ലഖ്‌നൗ: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ നിർണായക മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ദയനീയ തോൽവി വഴങ്ങിയതിന് പിന്നാലെ നായകൻ കെ എൽ രാഹുലിനെ പരസ്യമായ ശകാരിച്ച ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ പെരുമാറ്റത്തിനെതിരെ വിമർശനവുമായി മുൻ താരങ്ങളും ആരാധകരും. ഇന്നലെ മത്സരശേഷം സ്റ്റേഡിയത്തിൽ ടെലിവിഷൻ ക്യാമറകൾക്ക് മുമ്പിൽ വച്ചാണ് ഗോയങ്ക ടീമിന്റെ പ്രകടനത്തിലുള്ള തന്റെ അതൃപ്തി രാഹുലിനോടും കോച്ച് ജസ്റ്റിൻ ലാംഗറോടും പരസ്യമാക്കിയത്. രാഹുലിനെ ഗോയങ്ക ശകാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. ലഖ്‌നൗ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്ത 165 റൺസ് ഹൈദരാബാദ് ബാറ്റർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് 9.4 ഓവറിലാണ് അടിച്ചെടുത്തത്.

ഗോയങ്കയുടെ അതൃപ്തി മനസിലാക്കാമെങ്കിലും പരസ്യമായി അത് പ്രകടിപ്പിച്ച രീതി അംഗീകരിക്കാനാവില്ലെന്ന് ആർസിബി മുൻ ടീം ഡയറക്ടറായ മൈക്ക് ഹെസൺ പറഞ്ഞു. ഹൈദരാബാദും ലഖ്‌നൗവും തമ്മിൽ ഗ്രൗണ്ടിലെ പ്രകടനത്തിന്റെ കാര്യത്തിൽ ആടും ആനയും തമ്മിലുള്ള അന്തരമുണ്ടായിരുന്നുവെന്നും അതിലുള്ള അതൃപ്തിയാകാം ഗോയങ്ക പ്രകടിപ്പിച്ചതെന്നും ഹെസൺ പറഞ്ഞു. എന്നാൽ ടീം ഉടമയുടെ വികാരം മനസിലാക്കുന്നുവെങ്കിലും ഇത്തരം ശകാരങ്ങളൊക്കെ ഡ്രസ്സിങ് റൂമിനുള്ളിൽ വച്ചാവുന്നതായിരുന്നു ഉചിതമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഗ്രെയിം സ്മിത്ത് വ്യക്തമാക്കി.

ഗോയങ്കയുടെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാതെ നിൽക്കുന്ന രാഹുലിന്റെ ദൃശ്യം കാണുമ്പോൾ സഹതാപമുണ്ടെന്നും ക്യാമറകൾക്ക് മുമ്പിലെ ഈ രോഷപ്രകടനം ഒഴിവാക്കേണ്ടതായിരുന്നുവെന്നും സ്മിത്ത് പറഞ്ഞു. ആരാധകരും ഗോയങ്കയുടെ പെരുമാറ്റത്തിലെ അതൃപ്തി സമൂഹമാധ്യമങ്ങളിൽ പരസ്യമാക്കി. ആത്മാഭിമാനം കുറച്ചെങ്കിലും ബാക്കിയുണ്ടെങ്കിൽ രാഹുൽ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ച് ടീം വിടണമെന്ന് ചില ആരാധകർ പറഞ്ഞു. ഗോയങ്കക്ക് മുമ്പിൽ രാഹുൽ നിൽക്കുന്നത് കണ്ടാൽ അപ്രൈസൽ ചർച്ചക്ക് ഇരിക്കുന്ന കോർപറേറ്റ് ജീവനക്കാരനെ പോലെയുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.

ലഖ്നൗ നായകൻ കെ എൽ രാഹുലിനോട് ദേഷ്യപ്പെടുന്ന ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സഞ്ജീവ് ഗോയങ്കയുടെ നടപടി ശരിയല്ലെന്ന് വിമർശിക്കുകയാണ് മുൻ താരങ്ങൾ. ടീമിന്റെ മോശം പ്രകടനത്തിലുള്ള അതൃപ്തി സഞ്ജീവ് ഗോയങ്കയുടെ മുഖത്ത് പ്രകടമായിരുന്നു. കൈകൾ കൊണ്ട് തനിക്കൊന്നും കേൾക്കേണ്ടെന്ന രീതിയിൽ ഗോയങ്ക ആംഗ്യം കാട്ടുന്നതും രാഹുൽ പറയുന്നത് അംഗീകരിക്കാതെ ഫീൽഡിലെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ തോൽവിയുടെ പേരിൽ രാഹുലിനെ പരസ്യമായി അപമാനിക്കുന്നതിന് പകരം ഡ്രസ്സിങ് റൂമിൽ എത്തുന്നതുവരെയെങ്കിലും ലഖ്‌നൗ മുതലാളിക്ക് കാത്തിരിക്കാമായിരുന്നു എന്നും ചില ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്.

ലഖ്‌നൗ 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്ത 165 റൺസ് ഹൈദരാബാദ് ബാറ്റർമാരായ ട്രാവിസ് ഹെഡും അഭിഷേക് ശർമയും ചേർന്ന് 9.4 ഓവറിലാണ് അടിച്ചെടുത്തത്. മത്സരശേഷം ഹൈദരാബാദ് ഓപ്പണർമാരുടെ പ്രഹരത്തെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നും അവിശ്വസനീയമായിരുന്നു അവരുടെ പ്രകടനമെന്നും രാഹുൽ പറഞ്ഞിരുന്നു. എല്ലാ പന്തുകളും മിഡിൽ ചെയ്ത് അടിക്കാൻ അവർക്കായെന്നും അവരുടെ കഴിവിനെ അഭിനന്ദിക്കുന്നുവെന്നും പറഞ്ഞ രാഹുൽ ലഖ്‌നൗ 240-250 റൺസടിച്ചിരുന്നെങ്കിൽ പോലും ഹൈദരാബാദ് ചിലപ്പോൾ ജയിക്കുമായിരുന്നുവെന്നും വ്യക്തമാക്കി.

തോൽവിക്ക് പുറമെ ലഖ്‌നൗ ഇന്നിങ്‌സിൽ ഓപ്പണറായി ഇറങ്ങിയ ടെസ്റ്റ് കളിച്ച രാഹുലിന്റെ ഇന്നിങ്‌സിനെതിരെയും വിമർശനം ഉയർന്നിരുന്നു. പവർപ്ലേയിൽ കളിച്ചിട്ടും 33 പന്തിൽ 29 റൺസാണ് രാഹുൽ നേടിയത്. കമിൻസ് എറിഞ്ഞ രണ്ടാം ഓവറിൽ സിക്‌സ് അടിച്ച രാഹുൽ പിന്നീട് ഒരു ബൗണ്ടറി നേടുന്നത് പത്താം ഓവറിലാണ്. പവർ പ്ലേയിൽ ലഖ്‌നൗ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 27 റൺസടിച്ചപ്പോൾ ഹൈദരാബാദ് വിക്കറ്റ് നഷ്ടമില്ലാതെ നേടിയത് 107 റൺസായിരുന്നു.