ധരംശാല: ഐപിഎല്ലിൽ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് തോറ്റതോടെ പഞ്ചാബ് കിങ്സ് പ്ലേ ഓഫ് കാണാതെ പുറത്ത്. ധരംശാലയിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ 60 റൺസിന് തോറ്റതോടെയാണ് പഞ്ചാബ് പുറത്തായത്. അതേസമയം മിന്നും ജയത്തോടെ ആർസിബി പേ ഓഫിനുള്ള വിദൂര സാധ്യത നിലനിർത്തി.

ആർസിബി മുന്നോട്ടുവച്ച 242 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബ് പതിനേഴ് ഓവറിൽ 181 റൺസിന് എല്ലാവരും പുറത്തായി. പഞ്ചാബിന് വേണ്ടി 27 പന്തിൽ 61 റൺസെടുത്ത റിലീ റൂസോയും 19 പന്തിൽ 37 റൺസ് എടുത്ത ശശാങ്ക് സിംഗും മാത്രമെ പൊരുതിയുള്ളു. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ലോക്കി ഫെർഗൂസൺ, സ്വപ്നിൽ സിങ്, കരൺ ശർമ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

ശശാങ്ക് സിങ് (37), ജോണി ബെയർസ്റ്റോ (27), സാം കറൻ (22) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. പ്രഭ്സിമ്രാൻ സിങ് (6), ജിതേശ് ശർമ (5), ലിയാം ലിവിങ്സ്റ്റൺ (0), അഷുതോഷ് ശർമ (8), ഹർഷൽ പട്ടേൽ (0), അർഷ്ദീപ് സിങ് (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രാഹുൽ ചാഹർ (5) പുറത്താവാതെ നിന്നു.

വിരാട് കോലിയുടെ (47 പന്തിൽ 92) ഇന്നിങ്സാണ് ആർസിബിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. രജത് പടീധാർ 23 പന്തിൽ 55 റൺസെടുത്തു. കാമറോൺ ഗ്രീൻ (27 പന്തിൽ 46), ദിനേശ് കാർത്തിക് (7 പന്തിൽ 18) എന്നിവരും തിളങ്ങി.

നേരത്തെ, അത്ര മികച്ചതായിരുന്നില്ല ആർസിബിയുടെ തുടക്കം. സ്‌കോർബോർഡിൽ 43 റൺസ് ചേർക്കുന്നതിനിടെ ഫാഫ് ഡു പ്ലെസിസ് (9), വിൽ ജാക്സ് (12) എന്നിവരുടെ വിക്കറ്റുകൾ ആർസിബിക്ക് നഷ്ടമായി. പിന്നീട് കോലി - രജത് സഖ്യമാണ് ആർസിബിയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്. ഇരുവരും 76 റൺസ് കൂട്ടിചേർത്തു. എന്നാൽ 10-ാം ഓവറിന്റെ അവസാന പന്തിൽ പടിധാറെ സാം കറൻ പുറത്താക്കി. തുടർന്നെത്തിയ ഗ്രീനും കൊലിക്കൊപ്പം ഗംഭീര കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 92 റൺസാണ് ചേർത്തത്.

എന്നാൽ 18-ാം ഓവറിൽ സെഞ്ചുറിക്ക് എട്ട് റൺസ് അകലെ കോലി വീണു. അർഷ്ദീപ് സിംഗിനായിരുന്നു വിക്കറ്റ്. ആറ് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു കോലിയുടെ ഇന്നിങ്സ്. തുടർന്നെത്തിയ ദിനേശ് കാർത്തിക് (7 പന്തിൽ 18) നിർണായക സംഭാവന നൽകി. അവസാന ഓവറിലാണ് കാർത്തിക് മടങ്ങുന്നത്. മഹിപാൽ ലോംറോർ (0) അതേ ഓവറിൽ പുറത്തായി. ഓവറിലെ അവസാന പന്തിൽ ഗ്രീനും മടങ്ങി. 27 പന്ത് നേരിട്ട ഗ്രീൻ ഒരു സിക്സും അഞ്ച് ഫോറും നേടി. ഹർഷൽ പട്ടേൽ പഞ്ചാബിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. വിദ്വത് കവേരപ്പയ്ക്ക് രണ്ട് വിക്കറ്റുണ്ട്.