ആന്റിഗ്വ: സ്വന്തം മണ്ണിൽ ട്വന്റി 20 ലോകകപ്പ് കിരീടം ഉയർത്താൻ വിൻഡീസിന് സാധിക്കുമോ? ജൂൺ രണ്ടു മുതൽ വെസ്റ്റിൻഡീസിലും യുഎസ്എയിലുമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കായി കരുത്തുറ്റ നിരയുമായാണ് വിൻഡീസ് ഇറങ്ങുന്നത്. ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു.

റോവ്മാൻ പവൽ നയിക്കുന്ന ടീമിൽ ആന്ദ്രേ റസ്സൽ, നിക്കോളാസ് പുരൻ, ഷിംറോൺ ഹെറ്റമെയർ, ഷായ് ഹോപ്പ്, ജോൺസൺ ചാൾസ് തുടങ്ങിയ വെടിക്കെട്ട് വീരന്മാരെല്ലാമുണ്ട്. അൽസാരി ജോസഫാണ് വൈസ് ക്യാപ്റ്റൻ.

ഓസ്ട്രേലിയക്കെതിരായ ഗാബ ടെസ്റ്റിൽ വിൻഡീസിന് ചരിത്ര വിജയം സമ്മാനിച്ച യുവ പേസർ ഷമാർ ജോസഫും ടീമിലുണ്ട്. ഷമാർ ഇതുവരെ വിൻഡീസിനായി നിശ്ചിത ഓവർ മത്സരങ്ങൾ കളിച്ചിട്ടില്ല.

നേരത്തേ സുനിൽ നരെയ്നെ ടീമിലെടുക്കാൻ കോച്ച് ഡാരൻ സമിക്ക് പദ്ധതിയുണ്ടായിരുന്നു. പക്ഷേ വിരമിക്കൽ പിൻവലിച്ച് തിരിച്ചുവരുന്നില്ലെന്ന് നരെയ്ൻ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി തകർപ്പൻ ഫോമിലാണ് നരെയ്ൻ.

വെസ്റ്റിൻഡീസ് ടീം: റോവ്മാൻ പവൽ (ക്യാപ്റ്റൻ), ആന്ദ്രേ റസ്സൽ, നിക്കോളാസ് പുരൻ, ഷിംറോൺ ഹെറ്റ്‌മെയർ, അൽസാരി ജോസഫ് (വൈസ് ക്യാപ്റ്റൻ), ജോൺസൺ ചാൾസ്, റോസ്റ്റൺ ചേസ്, ജേസൺ ഹോൾഡർ, ഷായ് ഹോപ്പ്, അകീൽ ഹുസൈൻ, ഷമാർ ജോസഫ്, ബ്രാൻഡൻ കിങ്, ഗുഡകേഷ് മോട്ടി, ഷെർഫാൻ റുഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്.

പാപ്പുവ ന്യൂഗിനി, യുഗാൺഡ, ന്യൂസീലൻഡ്, അഫ്ഗാനിസ്താൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് സിയിലാണ് വെസ്റ്റിൻഡീസ്.