- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകകപ്പിൽ സഞ്ജുവിന്റെ അസാധാരണ പ്രകടനം പ്രതീക്ഷിക്കുന്നുവെന്ന് സംഗക്കാര
ജയ്പുർ: ഐപിഎല്ലിൽ സ്ഥിരയാർന്ന പ്രകടനമാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ കാഴ്ചവയ്ക്കുന്നത്. റൺവേട്ടക്കാരിൽ നാലാം സ്ഥാനത്താണ് സഞ്ജു. പതിനൊന്ന് മത്സരങ്ങളിൽ 67.29 ശരാശരിയിൽ 163.54 പ്രഹരശേഷിയിൽ 471 റൺസാണ് സഞ്ജുവിന്റെ ഇതുവരെയുള്ള സമ്പാദ്യം. ഋതുരാജ് ഗെയ്ക്വാദ്(541), വിരാട് കോലി(542) എന്നിവരടക്കം മൂന്ന് താരങ്ങളാണ് സീസണിൽ റൺവേട്ടയിൽ സഞ്ജുവിനെക്കാൾ നിലവിൽ മുന്നിലുള്ളത്.
സഞ്ജുവിന്റെ സ്ഥിരത ട്വന്റി 20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിന് ആത്മവിശ്വാസം പകരുമെന്നതിൽ തർക്കമൊന്നുമില്ല. ഐപിഎല്ലിലുടനീളം ഈ ഫോം തുടരുകയാണെങ്കിൽ സഞ്ജു ലോകകപ്പിൽ ഒന്നാം നമ്പർ വിക്കറ്റ് കീപ്പറാവുമെന്നത് സംശയമില്ലാത്ത കാര്യമാണ്. ഐപിഎല്ലിൽ 200 സിക്‌സുകൾ തികക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമെന്ന റെക്കോർഡും സഞ്ജു സ്വന്തം പേരിലാക്കിയിരുന്നു.
സഞ്ജുവിനെ ടി20 ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോൾ രാജസ്ഥാൻ ഡയറക്റ്റർ കുമാർ സംഗക്കാര. "ഏറെ സവിശേഷതയുള്ള താരമാണ് സഞ്ജു. ഊർജസ്വലനും ഫ്രഷും ആയിരിക്കുമ്പോൾ അവനെ ആർക്കും തടുക്കാൻ സാധിക്കില്ല. ആളുകളോട് എളിമയോടെ മാത്രം ഇടപ്പെടുന്ന സഞ്ജു സോഷ്യൽ മീഡിയയിലും അധികം ആക്റ്റീവല്ല. സ്വകാര്യത ഏറെ ഇഷ്ടപ്പെടുന്നു അവൻ. ടീമിനൊപ്പമുള്ളവരേയും സഞ്ജു പരിഗണിക്കുന്നു. ഒരു ക്രിക്കറ്റർക്ക് വേണ്ട വലിയ ഗുണങ്ങളാണിവ. ലോകകപ്പിന് പോകുന്ന സംഘത്തിൽ നിന്ന് സഞ്ജു അസാധാരണ പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്." സംഗക്കാര പറഞ്ഞു.
സഞ്ജുവിന്റെ ഈ സീസണിലെ ഫോമിനെ കുറിച്ചും സംഗക്കാര സംസാരിച്ചു. "ഈ സീസണിൽ സഞ്ജുവിന് വലിയ മാറ്റമുണ്ടായി. താൻ ബാറ്റ് ചെയ്യേണ്ട രീതിയെക്കുറിച്ച് അവനിപ്പോൾ വ്യക്തതയുണ്ട്. മുമ്പ്, മത്സരത്തിന്റെ ചില ഘട്ടങ്ങളിൽ അദ്ദേഹത്തിന് ഏകാഗ്രത നഷ്ടപ്പെടാറുണ്ട്. കഴിഞ്ഞ സീസണുകളിൽ അതിനെ കുറിച്ച് ഞങ്ങൾ സംസാരിക്കുമായിരുന്നു. ഇത്തവണ അത് മാറ്റി. മാനസികമായും ശാരീരികമായും തളർന്നിരിക്കുന്നതിന് പകരം വിശ്രമമെടുക്കുന്നതിന്റെ പ്രധാന്യത്തെ കുറിച്ചും സഞ്ജുവിനിപ്പോൾ അറിയാം. ബാക്കിയുള്ളത് അവന്റെ അസാധാരണമായ കഴിവാണ്." സംഗക്കാര വ്യക്തമാക്കി.
ഡൽഹി കാപിറ്റൽസിനെതിരെ അവസാന മത്സരത്തിൽ 46 പന്തിൽ 86 റൺസ് നേടിയിരുന്നു സഞ്ജു. എന്നാൽ രാജസ്ഥാൻ പരാജയപ്പെട്ടു. ഡൽഹി ഉയർത്തിയ 222 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ രാജസ്ഥാന് വേണ്ടി സഞ്ജു പൊരുതിയെങ്കിലും 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.