- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎല്ലിനിടെ പാക് ക്രിക്കറ്റ് താരങ്ങൾക്ക് 'ഓൺലൈൻ കോച്ചിങ്' നടത്തി ഗാരി കേഴ്സ്റ്റൻ
അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകൻ ഗാരി കേഴ്സ്റ്റനെതിരെ വിമർശനവുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ആരാധകർ. ഐപിഎൽ മത്സരത്തിനിടെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുമായി കേഴ്സ്റ്റൻ വെർച്വൽ കൂടിക്കാഴ്ച നടത്തിയതിനാണ് കടുത്ത വിമർശനം ഉയരുന്നത്. ട്വന്റി20 ലോകകപ്പിനുള്ള പാക് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാനുള്ള ദൗത്യം ഗാരി കേഴ്സ്റ്റൻ ഏ്‌റ്റെടുത്തിരുന്നു. എന്നാൽ ഗുജറാത്ത് ടൈറ്റൻസിന്റെ ബാറ്റിങ് പരിശീലകനായി ടീമിനൊപ്പം തുടരുന്ന ഗാരി കേഴ്സ്റ്റന് പാക്കിസ്ഥാനിലേക്ക് മടങ്ങാൻ സാധിച്ചിരുന്നില്ല.
പാക്ക് താരങ്ങളുമായി സംസാരിക്കുന്ന കേഴ്സ്റ്റന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രൂക്ഷവിമർശനമാണ് ആരാധകർ സമൂഹമാധ്യമത്തിൽ ഉയർത്തുന്നത്. ഗുജറാത്ത് ഐപിഎൽ പ്ലേ ഓഫിൽ എത്താതെ പുറത്തായാൽ ഗാരി കേഴ്സ്റ്റൻ നേരത്തേ തന്നെ പാക്കിസ്ഥാൻ ടീം ക്യാംപിലേക്കു പോകും. എന്നാൽ ഗുജറാത്ത് ക്വാളിഫൈ ചെയ്താൽ കേഴ്സ്റ്റന്റെ മടക്കം വൈകും. ഓൺലൈനിൽ ഇരുന്ന് കേഴ്സ്റ്റൻ എങ്ങനെയാണ് പാക്കിസ്ഥാൻ ടീമിനെ തയ്യാറെടുപ്പിക്കുകയെന്നാണ് ആരാധകരുടെ സംശയം.
"ലാപ്‌ടോപ് സ്‌ക്രീൻ നോക്കി എങ്ങനെയാണ് ക്രിക്കറ്റ് കളിക്കുക. മിക്കി ആർതറെ പോലെ കേഴ്സ്റ്റനും ഓൺലൈൻ കോച്ചിങ്ങാണോ. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് ക്രിക്കറ്റ് എന്നതു തമാശയാണോ?" എന്നിങ്ങനെ പോകുന്നു പാക്ക് ആരാധകരുടെ സംശയങ്ങൾ. അയർലൻഡിനെതിരെയും ഇംഗ്ലണ്ടിനെതിരെയും ട്വന്റി20 പരമ്പര കളിക്കാനുള്ള തയ്യാറെടുപ്പിലാണ് പാക്കിസ്ഥാൻ. ഗാരി കേഴ്സ്റ്റന്റെ അഭാവത്തിൽ മുൻ പാക്ക് താരം അസർ മഹ്‌മൂദാണ് പാക്ക് ടീമിനെ ഇപ്പോൾ പരിശീലിപ്പിക്കുന്നത്.
പാക്കിസ്ഥാന്റെ ബോളിങ് പരിശീലകനായ ജേസൺ ഗില്ലസ്പിയും ഇപ്പോൾ പ്രധാന പരിശീലകന്റെ ചുമതല വഹിക്കുന്നുണ്ട്. പാക്ക് മുൻ താരങ്ങളായ മുഹമ്മദ് യൂസഫ്, സയീദ് അജ്മൽ എന്നിവരും ലോകകപ്പ് ടീമിനൊപ്പമുണ്ട്. ബാബർ അസമിന്റെ നേതൃത്വത്തിലാണ് പാക്കിസ്ഥാൻ ടീം ട്വന്റി20 ലോകകപ്പിൽ കളിക്കാനൊരുങ്ങുന്നത്. ജൂൺ ആറിന് യുഎസിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. ജൂൺ ഒൻപതിനാണ് ലോകകപ്പിലെ ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം.