- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുമ്രയും രോഹിത്തും അടുത്ത മത്സരങ്ങളിൽ കളിച്ചേക്കില്ല, മുംബൈ ഇന്ത്യൻസിന് തിരിച്ചടി
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ചുതവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസ് ഇത്തവണ ദയനീയ തോൽവികളോടെ പ്ലേ ഓഫ് പ്രതീക്ഷപോലുമില്ലാതെ പുറത്താവലിന്റെ വക്കിലാണ്. കഴിഞ്ഞദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 24 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയതോടെ മുംബൈ കളിച്ച പതിന്നൊന്ന് മത്സരങ്ങളിൽ മൂന്ന് ജയത്തോടെ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്. ടീമിനെ അഞ്ച് തവണ കിരീടത്തിലെത്തിച്ച രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറിയതും അതേത്തുടർന്ന് രൂപപ്പെട്ട വിഭാഗീയതയുമെല്ലാം ടീമിന്റെ നിറംമങ്ങലിന് കാരണമായിട്ടുണ്ട്.
സീസണിൽ മുംബൈ 11 മത്സരങ്ങൾ കളിച്ചപ്പോൾ എട്ടിലും തോറ്റു. മൂന്ന് വിജയങ്ങളിൽ ആറ് പോയിന്റുമായി പട്ടികയിൽ ഒൻപതാമതാണ് മുംബൈ. 10 കളികളിൽ ആറ് പോയിന്റുമായി ബെംഗളൂരുവും തൊട്ടുപിന്നിലുണ്ട്. റൺറേറ്റിന്റെ ആനുകൂല്യത്തിലാണ് മുംബൈ മുന്നിൽ നിൽക്കുന്നത്.
അതേ സമയം ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ രോഹിത് ശർമയുടേയും ജസ്പ്രീത് ബുമ്രയുടെയും സേവനം മുംബൈ ഇന്ത്യൻസിന് ലഭിച്ചേക്കില്ല. രോഹിത് ശർമ പരിക്കിന്റെ ഭീതിയിലായതോടെ ഇന്ത്യൻ ടീം മാനേജ്‌മെന്റും ആശങ്കയിലാണ്. ഇന്നലെ കൊൽക്കത്തക്കെതിരായ മത്സരത്തിൽ ഇംപാക്ട് സബ്ബായി ബാറ്റിംഗിനിറങ്ങിയ രോഹിത്തിന് നേരിയ പുറംവേദന അനുഭവപ്പെട്ടിരുന്നു. അതിനാലാണ് ഫീൽഡിംഗിനിറങ്ങാതെ ബാറ്റിംഗിന് മാത്രം രോഹിത് ഇറങ്ങിയത്. ഈ സാഹചര്യത്തിൽ ട്വന്റി 20 ലോകകപ്പ് കൂടി കണക്കിലെടുത്ത് രോഹിത് മുംബൈയുടെ ഇനിയുള്ള മത്സരങ്ങളിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്.
പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ച മുംബൈക്ക് ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് സീസണിൽ അവശേഷിക്കുന്നത്. ഇതിൽ മൂന്നിൽ ജയിച്ചാലും പ്ലേ ഓഫിൽ എത്താനുള്ള സാധ്യത ഒരു ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിൽ ടി20 ലോകകപ്പ് മുന്നിൽക്കണ്ട് രോഹിത്തിന് അടുത്ത മത്സരങ്ങളിൽ വിശ്രമം അനുവദിച്ചേക്കുമെന്നാണ് കരുതുന്നത്. രോഹിത്തിന്റെ പരിക്ക് വഷളായാൽ അത് ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പുകളെ ബാധിക്കുമെന്നതിനാലണിത്. അതേസമയം, മിന്നും ഫോമിലുള്ള പേസർ ജസ്പ്രീത് ബുമ്രക്കും അടുത്ത മത്സരങ്ങളിൽ വിശ്രമം അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
ഐപിഎല്ലിൽ 11 മത്സരങ്ങളിൽ 17 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണിപ്പോൾ ബുമ്ര. എന്നാൽ ട്വന്റി 20 ലോകകപ്പ് കണക്കിലെടുത്ത് മുംബൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഇനി കണക്കുകളിൽ മാത്രമെയുള്ളൂവെന്നതിനാൽ ബുമ്രക്ക് വിശ്രമം അനുവദിക്കാൻ മുംബൈ ടീം മാനേജ്‌മെന്റ് തയാറാവണമെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ പറഞ്ഞു.വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളിലും മുംബൈക്ക് കടുപ്പമേറിയ എതിരാളികളൊണ് നേരിടാനുള്ളത്. പോയന്റ് പട്ടികയിൽ ടോപ് ഫോറിലുള്ള സൺറൈസേഴസ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡ്‌ഴ്‌സ് ടീമുകളാണ് ഇനി മുംബൈയുടെ എതിരാളികൾ.
ഇവരെ തോൽപ്പിച്ചാലും മുബൈക്ക് പ്ലേ ഓഫിലെത്താനാവില്ല. മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാൽ മാത്രമെ മുംബൈക്ക് നേരിയ സാധ്യത ബാക്കിയാകുന്നുള്ളു. ഈ സാഹചര്യത്തിലാണ് ലോകകപ്പ് ടീമിലുള്ള രോഹിത്തിനും ബുമ്രക്കും വിശ്രമം അനുവദിക്കണമെന്ന ആവശ്യം ഉയരുന്നത്. എന്നാൽ ഇതിനോട് മുംബൈ ടീം മാനേജ്‌മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.