മുംബൈ: ട്വന്റി 20 ലോകകപ്പോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം രാഹുൽ ദ്രാവിഡ് ഒഴിഞ്ഞേക്കും. ദ്രാവിഡിന്റെ കരാർ നീട്ടിയേക്കില്ലെന്ന് ബിസിസിഐ സൂചിപ്പിച്ചു. പുതിയ പരിശീലകനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടൻ പുറത്തിറങ്ങുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ട്വന്റി 20 ലോകകപ്പോടെ ദ്രാവിഡുമായി നിലവിലുള്ള കരാർ അവസാനിക്കും. പുതിയ പരിശീലകനെ ദീർഘകാലത്തേക്ക് നിയമിക്കുമെന്നും പ്രാരംഭ കാലയളവ് മൂന്ന് വർഷത്തേക്ക് തുടരുമെന്നും ജയ് ഷാ സ്ഥിരീകരിച്ചു.

പുതിയ കോച്ചിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ജയ് ഷാ വ്യക്തമാക്കിയതിങ്ങനെ... "ദ്രാവിഡിന്റെം കാലാവധി ജൂൺ വരെ മാത്രമാണ്. അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ അങ്ങനെ ചെയ്യാം. കോച്ചിങ് സ്റ്റാഫിലെ മറ്റ് അംഗങ്ങളെ പുതിയ പരിശീലകനുമായി ആലോചിച്ച ശേഷം തീരുമാനിക്കും." ഷാ പറഞ്ഞു. വിദേശ പരിശീലകർക്കുള്ള സാധ്യതയും അദ്ദേഹം തള്ളികളഞ്ഞില്ല. വിവിധ ഫോർമാറ്റുകൾക്ക് വ്യത്യസ്ത പരിശീലകരെന്ന രീതി ബിസിസിഐ പിന്തുടരില്ലെന്ന സൂചനയും അദ്ദേഹം നൽകി.

2021 നവംബറിൽ ടീമിനൊപ്പം ചേർന്ന ദ്രാവിഡിന്റെ കരാർ ഏകദിന ലോകകപ്പിനു ശേഷം പുതുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിലവിൽ ജൂൺ വരെയാണ് രാഹുൽ ദ്രാവിഡിന് ബിസിസിഐയുമായി കരാറുള്ളത്. ട്വന്റി20 ലോകകപ്പിനു ശേഷം ബിസിസിഐ പുതിയ പരിശീലകനെ നിയമിക്കുമെന്നാണു കരുതുന്നത്.

പരിശീലക സ്ഥാനത്തേക്കു രാഹുൽ ദ്രാവിഡിനു വീണ്ടും അപേക്ഷ നൽകാമെന്നും, എന്നാൽ നേരിട്ട് കരാർ പുതുക്കുന്നതിനു താൽപര്യമില്ലെന്നും ജയ് ഷാ പ്രതികരിച്ചു. "രാഹുൽ ദ്രാവിഡിനു ജൂൺ വരെയാണ് കാലാവധിയുള്ളത്. താൽപര്യമുണ്ടെങ്കിൽ അദ്ദേഹത്തിന് വീണ്ടും അപേക്ഷ സമർപ്പിക്കാനുള്ള അവകാശമുണ്ട്. വിദേശ പരിശീലകൻ വേണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ബിസിസിഐയുടെ ഉപദേശക സമിതിയാണ്."

"ഓരോ ഫോർമാറ്റുകളിലും ഓരോ പരിശീലകർ ആവശ്യമാണോയെന്ന കാര്യവും ഉപദേശക സമിതിയാണു തീരുമാനിക്കുന്നത്. ഇന്ത്യയിൽ വിരാട് കോലി, രോഹിത് ശർമ, ഋഷഭ് പന്ത് തുടങ്ങിയ നിരവധി താരങ്ങൾ എല്ലാ ഫോർമാറ്റുകളിലും കളിക്കുന്നവരാണ്. നിലവിൽ ഓരോ ഫോർമാറ്റിലും വെവ്വേറെ പരിശീലകരുടെ ആവശ്യമില്ല." ജയ് ഷാ മാധ്യമങ്ങളോടു പറഞ്ഞു. ഐപിഎല്ലിലെ ഇംപാക്ട് പ്ലേയർ നിയമം പരീക്ഷണ ഘട്ടത്തിലാണെന്നും ഇതു തുടരണോയെന്നു ടീമുകളുമായി ചർച്ച ചെയ്തു തീരുമാനിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.

ചാമ്പ്യൻസ് ലീഗ് ടി20 ടൂർണമെന്റ് പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര കളിക്കാരുടെ പ്രതിഫലം വർദ്ധിപ്പിക്കുന്നത് അതത് സംസ്ഥാന അസോസിയേഷനുകൾക്ക് വിടും. സെൻട്രൽ കരാറിൽ എ ഗ്രേഡ് ലഭിച്ച ഹാർദിക് പാണ്ഡ്യ നിശ്ചിത ഓവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ സമ്മതിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ (എൻസിഎ) ഹൈ-പെർഫോമൻസ് സെന്റർ ഓഗസ്റ്റ് മുതൽ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം ഉറപ്പ് നൽകി.