മുംബൈ: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ടോസിലെ ഭാഗ്യം മുംബൈ ഇന്ത്യൻസിന്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആദ്യം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് കൊൽക്കത്ത ഇറങ്ങുന്നത്. മുംബൈ, മുഹമ്മദ് നബിക്ക് പകരം നമൻ ധിറിനെ ടീമിൽ ഉൾപ്പെടുത്തി. രോഹിത് ശർമ ഇംപാക്റ്റ് പ്ലയറായിട്ടായിരിക്കും കളിക്കുക.

കളിച്ച പത്ത് മത്സരങ്ങളിൽ ഏഴിലും പരാജയപ്പെട്ട മുംബൈക്ക് നിലനിൽപ്പിന്റെ പോരാട്ടമാണിത്. ഹാർദിക് പണ്ഡ്യയും സംഘവും അവസാന മൂന്ന് മത്സരത്തിൽ ഉൾപ്പടെ പത്ത് കളിയിയിൽ ഏഴിലും തോറ്റു. എത്തിപ്പിടിക്കാൻ കഴിയുന്നതിനും അപ്പുറമാണെങ്കിലും പ്ലേ ഓഫ് എന്ന നേരിയ പ്രതീക്ഷ നിലനിർത്താൻ മുംബൈയ്ക്ക് ജയം അനിവാര്യമാണ്.

ഒൻപതിൽ ആറും ജയിച്ച് രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ലക്ഷ്യം സമ്മർദമില്ലാതെ പ്ലേഓഫിൽ സ്ഥാനം ഉറപ്പിക്കൽ. ഫിൽ സാൾട്ട് കൂടി തകർത്തടിക്കാൻ തുടങ്ങിയതോടെ കെകെആർ ബാറ്റിങ് നിരയുടെ കരുത്തുകൂടി.

മിച്ചൽ സ്റ്റാർക്കിന്റെ മങ്ങിയ പ്രകടനത്തിനൊപ്പം ഹർഷിത് റാണയുടെ വിലക്കും കൊൽത്തക്ക ബൗളിംഗിന്റെ മൂർച്ചകുറയ്ക്കും. രോഹിത്തും സൂര്യയും ബുംറയും തിലകും ഇഷാനുമെല്ലാം ഉണ്ടെങ്കിലും ഹാർദിക്കിന് കീഴിൽ ടീമായി കളിക്കാൻ മുംബൈയ്ക്ക് കഴിയുന്നില്ല. ടീമിലെ പടലപ്പിണക്കങ്ങൾ കളിയെ സാരമായി ബാധിക്കുന്നുണ്ടെന്നാണ് ഇതുവരെയുള്ള മത്സരഫലങ്ങൾ വ്യക്തമാക്കുന്നത്.

രോഹിത് ഇംപാക്ട് പ്ലയർ ആകുന്നതോടെ ഫീൽഡിൽ ഹാർദിക് പാണ്ഡ്യയുടെ തീരുമാനങ്ങൾ വിലയിരുത്താനുള്ള നിർണായക അവസരമാണ് ഒരുങ്ങുന്നത്. പാണ്ഡ്യ ഇന്ന് സ്വീകരിക്കുന്ന തീരുമാനങ്ങൾ പിഴച്ചാൽ കടുത്ത വിമർശനം നേരിടേണ്ടി വന്നേക്കും.

മുംബൈ ഇന്ത്യൻസ്: ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, തിലക് വർമ, നെഹാൽ വധേര, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), നമാൻ ധിർ, ടിം ഡേവിഡ്, ജെറാൾഡ് കോട്സി, പിയൂഷ് ചൗള, ജസ്പ്രീത് ബുമ്ര, നുവാൻ തുഷാര.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്: ഫിലിപ്പ് സാൾട്ട് (വിക്കറ്റ് കീപ്പർ), സുനിൽ നരെയ്ൻ, അംഗ്കൃഷ് രഘുവംശി, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വെങ്കിടേഷ് അയ്യർ, റിങ്കു സിങ്, ആന്ദ്രെ റസൽ, രമൺദീപ് സിങ്, മിച്ചൽ സ്റ്റാർക്ക്, വൈഭവ് അറോറ, വരുൺ ചക്രവർത്തി.