- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊൽക്കത്തയോട് തോറ്റ് മുംബൈ പ്ലേ ഓഫ് കാണാതെ പുറത്ത്
മുംബൈ: വാംഖഡെയിൽ സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് 24 റൺസിന്റെ തോൽവി വഴങ്ങി മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്ത്. പതിവിന് വിപരീതമായി ബൗളർമാർ വിധി നിർണയിച്ച മത്സരത്തിൽ ഓൾറൗണ്ട് മികവിൽ 24 റൺസിനായിരുന്നു കൊൽക്കത്തയുടെ ജയം. 12 വർഷങ്ങൾക്കു ശേഷമാണ് വാംഖഡെയിൽ കൊൽക്കത്ത ജയിക്കുന്നത്. 2012-ലാണ് ഇതിനു മുമ്പ് കൊൽക്കത്ത, വാംഖഡെയിൽ മുംബൈയെ പരാജയപ്പെടുത്തിയത്.
നിർണായക മത്സരത്തിൽ 170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയെ 18.5 ഓവറിൽ 145 റൺസിന് എറിഞ്ഞിട്ടാണ് കൊൽക്കത്ത തങ്ങളുടെ ഏഴാം ജയം സ്വന്തമാക്കിയത്. ജയത്തോടെ 14 പോയന്റുമായി കൊൽക്കത്ത പ്ലേ ഓഫ് ബർത്തിനടുത്തെത്തി. മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിക്കുകയും ചെയ്തു.
19ാം ഓവറിൽ മൂന്ന് വിക്കറ്റുകൾ പിഴുത മിച്ചൽ സ്റ്റാർക്കാണ് കൊൽക്കത്തയുടെ ജയം ഉറപ്പാക്കിയത്. ബാറ്റിങ് തകർച്ച നേരിട്ട മുംബൈക്കായുള്ള സൂര്യകുമാർ യാദവിന്റെയും ടിം ഡേവിഡിന്റെയും പോരാട്ടം വിഫലമായി. 33 റൺസ് വഴങ്ങിയ സ്റ്റാർക്ക് നാലു വിക്കറ്റുകൾ വീഴ്‌ത്തി. സുനിൽ നരെയ്നും വരുൺ ചക്രവർത്തിയും നാല് ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ആന്ദ്രേ റസ്സലും രണ്ടു വിക്കറ്റെടുത്തു.
170 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈ മുൻനിര, കൊൽക്കത്ത ബൗളർമാർക്കു മുന്നിൽ പതറി. രണ്ടാം ഓവറിൽ തന്നെ ഇഷാൻ കിഷൻ (13) പുറത്ത്. പിന്നാലെ നമൻ ധീറും (11) കാര്യമായ സംഭാവനയില്ലാതെ മടങ്ങി. പിന്നീട് ഇംപാക്റ്റ് പ്ലെയറായി ഇറങ്ങിയ രോഹിത് ശർമ (11), തിലർ വർമ (4), നേഹൽ വധേര (6), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (1) എന്നിവർ വന്നപോലെ മടങ്ങിയതോടെ മുംബൈ 11.2 ഓവറിൽ ആറിന് 71 റൺസെന്ന നിലയിലേക്ക് കൂപ്പുകുത്തി.
എന്നാൽ ഏഴാം വിക്കറ്റിൽ ടിം ഡേവിഡിനെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് ആക്രമണമഴിച്ചുവിട്ടതോടെ മുംബൈ ക്യാമ്പിൽ പ്രതീക്ഷയുണർന്നു. 49 റൺസ് കൂട്ടിച്ചേർത്ത് വിജയപ്രതീക്ഷയുയർത്തിയ ഈ സഖ്യം 16-ാം ഓവറിൽ ആന്ദ്രേ റസ്സൽ പൊളിച്ചു. സൂര്യകുമാർ പുറത്ത്. 35 പന്തിൽ നിന്ന് രണ്ട് സിക്സും ആറ് ഫോറുമടക്കം 56 റൺസെടുത്തായിരുന്നു സൂര്യയുടെ മടക്കം. എങ്കിലും ഡേവിഡ് ക്രീസിലുണ്ടായിരുന്നത് പ്രതീക്ഷ നൽകി. പക്ഷേ 19-ാം ഓവറിൽ ഡേവിഡിനെ, ശ്രേയസ് അയ്യരുടെ കൈയിലെത്തിച്ച സ്റ്റാർക്ക് ആ പ്രതീക്ഷയും കെടുത്തി. പിന്നാലെ അതേ ഓവറിൽ പിയുഷ് ചൗള (0), ജെറാൾഡ് കോട്ട്സീ (8) എന്നിവരെയും മടക്കി കൊൽക്കത്തയിക്ക് ജയമൊരുക്കുകയും ചെയ്തു.
മുംബൈയിൽനിന്നേറ്റ പ്രഹരത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ചാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മിന്നും ജയം സ്വന്തമാക്കിയത്. അർധസെഞ്ചറി നേടിയ സൂര്യകുമാർ യാദവ് (35 പന്തിൽ 56) മാത്രമാണ് മുംബൈ നിരയിൽ പൊരുതിയത്. കൊൽക്കത്തയ്ക്കായി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴത്തി. ഐപിഎലിൽ മുംബൈയുടെ തുടർച്ചയായ നാലാം തോൽവിയാണിത്. ഇതോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു. രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത, 14 പോയിന്റുമായി ലീഡുയർത്തി.
ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 19.5 ഓവറിൽ 169 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം വീഴ്‌ത്തിയ നുവാൻ തുഷാര, ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റെടുത്ത ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ഒരു വിക്കറ്റ് വീഴ്‌ത്തിയ പീയൂഷ് ചൗള എന്നിവരടങ്ങിയ മുംബൈ ബോളിങ് നിരയാണ് കൊൽക്കത്ത ഇന്നിങ്‌സിന്റെ നട്ടെല്ലൊടിച്ചത്. വെങ്കടേഷ് അയ്യർ (52 പന്തിൽ 70), മനീഷ് പാണ്ഡേ (31 പന്തിൽ 42) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്. ഇവരെ കൂടാതെ അംഗൃഷ് രഘുവംശി (6 പന്തിൽ 13) മാത്രമാണ് രണ്ടക്കം കടന്നത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് ആദ്യ ഓവറിൽ തന്നെ പ്രഹരമേറ്റു. നാലാം പന്തിൽ ഓപ്പണർ ഫിൽ സോൾട്ട് (3 പന്തിൽ 5) പുറത്തായി. നുവാൻ തുഷാരയാണ് സോൾട്ടിനെ തിലക് വർമയുടെ കൈകളിൽ എത്തിച്ചത്. ഏഴ് ഓവർ പൂർത്തിയാകും മുൻപു തന്നെ നാല് വിക്കറ്റ് കൂടി നഷ്ടപ്പെട്ടതോടെ കൊൽക്കത്ത തകർന്നു. അംഗൃഷ് രഘുവംശി (6 പന്തിൽ 13), ശ്രേയസ് അയ്യർ (4 പന്തിൽ 6), സുനിൽ നരെയ്ൻ (8 പന്തിൽ 8), റിങ്കു സിങ് (9 പന്തിൽ 8) എന്നിവരുടെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് അതിവേഗം നഷ്ടപ്പെട്ടത്. 6.1 ഓവറിൽ 57ന് 5 എന്ന നിലയിലായിരുന്നു കൊൽക്കത്ത.
ആറാം വിക്കറ്റിൽ വെങ്കടേഷ് അയ്യർ മനീഷ് പാണ്ഡേ സഖ്യമാണ് കൊൽക്കത്തെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. ഇരുവരും ചേർന്ന് 83 റൺസാണ് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്തത്. 17ാം ഓവറിൽ മനീഷ് പാണ്ഡയെ പുറത്താക്കി ഹാർദിക് പാണ്ഡ്യയാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ആന്ദ്രെ റസ്സൽ (2 പന്തിൽ 7), രമൺദീപ് സിങ് (4 പന്തിൽ 2), മിച്ചൽ സ്റ്റാർക് (പൂജ്യം) എന്നിവർക്കാർക്കും പിടിച്ചുനിൽക്കാനായില്ല. പത്താമനായി പുറത്തായ വെങ്കടേഷ് അയ്യരാണ് കൊൽക്കത്ത സ്‌കോർ 160 കടത്തിയത്. മൂന്നു സിക്‌സും ആറും ഫോറും അടങ്ങുന്നതായിരുന്നു വെങ്കടേഷിന്റെ ഇന്നിങ്‌സ്.