്ടുമുമ്പത്തെ പന്തിൽ ഹെഡിനെതിരായ റണ്ണൗട്ട് അപ്പീൽ തേർഡ് അമ്പയർ നോട്ടൗട്ട് വിധിച്ചത് വിവാദമാകേണ്ടതായിരുന്നു. റീപ്ലേകളിൽ സഞ്ജു സാംസന്റെ ത്രോ ബെയ്ൽസിളക്കുമ്പോൾ ഹെഡിന്റെ ബാറ്റ് വായുവിലാണെന്ന സംശയം ഉയർന്നിരുന്നു. എങ്കിലും തൊട്ടടുത്ത പന്തിൽ തന്നെ ഹെഡിനെ പുറത്താക്കാൻ രാജസ്ഥാനായി.

പിന്നാലെ അഞ്ചാമനായി ഹെൻ റിച്ച് ക്ലാസൻ എത്തിയതോടെ പതിവുപോലെ വമ്പൻ ഷോട്ടുകൾ പിറന്നു. ക്ലാസൻ - നിതീഷ് സഖ്യം നാലാം വിക്കറ്റിൽ 32 പന്തിൽ നിന്ന് 70 റൺസ് ചേർത്തതോടെ ഹൈദരാബാദ് സ്‌കോർ 201-ൽ എത്തി. ക്ലാസൻ വെറും 19 പന്തിൽ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 42 റൺസോടെ പുറത്താകാതെ നിന്നു. രാജസ്ഥാൻ നിരയിൽ ആവേശ് ഖാൻ രണ്ട് വിക്കറ്റെടുത്തു. നാല് ഓവറിൽ 62 റൺസ് വഴങ്ങിയ യുസ്വേന്ദ്ര ചെഹലാണ് നന്നായി തല്ലുവാങ്ങിയത്.