ഇസ്‌ലാമബാദ്: അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള പാക്കിസ്ഥാൻ ടീമിന് കനത്ത തിരിച്ചടി. പാക്കിസ്ഥാൻ പേസ് ബോളർ മുഹമ്മദ് ആമിറിന് ഇതുവരെ വീസ ലഭിച്ചിട്ടില്ല. ഒത്തുകളിക്കേസിൽ അകപ്പെട്ട് മുൻപ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ് വീസ വൈകാൻ കാരണമെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ഇതോടെ ട്വന്റി20 ലോകകപ്പ് കളിക്കാൻ താരത്തിന് യുഎസ് വീസ നൽകുമോയെന്ന കാര്യത്തിലും ആശങ്ക ഉയരുകയാണ്. രണ്ടോ, മൂന്നോ ദിവസത്തിനുള്ളിൽ ആമിറിന് അയർലൻഡിലേക്കു പോകാൻ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. യുഎസിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിൽ കളിക്കുന്നതിനായി, ആമിറിന് വീസ ലഭിക്കേണ്ടതുണ്ട്.

ആമിറിന്റെ കാര്യത്തിൽ യുഎസും ഇതേ സമീപനം സ്വീകരിച്ചാൽ പാക്കിസ്ഥാന്റെ ലോകകപ്പ് ഒരുക്കങ്ങൾ പ്രതിസന്ധിയിലാകും. മെയ്‌ പത്തിനാണ് അയർലൻഡിനെതിരായ ട്വന്റി20 പരമ്പര തുടങ്ങുന്നത്. മൂന്നു മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

2010ലാണ് മുഹമ്മദ് ആമിർ ഒത്തുകളിക്കേസിൽ പ്രതിയാകുന്നത്. ജയിൽ ശിക്ഷയും വർഷങ്ങളോളം വിലക്കും നേരിട്ട ആമിർ വീണ്ടും ക്രിക്കറ്റിൽ സജീവമാകുകയായിരുന്നു. 2018ലും താരത്തിന് വീസ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നിരുന്നു. രണ്ടോ, മൂന്നോ ദിവസങ്ങൾക്കകം ആമിർ അയർലൻഡിലെത്തി ടീമിനൊപ്പം ചേരുമെന്നാണു പ്രതീക്ഷയെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.

ട്വന്റി20 ലോകകപ്പിനുള്ള ഒരുക്കമായാണ് പാക്കിസ്ഥാൻ, അയർലൻഡിനെതിരായ പരമ്പരയെ കാണുന്നത്. പരമ്പരയിൽ താരങ്ങളുടെ പ്രകടനം വിലയിരുത്തിയ ശേഷമാകും ട്വന്റി20 ലോകകപ്പിനുള്ള അന്തിമ ഇലവനെ തീരുമാനിക്കുക. ബാബർ അസം നയിക്കുന്ന ടീമിൽ ആമിറിനു പുറമേ, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി എന്നിവരും പ്രധാന പേസർമാരായുണ്ട്.