- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിനെ കീഴടക്കി, പോയന്റ് പട്ടികയിൽ ടോപ് ത്രീയിൽ തിരിച്ചെത്തി ചെന്നൈ
ധരംശാല: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെ 28 റൺസിന് തകർത്ത് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ജഡേജയുടെ ബാറ്റിങ് കരുത്തിൽ 168 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോൾ പഞ്ചാബിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നിയ രവീന്ദ്ര ജഡേജയാണ് ചെന്നൈയുടെ വിജയശിൽപി.
26 പന്തിൽ 43 റൺസുമായി ചെന്നൈയുടെ ടോപ് സ്‌കോററായ ജഡേജ നാലോവറിൽ 20 റൺസിന് മൂന്ന് വിക്കറ്റെടുത്ത് ബൗളിംഗിലും തിളങ്ങി. ജയത്തോടെ 12 പോയന്റുമായി ചെന്നൈ പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് കയറി. തോൽവിയോടെ 11 കളികളിൽ 8 പോയന്റുള്ള പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു.സ്‌കോർ ചെന്നൈ സൂപ്പർ കിങ്‌സ് 20 ഓവറിൽ 167-9, പഞ്ചാബ് കിങ്‌സ് 20 ഓവറിൽ 139-9.
168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിനെ ഞെട്ടിച്ചത് രണ്ടാം ഓവറിൽ തുഷാർ ദേശ്പാണ്ഡെ ഏൽപ്പിച്ച ഇരട്ടപ്രഹരമായിരുന്നു. അഞ്ചാം പന്തിൽ ജോണി ബെയർസ്റ്റോയെ(7) ക്ലീൻ ബൗൾഡാക്കിയ ദേശ്പാണ്ഡെ അടുത്ത പന്തിൽ റിലീ റോസോയെ ബൗൾഡാക്കി. പ്രഭ്സിമ്രാൻ സിംഗും ശശാങ്ക് സിംഗും പിടിച്ചു നിന്നതോടെ പവർ പ്ലേയിൽ കൂടുതൽ നഷ്ടങ്ങളിത്താലെ പഞ്ചാബ് 67 റൺസിലെത്തി. 23 പന്തിൽ രണ്ടുവീതം സിക്സും ഫോറുമായി 30 റൺസുമായി പ്രഭ്സിമ്രാൻ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ.
എട്ടാം ഓവറിൽ 62-2 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന പഞ്ചാബിന് പക്ഷെ മിച്ചൽ സാന്റ്‌നറുടെ പന്തിൽ ശശാങ്ക് സിംഗിനെ(20 പന്തിൽ 27) നഷ്ടമായത് തിരിച്ചടിയായി. അടുത്ത ഓവറിലെ അവസാന പന്തിൽ പ്രഭ്സിമ്രനെ(23 പന്തിൽ 30) മടക്കി ജഡേജ പഞ്ചാബിന്റെ തകർച്ച വേഗത്തിലാക്കി. പത്താം ഓവറിൽ ജിതേഷ് ശർമയെ(0) ഗോൾഡൻ ഡക്കാക്കി സിമർജീത് സിംഗും പഞ്ചാബിനെ കൂട്ടത്തകർച്ചയിലേക്ക് തള്ളിവിട്ടു.
62-2ൽ നിന്ന് 72-ലേക്ക് കൂപ്പുകുത്തിയ പഞ്ചാബിന്റെ അവസാന പ്രതീക്ഷയും തകർത്ത് പതിമൂന്നാം ഓവറിൽ ജഡേജ ക്യാപ്റ്റൻ സാം കറനെയും(7), അശുതോഷ് ശർമയെയും(3) വീഴ്‌ത്തിയതോടെ പഞ്ചാബിന്റെ പോരാട്ടം തീർന്നു. 16 റൺസിനിടെ തുലച്ചത് അഞ്ച് വിക്കറ്റുകൾ. തുടർന്ന് ഒരു തിരിച്ചുവരവ് പഞ്ചാബിന് സാധ്യമാവുമായിരുന്നില്ല.
അവസാന ഓവറുകളിൽ ഹർപ്രീത് ബ്രാറും(17*), ഹർഷൽ പട്ടേലും(12), രാഹുൽ ചാഹറും(16) കാഗിസോ റബാഡയും(11*) നടത്തിയ പോരാട്ടം പഞ്ചാബിന്റെ തോൽവി ഭാരം കുറച്ചു. ചെന്നൈക്കായി രവീന്ദ്ര ജഡേജ നാലോവറിൽ 20 റൺസിന് മൂന്ന് വിക്കറ്റെടുത്തപ്പോൾ സിമർജീത് സിങ് മൂന്നോവറിൽ 16 റൺസിനും തുഷാർ ദേശ്പാണ്ഡെ 35 റൺസിനും രണ്ട് വിക്കറ്റെടുത്തു.
നേരത്ത ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ രവീന്ദ്ര ജഡേജ, ക്യാപ്റ്റൻ റുതരാജ് ഗെയ്ക്വാദ്(21 പന്തിൽ 32), ഡാരിൽ മിച്ചൽ(19 പന്തിൽ 30) എന്നിവരുടെ ബാറ്റിങ് മികവിലാണ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 167 റൺസടിച്ചത്. 25 പന്തിൽ 43 റൺസെടുത്ത ജഡേജയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. എം എസ് ധോണിയും ശിവം ദുബെയും ഗോൾഡൻ ഡക്കായി. മൂന്നുവീതം വിക്കറ്റുകൾ നേടിയ രാഹുൽ ചാഹറും ഹർഷൽ പട്ടേലും ചെന്നൈയെ ചെറിയ സ്‌കോറിൽ ഒതുക്കിയിരുന്നു.
എട്ടാം ഓവറിൽഗെയ്ക്വാദിനെയും ശിവം ദുബെയെയും രാഹുൽ ചാഹർ അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയതോടെ ചെന്നൈ പതറി. ശിവം ദുബെ വീണ്ടും ഗോൾഡക്കായി. ഒരു ഘട്ടത്തിൽ ആറ് റൺസ് ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീണതും ചെന്നൈയെ പ്രതിസന്ധിയിലാക്കി. ഋതുരാജ് ഗെയ്ക്വാദ് (32), ഡറിൽ മിച്ചൽ (30), മോയിൻ അലി (17), ശർദുൽ താക്കൂർ (17), മിച്ചൽ സാന്റ്‌നർ (11) എന്നിവർ രണ്ടക്കം കടന്നു. പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലായിരുന്ന ചെന്നൈ പിന്നീട് ദുർബലമായ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.
19-ാം ഓവറിൽ ഹർഷൽ പട്ടേൽ അടുത്തടുത്ത പന്തുകളിൽ ശർദുൽ താക്കൂറിനെയും ധോനിയെയും പുറത്താക്കി. ഏറെ ആരവങ്ങളോടെ ക്രീസിലെത്തിയ ധോനി ഗോൾഡൻ ഡക്കായി മടങ്ങി. മികച്ച സ്ലോ ബോൾ യോർക്കർ വഴിയാണ് ധോനിയെയും ഇരുവരും പുറത്തായത്. ധോനി പുറത്തായതോടെ ഗാലറി ഒന്നടങ്കം നിശ്ശബ്ദമായി.
നാലോവറിൽ 23 റൺസ് വഴങ്ങിയാണ് രാഹുൽ ചാഹർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയതെങ്കിൽ അത്രതന്നെ ഓവറിൽ 24 റൺസ് വഴങ്ങിയാണ് ഹർഷൽ പട്ടേൽ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. നാലോവറിൽ 42 റൺസ് വഴങ്ങി അർഷ്ദീപ് സിങ് രണ്ട് വിക്കറ്റ് നേടി. നാലോവറിൽ 34 റൺസ് വഴങ്ങിയ ക്യാപ്റ്റൻ സാം കറന് ഒരു വിക്കറ്റും സ്വന്തമാക്കി.