ധരംശാല: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സിന് 168 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ രവീന്ദ്ര ജഡേജ, ക്യാപ്റ്റൻ റുതരാജ് ഗെയ്ക്വാദ്, ഡാരിൽ മിച്ചൽ എന്നിവരുടെ ബാറ്റിങ് മികവിലാണ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തത്. 25 പന്തിൽ 43 റൺസെടുത്ത ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. പഞ്ചാബിനായി ഹർഷൽ പട്ടേലും രാഹുൽ ചാഹറും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

സ്‌കോർ 12ൽ നിൽക്കെ ഓപ്പണർ അജിൻക്യ രഹാനെയെ നഷ്ടമായ ചെന്നൈയ്ക്ക് രണ്ടാം വിക്കറ്റിൽ ഡാരിൽ മിച്ചൽ ഗെയ്ക്വാദ് സഖ്യമാണു തുണയായത്. ഇരുവരും ചേർന്ന് ചെന്നൈ സ്‌കോർ 60 കടത്തി. 69ൽ നിൽക്കെ ചെന്നൈ ക്യാപ്റ്റനെ രാഹുൽ ചാഹർ പുറത്താക്കി. വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ക്യാച്ചെടുത്താണ് ഗെയ്ക്വാദിന്റെ മടക്കം. തൊട്ടടുത്ത പന്തിൽ ശിവം ദുബെയും സമാന രീതിയിൽ പുറത്തായതോടെ ചെന്നൈ പ്രതിരോധത്തിലായി. ഡാരിൽ മിച്ചലിനെ ഹർഷൽ പട്ടേൽ വിക്കറ്റിനു മുന്നിൽ കുടുക്കി.

രവീന്ദ്ര ജഡേജ ഒരു ഭാഗത്തു നിലയുറപ്പിച്ചപ്പോൾ മൊയീൻ അലി (20 പന്തിൽ 17), മിച്ചൽ സാന്റ്‌നർ (11 പന്തിൽ 11) എന്നിവർക്കു തിളങ്ങാനായില്ല. 11 പന്തുകൾ നേരിട്ട ഷാർദൂൽ ഠാക്കൂർ 17 റൺസെടുത്തു പുറത്തായി. ഹർഷൽ പട്ടേലിന്റെ പന്തിൽ താരം ബോൾഡായി. അടുത്ത പന്തിൽ എം.എസ്. ധോണിയും ബോൾഡായി മടങ്ങി. അർഷ്ദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ സാം കറൻ ക്യാച്ചെടുത്ത് രവീന്ദ്ര ജഡേജയെ പുറത്താക്കി. പഞ്ചാബിനായി രാഹുൽ ചാഹർ, ഹർഷൽ പട്ടേൽ എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്‌ത്തി.

രവീന്ദ്ര ജഡേജയും മൊയീൻ അലിയും ചേർന്ന് ചെന്നൈയെ പതിമൂന്നാം ഓവറിൽ 100 കടത്തിയെങ്കിലും 20 പന്തിൽ 17 റൺസെടുത്ത അലിയെ ബെയർ‌സ്റ്റോയുടെ കൈകളിലെത്തിച്ച് പഞ്ചാബ് നായകൻ സാം കറൻ ചെന്നൈയുടെ കുതിപ്പ് തടഞ്ഞയുകയായിരുന്നു. അലി പുറത്തായശേഷം ക്രീസിലെത്തിയ മിച്ചൽ സാന്റ്‌നർക്കും(11), ഷാർദ്ദുൽ ഠാക്കൂറും(17) ചെറിയ സംഭാവനകളിലൂടെ ചെന്നൈയെ 150ൽ എത്തിച്ചു.

ഹർഷൽ പട്ടേലിന്റെ പന്തിൽ ഷാർദ്ദുൽ പുറത്തായശേഷം ഒമ്പതാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ എം എസ് ധോണി നേരിട്ട ആദ്യ പന്തിൽ തന്നെ ക്ലീൻ ബൗൾഡായി. ഈ സീസണിൽ ഇത് രണ്ടാം തവണ മാത്രമാണ് ധോണി പുറത്താവുന്നത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനെതിരെ ആയിരുന്നു ധോണി സീസണിൽ ആദ്യമായി പുറത്തായത്. പഞ്ചാബിനായി ഹർഷൽ പട്ടേൽ നാലോവറിൽ 24 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ രാഹുൽ ചാഹർ നാലോവറിൽ 23 റൺസിന് മൂന്ന് വിക്കറ്റെടുത്തു. അർഷ്ദീപ് സിങ് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

ടോസ് വിജയിച്ച പഞ്ചാബ് കിങ്‌സ് ചെന്നൈയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 11 മത്സരങ്ങളിൽ ഇതു പത്താം തവണയാണ് ചെന്നൈ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന് ടോസ് ലഭിക്കാതെ പോകുന്നത്. ബംഗ്ലാദേശ് ബാറ്റർ മുസ്തഫിസുർ റഹ്‌മാൻ ഇന്നത്തെ മത്സരത്തിൽ കളിക്കില്ല. പേസർ മിച്ചൽ സാന്റ്‌നർ പകരക്കാരനായി ടീമിലെത്തി. പഞ്ചാബ് പ്ലേയിങ് ഇലവനിൽ മാറ്റങ്ങളില്ല. ധരംശാലയിൽവച്ചാണ് ഞായറാഴ്ചത്തെ ആദ്യ മത്സരം നടക്കുന്നത്. കഴിഞ്ഞ സീസണിലും പഞ്ചാബ് കിങ്‌സിന്റെ രണ്ടു മത്സരങ്ങൾ ധരംശാലയിൽ നടത്തിയിരുന്നു. പത്ത് മത്സരങ്ങൾ പൂർത്തിയാക്കിയ ചെന്നൈ സൂപ്പർ കിങ്‌സ് പത്തു പോയിന്റുമായി പത്താം സ്ഥാനത്താണ്. നാലു വിജയങ്ങളുള്ള പഞ്ചാബ് എട്ടാമതാണ്.